മണിപ്പൂർ വെടിയൊച്ചയിൽ തന്നെ; ആരെയും അറസ്റ്റ് ചെയ്യാതെ സി.ബി.ഐ
text_fieldsഇംഫാൽ/ന്യൂഡൽഹി: അക്രമങ്ങൾ തുടരുന്ന മണിപ്പൂരിൽ തീവ്രവാദികൾ തമ്മിലുണ്ടായ വെടിവെപ്പിൽ രണ്ടു സുരക്ഷാഭടന്മാർക്ക് പരിക്കേറ്റതായി പൊലീസ്. ഇംഫാലിൽ നിന്ന് 50 കിലോമീറ്റർ അകലെയുള്ള ഫൗഫാക്ചാഓ ഇക്കാഹി മേഖലയിൽ വ്യാഴാഴ്ച രാവിലെ മുതൽ തുടങ്ങിയ വെടിവെപ്പ് 15 മണിക്കൂറോളം നീണ്ടു. ഒരു വീട് അഗ്നിക്കിരയാക്കിയിട്ടുമുണ്ട്. പൊലീസ് കമാൻഡോക്കും കരസേനാംഗത്തിനുമാണ് പരിക്കേറ്റത്. തീവ്രവാദികളുടെ ഇടയിൽ ആളപായം സംബന്ധിച്ച വിവരം ലഭ്യമായിട്ടില്ലെന്നും, ആളുകളെ ചുമന്ന് കൊണ്ടുപോകുന്നത് ഡ്രോൺ ദൃശ്യങ്ങളിൽ കണ്ടുവെന്നും സുരക്ഷാസേന വൃത്തങ്ങൾ പറഞ്ഞു.
ഇതിനിടെ, സംസ്ഥാനത്തെ സംഘർഷങ്ങളുമായി ബന്ധപ്പെട്ട് സി.ബി.ഐ ഏറ്റെടുത്ത ആറു കേസുകളിൽ ഒന്നിലും അറസ്റ്റുണ്ടായിട്ടില്ലെന്ന് അധികൃതർ പറഞ്ഞു. പൊലീസിൽനിന്ന് കഴിഞ്ഞ മാസം ഏറ്റെടുത്ത എഫ്.ഐ.ആറുകളിൽ അന്വേഷണം തുടരുകയാണെന്നാണ് അധികൃതർ വിശദീകരിക്കുന്നത്. ഡി.ഐ.ജി റാങ്ക് ഉദ്യോഗസ്ഥന്റെ കീഴിൽ പ്രത്യേകസംഘം രൂപവത്കരിച്ചു നടക്കുന്ന അന്വേഷണം വളരെ ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്നും മേഖലയിലെ സാഹചര്യം മോശമാണെന്നും ഉദ്യോഗസ്ഥവൃത്തങ്ങൾ സൂചിപ്പിച്ചു. റോഡ് തടസ്സവും പ്രതിഷേധവുമെല്ലാം കാരണം സാക്ഷികളെ കണ്ടെത്താൻപോലും വിഷമമാണത്രെ.
അതേസമയം, രണ്ടു സ്ത്രീകളെ ആൾക്കൂട്ടം നഗ്നരാക്കി റോഡിലൂടെ നടത്തിച്ച സംഭവത്തിൽ പൊലീസ് ഇരകളുടെ മൊഴിയെടുക്കാനുള്ള നടപടികളിലാണെന്നും അധികൃതർ പറഞ്ഞു. ഇരകളെയും അവരുടെ ബന്ധുക്കളെയും കണ്ടതായും നടപടികൾ പുരോഗമിക്കുന്നുവെന്നും പറഞ്ഞ പൊലീസ്, സാക്ഷികളെ തിരിച്ചറിയാനുള്ള ശ്രമത്തിലാണെന്നും കൂട്ടിച്ചേർത്തു. ലൈംഗികാതിക്രമ കേസുകളെല്ലാം സി.ബി.ഐക്ക് കൈമാറാനാണിടയെന്ന് ഉന്നത സർക്കാർ ഉദ്യോഗസ്ഥൻ സൂചന നൽകി.
നഗ്നരാക്കി നടത്തിച്ച സംഭവത്തിൽ നടന്ന അറസ്റ്റ് പേരിനുമാത്രമാണെന്നും അതുതന്നെ ഏറെ വൈകിപ്പോയെന്നും തദ്ദേശീയ ഗോത്ര നേതൃകൂട്ടായ്മ (ഐ.ടി.എൽ.എഫ്) പ്രതികരിച്ചു. ‘‘വിഡിയോ പ്രചരിക്കുന്നതിനു മുമ്പുതന്നെ അറസ്റ്റുണ്ടായിരുന്നുവെങ്കിൽ അഭിനന്ദനമർഹിച്ചേനെ. ഇത്തരം നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ആളുകളെ അറസ്റ്റ് ചെയ്തതുകൊണ്ടുമാത്രം പ്രശ്നം പരിഹരിക്കപ്പെടില്ല. മണിപ്പൂർ വിഷയം കേന്ദ്ര സർക്കാർ ഗൗരവത്തിലെടുക്കുകയാണ് വേണ്ടത്’’ - ഐ.ടി.എൽ.എഫ് വക്താവ് ഗിൻസ വുആൽസോങ് പറഞ്ഞു.
ഡൽഹിയിൽ പ്രതിഷേധവുമായി കുക്കി വനിത ഫോറം
ന്യൂഡൽഹി: മണിപ്പൂരിലെ ഗോത്രവിഭാഗങ്ങൾക്ക് പ്രത്യേക ഭരണപദവി നൽകണമെന്നാവശ്യപ്പെട്ട് ഡൽഹിയിലെ ജന്തർ മന്തറിൽ പ്രതിഷേധം. കുക്കി വനിത ഫോറത്തിന്റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പരിപാടിയിൽ നിരവധി പേർ പങ്കെടുത്തു. മണിപ്പൂർ സംഘർഷത്തിന് പ്രത്യേക ഭരണപദവി മാത്രമാണ് പരിഹാരം എന്നെഴുതിയ ടി ഷർട്ട് ധരിച്ചാണ് ചിലർ ധർണയിൽ പങ്കെടുത്തത്.
കുക്കി ഗോത്ര വിഭാഗത്തിന്റെ ഉൾപ്പെടെ പരമ്പരാഗത വസ്ത്രം അണിഞ്ഞും നിരവധി പേർ എത്തി. മേയ് മൂന്നു മുതൽ മണിപ്പൂരിൽ ആരംഭിച്ച സംഘർഷങ്ങളിലായി 160ലധികം പേരാണ് കൊല്ലപ്പെട്ടത്. മണിപ്പൂരിലെ ജനസംഖ്യയിൽ 53 ശതമാനവും ഇംഫാൽ താഴ്വരയിലായുള്ള മെയ്തേയി വിഭാഗമാണ്. കുന്നിൻ മേഖലകളിലായാണ് നാഗ, കുക്കി തുടങ്ങിയ ജനസംഖ്യയുടെ 40 ശതമാനത്തോളംവരുന്ന ഗോത്രവിഭാഗങ്ങൾ കഴിയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

