‘എനിക്ക് എൻ.എസ്.എസിനെ കുറിച്ച് പരാതി ഒന്നുമില്ല’; പിന്നോട്ടടിച്ച് ആനന്ദബോസ്, ബി.ജെ.പി സമ്മർദമെന്ന് സൂചന
text_fieldsന്യൂഡൽഹി: എൻ.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായർക്കെതിരെ പരസ്യമായി ഒളിയമ്പെയ്ത പശ്ചിമ ബംഗാൾ ഗവർണർ സി.വി. ആനന്ദ ബോസ് ഒടുവിൽ നിലപാട് മയപ്പെടുത്തി. തനിക്ക് എൻ.എസ്.എസിനെ കുറിച്ച് പരാതിയില്ലെന്നും മന്നം സമാധിയിൽ പുഷ്പാർച്ചനക്ക് അവസരം കിട്ടിയില്ല എന്നത് മാത്രമാണ് നൊമ്പരമെന്നും അദ്ദേഹം പുറത്തുവിട്ട വിഡിയോയിൽ പറഞ്ഞു.
കഴിഞ്ഞ ദിവസം ഡൽഹിയിൽ നടത്തിയ പ്രസംഗത്തിൽ സുകുമാരൻ നായരെ കാവല്‍ക്കാരനെന്നും ഗേറ്റ് കീപ്പറെന്നും വിളിച്ചതിന് പിന്നാലെയാണ് പിന്മാറ്റം. എൻ.എസ്.എസിനെ ശത്രുപക്ഷത്ത് നിർത്തുന്നത് പാർട്ടിക്ക് ദോഷം ചെയ്യുമെന്ന ബി.ജെ.പിയുടെ സമ്മർദത്തെ തുടർന്നാണ് നിലപാട് മയപ്പെടുത്തിയതെന്നാണ് സൂചന.
‘എന്റെ പേരിൽ ഒരുവിവാദം ഉണ്ടാക്കുന്നതിൽ എനിക്ക് താൽപര്യം ഇല്ല. ഇതിൽ ഒരു കാര്യം വ്യക്തമാക്കുകയാണ്. എനിക്ക് എൻ.എസ്.എസിനെ കുറിച്ച് പരാതി ഒന്നുമില്ല. ഞാൻ ചെന്ന വേളയിൽ എന്നെ ഹൃദ്യമായി സ്വീകരിച്ചു. പുഷ്പാർച്ചന നടത്താനുള്ള അവസരം കിട്ടിയില്ല എന്നത് മാത്രമാണ് എന്റെ മനസ്സിൽ നൊമ്പരമുണ്ടാക്കിയത്. ഇതിനപ്പുറത്തേക്കൊന്നുമില്ല എന്ന് വ്യക്തമാക്കാൻ ഞാൻ ആഗ്രഹിക്കുന്നു’ -വിവാദത്തിന് ശേഷം പുറത്തിറക്കിയ വിഡിയോ സന്ദേശത്തിൽ ആനന്ദബോസ് വ്യക്തമാക്കി.
പെരുന്നയിലെ മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്താന്‍ തന്നെ അനുവദിച്ചില്ലെന്ന് കഴിഞ്ഞ ദിവസം ഡൽഹിയിൽ എന്‍എസ്എസ് ദല്‍ഹിയുടെ മന്നം ജയന്തി ഉദ്ഘാടന ചടങ്ങിൽ ആനന്ദ ബോസ് പ്രസംഗിച്ചിരുന്നു. ‘ബംഗാള്‍ ഗവര്‍ണറായി ചുമതലയേല്‍ക്കുന്നതിന് മുമ്പ് മന്നത്താചാര്യന്റെ സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തണമെന്ന് ആഗ്രഹിച്ചു. എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയുമായി അപ്പോയിന്റ്മെന്റ് കിട്ടി. അവിടെ ചെന്നു, ജനറല്‍ സെക്രട്ടറി കാറിന്റെ അടുത്തുവന്നു, ഡോര്‍ തുറന്ന് സ്വീകരിച്ചു. ചായ തന്നു, സംസാരിച്ചു. കാറില്‍ കയറ്റി തിരികെ അയയ്‌ക്കുകയും ചെയ്തു. സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തുന്ന കാര്യം ഒന്നും പറഞ്ഞില്ല. കരയോഗം നായരായ എനിക്ക് സമാധിയില്‍ പുഷ്പാര്‍ച്ചന നടത്താന്‍ അവകാശമില്ലേ, നായര്‍ സമുദായത്തില്‍ പിറന്ന ഓരോരുത്തരും ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും മന്നത്താചാര്യന്റെ സമാധിയില്‍ പോയി പുഷ്പാര്‍ച്ചന നടത്തേണ്ടതല്ലേ, അവകാശമല്ലേ. കാരണവന്‍മാരെ ബഹുമാനിക്കുകയെന്നത് ആരെങ്കിലും ഒരാളുടെ കുത്തക അവകാശമാണോ?. കാവല്‍ക്കാര്‍ ഒരുകാര്യം ഓര്‍ക്കണം, ഗേറ്റ് കീപ്പര്‍മാരെ കാണാനല്ല ജനങ്ങള്‍ വരുന്നത്. ഇപ്പോഴുള്ളവരെ കാണാനല്ല, അവരെ ബഹുമാനിക്കുന്നുവെന്നത് സത്യമാണ്. പെരുന്നയില്‍ പോകുന്നത് മന്നത്ത് ആചാര്യന് ആദരം അര്‍പ്പിക്കാനാണ്. അതിനുള്ള അവസരം കിട്ടുന്നില്ലെന്നത് സങ്കടപൂര്‍വം പറയുകയാണ്. വേര്‍തിരിവും വിലക്കുമില്ലാതെ എല്ലാവര്‍ക്കും ആദരം അര്‍പ്പിക്കാന്‍ ദല്‍ഹിയില്‍ മന്നത്തിന് ഒരു സ്മാരകം വേണം’ -എന്നായിരുന്നു ഡൽഹിയിൽ പ്രസംഗിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

