സിവിൽ സർവിസ് ബോർഡ് ശിപാർശയില്ലാതെ ഐ.എ.എസ് നിയമനവും സ്ഥലം മാറ്റവും പാടില്ല -സി.എ.ടി
text_fieldsകൊച്ചി: സിവിൽ സർവിസ് ബോർഡ് ശിപാർശയില്ലാതെ ഐ.എ.എസ് ഉദ്യോഗസ്ഥരുടെ നിയമനവും സ്ഥലം മാറ്റവും പാടില്ലെന്ന് കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ (സി.എ.ടി) ഉത്തരവ്. ഇതുസംബന്ധിച്ച ടി.എസ്.ആർ സുബ്രഹ്മണ്യൻ കേസിലെ സുപ്രീംകോടതി ഉത്തരവ് ഉദ്ധരിച്ചാണ് സി.എ.ടി ജുഡിഷ്യൽ അംഗം ജസ്റ്റിസ് സുനിൽ തോമസ്, അഡ്മിനിസ്ട്രേറ്റീവ് അംഗം കെ.വി. ഈപ്പൻ എന്നിവരടങ്ങുന്ന കൊച്ചി ബെഞ്ച് സംസ്ഥാന സർക്കാറിന് നിർദേശം നൽകിയത്.
ഐ.എ.എസ് സർവിസ് ചട്ടങ്ങൾക്ക് വിരുദ്ധമായി സിവിൽ സർവിസ് ഉദ്യോഗസ്ഥരെ നിയമിക്കുന്നതും സ്ഥലം മാറ്റുന്നതും ചോദ്യം ചെയ്ത് കേരള ഐ.എ.എസ് ഓഫിസേഴ്സ് അസോസിയേഷൻ നൽകിയ ഹരജിയിലാണ് ഇടക്കാല ഉത്തരവ്.
ഐ.എ.എസ് സർവിസ് ചട്ടപ്രകാരം സിവിൽ സർവിസ് ഉദ്യോഗസ്ഥരുടെ നിയമനം, സ്ഥലം മാറ്റം തുടങ്ങിയവക്ക് സിവിൽ സർവിസ് ബോർഡ് സർക്കാറിന് ശിപാർശ നൽകണമെന്നാണ് ചട്ടമെന്ന് ഹരജിയിൽ പറയുന്നു. പ്രമോഷൻ, റിട്ടയർമെന്റ്, രണ്ടുമാസത്തിൽ കുറയാത്ത ഡെപ്യൂട്ടേഷൻ തുടങ്ങിയ സാഹചര്യങ്ങളിലൊഴികെ ഉദ്യോഗസ്ഥരെ ഒരു തസ്തികയിൽ കുറഞ്ഞത് രണ്ടു വർഷം തുടരാൻ അനുവദിക്കണമെന്നാണെങ്കിലും സംസ്ഥാനത്ത് ഇതു പാലിക്കുന്നില്ലെന്ന് അസോസിയേഷനു വേണ്ടി പ്രസിഡന്റ് ഡോ. ബി. അശോക്, സെക്രട്ടറി എം.ജി രാജമാണിക്യം, എക്സിക്യുട്ടീവ് കമ്മിറ്റിയംഗം ജി. പ്രിയങ്ക എന്നിവർ നൽകിയ ഹരജിയിൽ ചൂണ്ടിക്കാട്ടി.
ചീഫ് സെക്രട്ടറി ചെയർമാനായി സിവിൽ സർവിസ് ബോർഡ് നിലവിലുണ്ട്. 2014ലും 2015ലുമായി ബോർഡ് യോഗം ചേർന്ന് നൽകിയ ചില ശിപാർശകളിൽ ഉത്തരവുണ്ടായെങ്കിലും സർക്കാർ മനഃപൂർവം ബോർഡ് യോഗം ചേരുന്നത് ഒഴിവാക്കി. ഇത് സുപ്രീംകോടതി വിധിയുടെ ലംഘനമാണ്. പട്ടികജാതി വികസന ഡയറക്ടർ തസ്തികയിൽ ആറു മാസത്തിനിടെ ഏഴ് ഉദ്യോഗസ്ഥരെ മാറിമാറി നിയമിച്ചതും ഹരജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ജില്ല കലക്ടർ, വകുപ്പു സെക്രട്ടറിമാർ തുടങ്ങിയ തസ്തികകളിൽ ഒരു വർഷത്തിൽ താഴെമാത്രം പ്രവർത്തിക്കാൻ അനുവദിച്ച സാഹചര്യങ്ങളും വിശദീകരിച്ചു. ഈ ഉത്തരവുകളുടെ പകർപ്പും ഹാജരാക്കി.
എന്നാൽ, ഹരജി നൽകാൻ അസോസിയേഷൻ നേതാക്കളെ ഉദ്യോഗസ്ഥർ ചുമതലപ്പെടുത്തിയ രേഖ സമർപ്പിച്ചിട്ടില്ലെന്നായിരുന്നു സർക്കാറിന്റെ വാദം. ഹരജിക്കാരുടെ വ്യക്തിഗത ആവശ്യങ്ങൾക്കല്ലാത്തതിനാൽ ഹരജി നിലനിൽക്കില്ല. സർവിസ് ചട്ടത്തിൽ 2014ൽ കൊണ്ടുവന്ന ഭേദഗതി പ്രകാരം സിവിൽ സർവിസ് ബോർഡിന്റെ ശിപാർശ സ്ഥലം മാറ്റങ്ങൾക്കും നിയമനങ്ങൾക്കും നിർബന്ധമില്ലെന്നും സർക്കാർ ചൂണ്ടിക്കാട്ടി. എന്നാൽ, ഹരജിക്കാരുടെ വാദത്തിൽ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്ന് വ്യക്തമാക്കിയ സി.എ.ടി ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

