ഏകീകൃത കുർബാനയിൽ മാറ്റമില്ല -പാംപ്ലാനി
text_fieldsകൊച്ചി: എറണാകുളം ആർച്ബിഷപ്പിന്റെ വികാരിയായി നിയമിക്കപ്പെട്ട മാർ ജോസഫ് പാംപ്ലാനി. ചുമതല ഏറ്റെടുത്തശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മേജർ ആർച്ബിഷപ് മാർ റാഫേൽ തട്ടിലിന്റെ സാന്നിധ്യത്തിലാണ് ചുമതലയേറ്റത്. സിനഡ് തീരുമാനിച്ചതും ഫ്രാൻസിസ് മാർപാപ്പ ആവശ്യപ്പെട്ടതുമായ ഏകീകൃത കുർബാന രീതിയിൽനിന്ന് പിന്നോട്ടുപോവുക അസാധ്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഈ തീരുമാനം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട പ്രായോഗിക ബുദ്ധിമുട്ടുകൾ അതിരൂപതയിലെ വൈദികരും അൽമായ നേതാക്കളും അറിയിച്ചതനുസരിച്ച് കഴിഞ്ഞ ജൂലൈയിൽ വിശദീകരണക്കുറിപ്പ് നൽകിയിരുന്നു. കുർബാനയുമായി ബന്ധപ്പെട്ട തീരുമാനങ്ങളിൽ മാറ്റമില്ല. എങ്കിലും ഏകീകൃത കുർബാന ബോധവത്കരണത്തിന്റെ ഭാഗമായി ഞായറാഴ്ചകളിലെ ഒരു കുർബാനയെങ്കിലും ചൊല്ലുന്ന വൈദികർക്കെതിരെ മറ്റുനടപടികളുണ്ടാവില്ല എന്ന കാര്യം നേരത്തേ അറിയിച്ചതാണ്. ഇത് തുടരാൻ തന്നെയാണ് സിനഡ് തീരുമാനം. ഈ ലക്ഷ്യത്തിലേക്ക് അടുക്കാനുള്ള സാവകാശം ലഭിക്കേണ്ടതുണ്ട്.
എറണാകുളം അതിരൂപതയെ കേൾക്കാനും മനസ്സിലാക്കാനും സിനഡ് ആത്മാർഥമായി ആഗ്രഹിക്കുന്നതിന്റെ ഭാഗമായാണ് തനിക്ക് പുതിയ നിയോഗം നൽകിയതെന്നും ഈ ദൗത്യം കൃത്യതയോടെ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാവരെയും കേട്ടും തുറന്ന മനസ്സോടെ ചർച്ച ചെയ്തും കൂട്ടായ തീരുമാനങ്ങളെടുക്കും. രണ്ടുവിഭാഗങ്ങളായി അതിരൂപത പോവരുതെന്നാണ് നിലപാട്. എല്ലാവരും ഒറ്റക്കെട്ടായി നിൽക്കണം. സമരം അവസാനിപ്പിച്ച്, സൗഹൃദത്തിന്റെ മേശക്ക് ചുറ്റുമിരുന്ന് ചർച്ചചെയ്ത് പ്രശ്നങ്ങൾ പരിഹരിക്കുകയാണ് വേണ്ടത്. ചർച്ചക്ക് അതിരൂപത നേതൃത്വം പൂർണസന്നദ്ധമാണ്. അതിരൂപതയിലെ പ്രശ്നങ്ങളെല്ലാം ശാന്തവും സൗമ്യവുമായി പരിഹരിക്കാനാണ് തന്നെ നിയമിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബുദ്ധിമുട്ടുകളൊക്കെ ഉണ്ടായെങ്കിലും സഭ ഏൽപിച്ച കാര്യങ്ങൾ വിശ്വസ്തതയോടെ ചെയ്യാനായതിന്റെ ചാരിതാർഥ്യം ഉണ്ടായിട്ടുണ്ടെന്നും ആർക്കെങ്കിലും എന്തെങ്കിലും ബുദ്ധിമുട്ടുകൾ തന്റെ ഭാഗത്തുനിന്നുണ്ടായിട്ടുണ്ടെങ്കിൽ മാപ്പു ചോദിക്കുന്നതായും സ്ഥാനമൊഴിഞ്ഞ അതിരൂപത അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്റർ മാർബോസ്കോ പുത്തൂർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

