നവീൻ ബാബുവിന്‍റെ മരണത്തിൽ സി.ബി.ഐ അന്വേഷണം വേണ്ട; സിംഗ്ൾ ബെഞ്ച് ഉത്തരവ് ശരിവെച്ച് ഹൈകോടതി
text_fieldsകൊച്ചി: കണ്ണൂർ മുൻ എ.ഡി.എം നവീൻ ബാബുവിന്‍റെ മരണത്തിൽ സി.ബി.ഐ അന്വേഷണം വേണമെന്ന കുടുംബത്തിന്‍റെ ആവശ്യം ഹൈകോടതി ഡിവിഷൻ ബെഞ്ച് തള്ളി. നേരത്തെ കുടുംബത്തിന്‍റെ ആവശ്യം തള്ളിയ സിംഗ്ൾ ബെഞ്ച് ഉത്തരവിനെതിരെ കുടുംബം അപ്പീൽ നൽകുകയായിരുന്നു. ഈ അപ്പീലിലാണ് ഇന്ന് വിധി വന്നിരിക്കുന്നത്. കൊലപാതക സാധ്യതയെന്ന ആരോപണത്തെ സാധൂകരിക്കാൻ ഹരജിക്കാർക്ക് കഴിഞ്ഞില്ലെന്ന് വിലയിരുത്തിയ കോടതി സിംഗ്ൾ ബെഞ്ച് ഉത്തരവ് ശരിവെച്ചു.
വിധിക്കെതിരെ അപ്പീൽ നൽകുന്നതുൾപ്പെടെ തുടർനടപടികൾ ആലോചിച്ച് തീരുമാനിക്കുമെന്ന് നവീൻ ബാബുവിന്‍റെ ഭാര്യ മഞ്ജുഷ പ്രതികരിച്ചു. കേസിൽ നിലവിൽ യാതൊരു അന്വേഷണവും നടക്കുന്നില്ലെന്നും മരണവുമായി ബന്ധപ്പെട്ട യഥാർഥ വിവരങ്ങൾ പുറത്തുവരാൻ സി.ബി.ഐ അന്വേഷണം വേണമെന്നും കുടുംബം പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് യൂട്യൂബ് ചാനലുകളിൽ ഉൾപ്പെടെ നടക്കുന്ന അപവാദ പ്രചാരണങ്ങൾ നിർത്തണമെന്നും കുടുംബം ആവശ്യപ്പെട്ടു.
സംസ്ഥാന പൊലീസിന്റെ അന്വേഷണം അപൂർണമാണ്. ഈ നിയിലുള്ള അന്വേഷണത്തിലൂടെ പ്രതികളെ കണ്ടെത്താനാകില്ല. സിംഗ്ൾ ബെഞ്ച് ഇക്കാര്യങ്ങൾ പരിഗണിക്കാതെയാണ് ഹരജി തള്ളിയത്. സംസ്ഥാന സർക്കാറിന് അന്വേഷിക്കാമെന്ന് സിംഗ്ൾ ബെഞ്ച് പറയുമ്പോഴും ഇത് വസ്തുതാപരമായി നടക്കുമെന്ന് കുടുംബത്തിന് വിശ്വാസമില്ല. അതുകൊണ്ട് സി.ബി.ഐ അന്വേഷണമെന്ന ആവശ്യത്തിൽ തങ്ങൾ ഉറച്ചുനിൽക്കുന്നു. ഡിവിഷൻ ബെഞ്ച് ഇക്കാര്യങ്ങൾ പരിഗണിക്കണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടിരുന്നു.
നേരത്തെ, നവീൻ ബാബുവിന്റെ കുടുംബം ആരോപിക്കുന്നതു പോലെ കൊലപാതകത്തിന് തെളിവൊന്നും ലഭിച്ചിട്ടില്ലെന്ന് അന്വേഷണ സംഘം കോടതിയിൽ വ്യക്തമാക്കിയിരുന്നു. കുടുംബത്തിന്റെ സംശയങ്ങൾ പരിഹരിക്കാനുള്ള അന്വേഷണം നടത്തുമെന്ന് സർക്കാർ ഉറപ്പുനൽകിയിരുന്നു. ആത്മഹത്യ പ്രേരണക്കുറ്റത്തിന് പ്രതി ചേർക്കപ്പെട്ട പി.പി. ദിവ്യക്ക് യാതൊരു പരിഗണനയും നൽകില്ലെന്നും സർക്കാർ കോടതിയിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ പ്രതിയോ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചതെന്ന് ഹരജിക്കാരി പറയുന്നു.
എ.ഡി.എമ്മിന്റെ യാത്രയയപ്പ് യോഗത്തിൽ കണ്ണൂർ ജില്ല പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി. ദിവ്യ അഴിമതിക്കാരനായി ചിത്രീകരിച്ച് പ്രസംഗിച്ചതിന് പിന്നാലെ കഴിഞ്ഞ ഒക്ടോബർ 15നാണ് നവീൻ ബാബുവിനെ കണ്ണൂരിലെ ക്വാർട്ടേഴ്സിൽ മരിച്ചനിലയിൽ കണ്ടത്. ആത്മഹത്യ പ്രേരണക്കുറ്റത്തിന് അറസ്റ്റിലായ ദിവ്യ ജാമ്യത്തിലാണ്. മരണം കൊലപാതകമാണെന്ന് സംശയമുണ്ടെന്നും അതിന് പിൻബലമായ വസ്തുതകളുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് മഞ്ജുഷ കോടതിയെ സമീപിച്ചത്. സി.പി.എം ജില്ല കമ്മിറ്റി അംഗമായിരുന്ന ദിവ്യക്ക് ഉന്നത രാഷ്ട്രീയ സ്വാധീനമുള്ളതിനാൽ പൊലീസിൽ നിന്ന് നിഷ്പക്ഷമായ അന്വേഷണം പ്രതീക്ഷിക്കുന്നില്ലെന്നും ആരോപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

