ദുർമന്ത്രവാദവും ആഭിചാരവും വേണ്ട; നിരോധന നിയമത്തിന് കരടായി
text_fieldsതിരുവനന്തപുരം: ജീവപര്യന്തം ശിക്ഷ വരെ ശിപാർശ ചെയ്ത് ദുർമന്ത്രവാദ-ആഭിചാര നിരോധന നിയമത്തിന്റെ കരട് വിദഗ്ധ സമിതി സർക്കാറിന് കൈമാറി. നരബലി, ജീവനോടെ കുഴിച്ചിടൽ, ലൈംഗികാതിക്രമം, മർദനം, ആഭരണങ്ങൾ കൈക്കലാക്കൽ ഉൾപ്പെടെ 22 കുറ്റകൃത്യങ്ങൾ ഉൾപ്പെടുത്തിയാണ് മുൻ നിയമ സെക്രട്ടറി കൂടിയായ കെ. ശശിധരൻ നായരും മുൻ ഡി.ജി.പി ജേക്കബ് പുന്നൂസുമടങ്ങുന്ന വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ചത്.
നരബലി, ജീവനോടെ കുഴിച്ചിടൽ, മരണ കാരണമായ മറ്റു പ്രവൃത്തികൾ എന്നിവ ഉൾപ്പെടെയുള്ള കൃത്യങ്ങൾക്ക് ജീവപര്യന്തം ശിക്ഷയാണ് ശിപാർശ ചെയ്തത്. ആഭിചാരക്രിയകളുടെ പേരിൽ ലൈംഗികാക്രമണം, ബലാത്സംഗം, മാരകമായി പരിക്കേൽപ്പിക്കുക, അംഗഭംഗം വരുത്തുക, ആരോഗ്യത്തിന് ദോഷകരമായ വസ്തുക്കൾ നിർബന്ധപൂർവം കഴിപ്പിക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങൾക്ക് 10 വർഷം വരെ തടവും പിഴയുമാണ് കരടിലെ ശിപാർശ. ബാധയൊഴിപ്പിക്കാനെന്ന പേരിലെ ശാരീരിക അതിക്രമങ്ങൾ, മർദനം, ലഹരി പദാർഥങ്ങൾ നൽകുക, സ്ത്രീകളെ അധിക്ഷേപിക്കുക, പണവും ആഭരണങ്ങളും കൈക്കലാക്കുക, രോഗങ്ങൾക്ക് ചികിത്സ നിഷേധിക്കുക, ഗർഭച്ഛിദ്രം, അമാനുഷിക ശക്തികളുടെ പേരിൽ ഭീഷണിപ്പെടുത്തൽ എന്നിവക്ക് ഏഴുവർഷം വരെ തടവും പിഴയാണ് കരടിൽ നിഷ്കർഷിക്കുന്നത്.
അമാനുഷികമോ അസാധാരണമായതോ ആയ ശക്തികളുണ്ടെന്ന് അവകാശപ്പെട്ട് ജനങ്ങളെ വഞ്ചിക്കുക, ഭീഷണിപ്പെടുത്തുക, ചൂഷണം ചെയ്യുക, ശാരീരികമോ മാനസികമോ സാമ്പത്തികമോ ആയ ദോഷം വരുത്തുക തുടങ്ങിയ പ്രവൃത്തികൾ തടയുകയാണ് ബില്ല് പ്രധാനമായും ലക്ഷ്യംവെക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

