കോടിയേരിയുടെ മകന്‍റെ തട്ടിപ്പിനെക്കുറിച്ച് പരാതിയില്ല; അന്വേഷിക്കില്ല: മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകൻ ബിനോയെക്കിരെ ഒരു പരാതിയും സർക്കാറിന് ലഭിച്ചിട്ടില്ലെന്നും സംഭവത്തെക്കുറിച്ച് അന്വേഷിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ച ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി. വളരെ ഗുരുതരമായ ആരോപണമാണ് ബിനോയിക്കെതിരെ ഉയർന്നിട്ടുള്ളതെന്നും അന്വേഷണം വേണമെന്നുമായിരുന്നു പ്രതിപക്ഷത്തിന്‍റെ ആവശ്യം.
എന്നാൽ ആരോപണം ദുരുദ്ദേശ്യപരമാണെന്നും ഇതേക്കുറിച്ച് അന്വേഷിക്കില്ലെന്നും പിണറായി അസന്നിഗ്ദമായിത്തന്നെ പ്രഖ്യാപിച്ചു. ഇതേക്കുറിച്ച് ബിനോയ് കോടിയേരി നൽകിയ വിശദീകരണം മുഖ്യമന്ത്രി സഭയിൽ വായിച്ചു.
ലാവലിൻ കേസിൽ തനിക്കെതിരെ ആരോപണം ഉയർന്നുവന്നിരുന്നു. അന്ന് തന്നെക്കൊണ്ട് രാജിവെപ്പിക്കാൻശ്രമങ്ങളുണ്ടായി. ഈ ആരോപണവും അടിസ്ഥാന രഹിതമാണ്. ഇതേക്കുറിച്ച് അന്വേഷിക്കില്ല. മുഖ്യമന്ത്രി പറഞ്ഞു. ചവറ എം.എൽ.എ വിജയൻപിള്ളയുടെ മകന്‍റെ വിഷയത്തിൽ എഫ്.ഐ.ആർ ഉണ്ട്. ഇക്കാര്യം നിയമപരമായി മുന്നോട്ടുകൊണ്ടുപോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ മറുപടിയിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ വിട്ടിറങ്ങി.
സംസ്ഥാനം ഭരിക്കുന്ന പാർട്ടിയുടെ സെക്രട്ടറിയുടെ മകനെക്കുറിച്ച് ഉയർന്ന ആരോപണത്തിന്‍റെ നിജസ്ഥിതിയെക്കുറിച്ചറിയാൻ ജനങ്ങൾക്ക് അവകാശമുണ്ട് എന്നായിരുന്നു ചെന്നിത്തലയുടെ വാദം. വിഷയം സബ്മിഷനിലൂടെ ഉന്നയിക്കാൻ പ്രതിപക്ഷ നേതാവിന് സ്പീക്കർ അനുമതി നൽകിയില്ല. തുടർന്ന് പ്രതിപക്ഷ നേതാവിന്‍റെ പ്രത്യേക അധികാരം ഉപയോഗിച്ച് രമേശ് ചെന്നിത്തല വിഷയം സഭയിൽ ഉന്നയിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
