തുടർഭരണം ഉറപ്പായതിനാൽ ആനുകൂല്യങ്ങളൊന്നും മുടങ്ങില്ല -എം.വി. ഗോവിന്ദൻ
text_fieldsഎം.വി. ഗോവിന്ദൻ
തിരുവനന്തപുരം: തുടർഭരണം ഉറപ്പായതിനാൽ സർക്കാർ പ്രഖ്യാപിച്ച എല്ലാ ആനുകൂല്യങ്ങളും തുടർന്നും ലഭിക്കുമെന്നതിൽ ആർക്കും ആശങ്ക വേണ്ടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കേരളം അതിദാരിദ്ര്യ മുക്തമായതടക്കം വലിയ നേട്ടമാണ്. എന്നാൽ, അവയെല്ലാം മറച്ചുപിടിക്കാനുള്ള ശ്രമമാണ് കോൺഗ്രസ്, ബി.ജെ.പി നേതാക്കൾ നടത്തുന്നതെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു.
പി.എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് സർക്കാർ തലത്തിൽ തീരുമാനിച്ച പ്രകാരം കാര്യങ്ങൾ നടക്കും. കേന്ദ്രത്തിന് കത്തയക്കും. കേരളത്തിന് ലഭിക്കാനുള്ള ഫണ്ടും പി.എം ശ്രീയും തമ്മിൽ ബന്ധമില്ല.
ജമാഅത്തെ ഇസ്‍ലാമിയുടെ ആശയ നേതൃത്വമാണ് യു.ഡി.എഫിന്. സംസ്ഥാന വ്യാപകമായി ജമാഅത്തെ ഇസ്‍ലാമിക്കൊപ്പം കൂട്ടുകക്ഷിയായി പ്രവർത്തിക്കാനാണ് യു.ഡി.എഫ് തീരുമാനം. ഇത് ഗൗരവമുള്ള വിഷയമാണ്. മതരാഷ്ട്ര വാദത്തെ ഞങ്ങൾ പിന്തുണക്കുമെന്ന് ജമാഅത്തെ ഇസ്‍ലാമി വീണ്ടും പ്രഖ്യാപിച്ച സാഹചര്യത്തിലാണ് കോൺഗ്രസ് കൂട്ടുചേരുന്നത്. പരസ്യ കൂട്ടുകെട്ടില്ലെന്നാണ് കോഴിക്കോട് ഡി.സി.സി പ്രസിഡന്‍റ് പ്രഖ്യാപിച്ചത്. അതിന്‍റെയർഥം രഹസ്യ കൂട്ടുകെട്ടുണ്ടാക്കുമെന്നാണ്. മുസ്‍ലിം ലീഗും ജമാഅത്തെ ഇസ്‍ലാമിയുമായി ചർച്ച നടത്തുകയാണ്.
തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്ന ഘട്ടത്തിൽ ഇടതുമുന്നണി എല്ലായിടത്തും സ്ഥാനാർഥികളെ പ്രഖ്യാപിക്കും. സീറ്റ് ചർച്ചയിലും സ്ഥാനാർഥി നിർണയത്തിലുമടക്കം എവിടെയും പ്രശ്നങ്ങളില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

