എല്ലാ മതചടങ്ങുകളിലും യൂനിഫോം വിലക്കില്ലെന്ന് പൊലീസ്
text_fieldsകൊച്ചി: യൂനിഫോമിൽതന്നെ ഹാജരാകുന്ന മതപരമായ രീതികളില്ലാത്ത ചടങ്ങുകളിലാണ് പൊലീസ് ഉദ്യോഗസ്ഥർക്ക് യൂനിഫോം വിലക്കിയതെന്ന് ഹൈകോടതിയിൽ. ക്ഷേത്രോത്സവങ്ങളടക്കം നിലവിൽ യൂനിഫോമിൽ ഹാജരാകുന്നിടങ്ങളിൽ ഒരു വിലക്കും കൊണ്ടുവന്നിട്ടില്ലെന്ന് പൊലീസ് ആസ്ഥാനത്തെ എ.ഐ.ജി ജയ്ദേവ് സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറഞ്ഞു.
കാലങ്ങളായി തുടരുന്ന ആചാരങ്ങളടക്കം കണക്കിലെടുക്കാതെ ക്ഷേത്രചടങ്ങുകളിലും മറ്റും പൊലീസ് ഉദ്യോഗസ്ഥർ യൂനിഫോമിൽ ഹാജരാകുന്നത് വിലക്കി ഡി.ജി.പി പുറപ്പെടുവിച്ച സർക്കുലർ ചോദ്യം ചെയ്ത് തിരുവനന്തപുരം സ്വദേശി ഡോ. പി.എസ്. മഹേന്ദ്ര കുമാർ നൽകിയ ഹരജിയിലാണ് വിശദീകരണം നൽകിയത്. വിശദീകരണം രേഖപ്പെടുത്തിയ ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ച് ഹരജി തീർപ്പാക്കി. ഹരജിക്കാരന്റെ വാദം തള്ളിയാണ് സർക്കുലറിൽ വ്യക്തത വരുത്തി പൊലീസ് വിശദീകരണം നൽകിയത്. യൂനിഫോമിൽ ഹാജരാകുന്ന രീതി ഇപ്പോൾ നിലവിലില്ലാത്തിടങ്ങളിൽ അങ്ങനെ ഹാജരാകരുതെന്ന നിർദേശം പൊലീസ് സേനയുടെ മതേതരത്വവും നിഷ്പക്ഷതയും നിലനിർത്തുന്നതിന്റെ ഭാഗമാണെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. സർക്കുലർ നേരത്തെ ഹൈകോടതി സ്റ്റേ ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

