ക്രിസ്ത്യൻ വോട്ട് കിട്ടിയില്ല, ഹിന്ദു വോട്ട് കുറഞ്ഞു; ബി.ജെ.പി കോർ കമ്മിറ്റിയിൽ വിമർശനം, '1926 ക്രിസ്ത്യൻ സ്ഥാനാർഥികളെ രംഗത്തിറക്കിയിട്ടും ജയിച്ചത് 25പേർ മാത്രം'
text_fieldsതിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ ക്രിസ്ത്യൻ വോട്ടുകൾ ലഭിച്ചില്ലെന്നും, ഹിന്ദുവോട്ടുകളിൽ കുറവുണ്ടായെന്നും ബി.ജെ.പി കോർ കമ്മിറ്റിയിൽ വിമർശനം. പാർട്ടി ക്രൈസ്തവ സഭകളിൽ വലിയ പ്രതീക്ഷ പുലർത്തിയിട്ടും കോട്ടയം, പത്തനംതിട്ട അടക്കം മധ്യകേരളത്തിൽ കാര്യമായ മുന്നേറ്റമുണ്ടാക്കാനായില്ല.
ക്രൈസ്തവ ഭൂരിപക്ഷ പ്രദേശങ്ങളിലെവിടെയും നേട്ടമില്ല. ക്രിസ്ത്യൻ സമുദായത്തിലെ 1926 സ്ഥാനാർഥികളെ രംഗത്തിറക്കിയിട്ടും 25 പേരാണ് ജയിച്ചത്. പാർട്ടി എം.പിയുള്ള തൃശൂരിൽ പ്രതീക്ഷക്കൊത്ത് ഉയർന്നില്ലെന്നതും ഗൗരവത്തിൽ കാണണമെന്ന് യോഗത്തിൽ അഭിപ്രായമുയർന്നു.
തദ്ദേശ തെരഞ്ഞെടുപ്പിൽ 25 ശതമാനം വോട്ട് ഷെയർ ഉണ്ടാക്കണമെന്നായിരുന്നു ആഭ്യന്തര മന്ത്രി അമിത് ഷാ സംസ്ഥാന നേതൃത്വത്തിന് നൽകിയ നിർദേശം. ആ ലക്ഷ്യം മുൻനിർത്തിയുള്ള പ്രചാരണം നടത്തിയിട്ടും, 90 ശതമാനത്തിലേറെ സീറ്റുകളിൽ പാർട്ടി ചിഹ്നത്തിൽ മത്സരിച്ചിട്ടും വോട്ട് ഷെയർ ഇടിഞ്ഞു.
നിയമസഭ തെരഞ്ഞെടുപ്പിന്റെ പ്രാഥമിക ഒരുക്കം വിലയിരുത്തിയ യോഗം നേതാക്കളോട് മുൻ നിശ്ചയിച്ച മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കാനാണ് നിർദേശിച്ചത്. സ്ഥാനാർഥിത്വത്തിൽ ധാരണകളുണ്ടെങ്കിലും ജനുവരി 11ന് തിരുവനന്തപുരത്ത് അമിത് ഷായുടെ സാന്നിധ്യത്തിൽ ചേരുന്ന സംസ്ഥാന നേതൃയോഗത്തില്‍ അന്തിമമാക്കാനാണ് തീരുമാനം.
ക്രൈസ്തവർക്കെതിരായ അതിക്രമങ്ങൾ: നടക്കുന്നത് പ്രതീക്ഷിക്കാത്ത കാര്യങ്ങൾ -മാർ ജോർജ് ആലഞ്ചേരി
തിരുവനന്തപുരം: രാജ്യത്ത് ഒട്ടും പ്രതീക്ഷിക്കാത്ത കാര്യങ്ങളാണ് സംഭവിക്കുന്നതെന്ന് സീറോ മലബാർ സഭ മുൻ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. ക്രൈസ്തവർക്കെതിരെ നടക്കുന്ന അതിക്രമങ്ങളിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഭാരതത്തിന്റെ ഐക്യം ചോദ്യം ചെയ്യുന്ന കാര്യങ്ങൾ നടക്കുന്നു.
ഇതിനെതിരെ ഭരണാധികാരികള്‍ നടപടിയെടുക്കണം. ക്രൈസ്തവര്‍ അക്രമാസക്തമായി പ്രതികരിക്കില്ല. അത് വിശ്വാസത്തിന്റെ ഭാഗമാണ്. ശിഥിലീകരണ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ഭരണകൂടം നിയമ നടപടിയെടുക്കണം. ഭിന്നശേഷി നിയമന വിഷയത്തിലെ ആശങ്ക പരിഹരിക്കാന്‍ സര്‍ക്കാര്‍ പൂര്‍ണ പിന്തുണ നല്‍കിയിട്ടുണ്ടെന്ന് ആലഞ്ചേരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

