അതിജീവിതയെ അധിക്ഷേപിച്ച രാഹുൽ ഈശ്വറിന് ജാമ്യമില്ല; 14 ദിവസം റിമാൻഡിൽ
text_fieldsതിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എൽ.എ പ്രതിയായ ലൈംഗികാതിക്രമ കേസിലെ പരാതിക്കാരിയെ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ചെന്ന കേസില്‍ അറസ്റ്റിലായ രാഹുല്‍ ഈശ്വറിനെ റിമാന്‍ഡ് ചെയ്തു. രാഹുല്‍ സമര്‍പ്പിച്ച ജാമ്യഹരജി തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി തള്ളിക്കൊണ്ടാണ് ഡിസംബര്‍ 15 വരെ റിമാന്‍ഡ് ചെയ്തത്. രാഹുലിനെ പൂജപ്പുര ജില്ല ജയിലിലേക്ക് മാറ്റി. ജയിലില്‍ നിരാഹാരമിരിക്കുമെന്നും കേസിനെ നിയമപരമായി നേരിടുമെന്നും രാഹുല്‍ ഈശ്വര്‍ മാധ്യമങ്ങളോട് പറഞ്ഞു.
പരാതിക്കാരിയെ തിരിച്ചറിയുന്നതരത്തില്‍ വിവരങ്ങള്‍ പങ്കുവെച്ചെന്ന് ചൂണ്ടിക്കാട്ടി ശനിയാഴ്ചയാണ് രാഹുല്‍ ഈശ്വറിനെ സൈബർ പൊലീസ് അറസ്റ്റ് ചെയ്തത്. ഒരു മണിക്കൂർ നീണ്ട വാദമാണ് കോടതിയിൽ നടന്നത്. അറസ്റ്റ് നിയമപരമല്ലെന്നും പിടികൂടിക്കഴിഞ്ഞാണ് നോട്ടിസ് നല്‍കിയതെന്നും രാഹുല്‍ കോടതിയെ അറിയിച്ചു. എന്നാല്‍, നോട്ടിസ് കൈപ്പറ്റിയില്ലെന്നും അതിജീവിതയെ മോശമാക്കുന്ന രീതിയില്‍ രാഹുല്‍ പ്രവര്‍ത്തിച്ചെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. പരാതിക്കാരിയുടെ ചിത്രം രാഹുലിന്‍റെ ലാപ്‌ടോപ്പിലുണ്ടെന്നും രാഹുലിന്‍റ വിഡിയോ യുവതിയെ അപമാനിക്കുംവിധമാണെന്നും പൊലീസ് കോടതിയെ അറിയിച്ചു. രാഹുല്‍ സ്ഥിരമായി ഇത്തരം കാര്യം ചെയ്യുന്ന ആളാണെന്നും പ്രോസിക്യൂഷൻ കോടതിയില്‍ ബോധിപ്പിച്ചു. രാഹുൽ ഈശ്വർ രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ചുകൊണ്ട് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വിഡിയോകള്‍ പരിശോധിച്ചശേഷമാണ് കോടതി റിമാന്‍ഡിന് ഉത്തരവിട്ടത്.
പൊലീസ് ഹാജരാക്കിയ ദൃശ്യങ്ങളടങ്ങിയ രേഖകൾ അവഗണിക്കാൻ കഴിയില്ലെന്ന് കോടതി നിരീക്ഷിച്ചു. തിങ്കളാഴ്ച പൗഡിക്കോണത്തെ വീട്ടിലെത്തിച്ച് തെളിവെടുത്ത ശേഷമാണ് കോടതിയില്‍ ഹാജരാക്കിയത്. വീട്ടിൽനിന്ന് രാഹുലിന്‍റെ ലാപ് ടോപ് പിടിച്ചെടുത്തു. രാഹുലിനൊപ്പം പ്രതിചേർക്കപ്പെട്ട കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ, മഹിള കോൺഗ്രസ് പത്തനംതിട്ട ജില്ല സെക്രട്ടറി രജിത പുളിക്കൻ, സുപ്രീംകോടതി അഭിഭാഷക ദീപ ജോസഫ് എന്നിവർക്കെതിരെയും നടപടിയുണ്ടാകും. ഇവർക്ക് ഹാജരാകാൻ സൈബർ പൊലീസ് നോട്ടീസ് നൽകും. പരാതിക്കാരിക്കെതിരെ മോശം കമന്‍റിട്ടവർക്കെതിരെയും കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു. പരാതിക്കാരിക്കെതിരായ മോശം പരാമര്‍ശങ്ങള്‍ നീക്കംചെയ്യാൻ ഫേസ്ബുക്കിനോടും പൊലീസ് ആവശ്യപ്പെട്ടു.
രാഹുൽ ഈശ്വർ റിമാൻഡിലായതിന് പിന്നാലെ മുൻകൂർ ജാമ്യംതേടി സന്ദീപ് വാര്യർ
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എൽ.എക്കെതിരെ ലൈംഗിക പീഡന പരാതി നൽകിയ അതിജീവിതക്കു നേരെയുള്ള സൈബർ അധിക്ഷേപ കേസിൽ മുൻകൂർ ജാമ്യപേക്ഷ നൽകി കെ.പി.സി.സി ജനറൽ സെക്രട്ടറി സന്ദീപ് വാര്യർ. കേസില്‍ അഞ്ചാം പ്രതിയായ രാഹുല്‍ ഈശ്വർ അറസ്റ്റിലായി കോടതി ജാമ്യാപേക്ഷ തള്ളി റിമാൻഡിലാകുകയും ചെയ്തതിനു പിന്നാലെയാണ് നാലാം പ്രതിയായ സന്ദീപ് വാര്യർ തിങ്കളാഴ്ച തിരുവനന്തപുരം ജില്ല സെഷന്‍സ് കോടതിയില്‍ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്.
സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് പേജിലെ ഒരു വർഷം മുമ്പുള്ള ചിത്രം പ്രചരിപ്പിച്ചായിരുന്നു അതിജീവിതക്കെതിരെ കൂടുതലും അധിക്ഷേപം. തുടർന്ന് സന്ദീപ് വാര്യർ പോസ്റ്റ് പിൻവലിച്ചിരുന്നു.
സൈബർ ഗ്രൂപ്പുകളും കുടുങ്ങും
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിൽ എം.എൽ.എക്കെതിരെ പരാതി നല്‍കിയ അതിജീവിതയെ അധിക്ഷേപിച്ച സൈബർ ഗ്രൂപ്പുകളും കുടുങ്ങും. അതിജീവിതയെ സമൂഹമാധ്യമങ്ങളിൽ അപമാനിച്ചാൽ കർശന നടപടിയെടുക്കുമെന്ന് സൈബര്‍ ഓപറേഷൻ ചുമതലയുള്ള എ.ഡി.ജി.പി എസ്. ശ്രീജിത്ത് വ്യക്തമാക്കി. ഇരക്ക് സംരക്ഷണം കൊടുക്കാൻ പൊലീസ് ബാധ്യസ്ഥരാണ്. അതിജീവിതയുടെ സ്വത്വം വെളിപ്പെടുത്താന്‍ പാടില്ലെന്നും അദ്ദേഹം അറിയിച്ചു.
സമൂഹമാധ്യമ അക്കൗണ്ടുകൾ നിരീക്ഷണത്തിലാണ്. അപമാനിക്കുന്നവരുടെ ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുക്കാന്‍ ജില്ല പൊലീസ് മേധാവിമാർക്ക് ഡി.ജി.പി നിർദേശം നല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

