എൻ.എം. വിജയന്റെ ആത്മഹത്യ: എം.എൽ.എയെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു
text_fieldsകൽപറ്റ: ഡി.സി.സി ട്രഷറർ എൻ.എം. വിജയന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ ഐ.സി. ബാലകൃഷ്ണൻ എം.എൽ.എയെ അന്വേഷണസംഘം അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. മൂന്നു ദിവസത്തെ ചോദ്യം ചെയ്യലിനൊടുവിലാണ് ഇദ്ദേഹത്തെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി ശനിയാഴ്ച അറസ്റ്റ് ചെയ്തത്.
മുൻകൂർ ജാമ്യമുള്ളതിനാൽ അറസ്റ്റ് രേഖപ്പെടുത്തിയശേഷം വിട്ടയക്കുകയായിരുന്നു. വ്യാഴാഴ്ച രാവിലെ 11 മണിമുതൽ പൂത്തുർവയലിലെ എ.ആർ ക്യാമ്പിലായിരുന്നു ചോദ്യം ചെയ്യൽ. പിന്നീട് വെള്ളിയാഴ്ചയും എം.എൽ.എയെ ചോദ്യം ചെയ്തിരുന്നു. കേസിലെ മറ്റ് പ്രതികളായ ഡി.സി.സി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ, കോൺഗ്രസ് നേതാവ് കെ.കെ. ഗോപിനാഥൻ എന്നിവരെ കഴിഞ്ഞ ദിവസം പൊലീസ് ചോദ്യം ചെയ്യുകയും അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിടുകയും ചെയ്തിരുന്നു.
പരാതി ന്യായമെന്ന് കെ.പി.സി.സി സമിതി റിപ്പോർട്ട്
തിരുവനന്തപുരം: വയനാട്ടിലെ ഡി.സി.സി ട്രഷററായിരുന്ന എൻ.എം. വിജയന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയ കെ.പി.സി.സി സമിതി റിപ്പോർട്ട് സമർപ്പിച്ചു. കുടുംബത്തിന്റെ പരാതി ന്യായമാണെന്നും കുടുംബത്തിന് സഹായവും സംരക്ഷണവും പാർട്ടി ഉറപ്പാക്കണമെന്നും റിപ്പോർട്ടിലുണ്ടെന്നാണ് വിവരം. സഹകരണ സ്ഥാപനങ്ങളിലെ നിയമനങ്ങളിൽ അനഭിലഷണീയ പ്രവണതകളുണ്ടെന്നും നാലംഗ സമിതി സമർപ്പിച്ച റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യത്തിൽ പാർട്ടി ഇടപെടൽ വേണം.
വിജയന്റെയും മകന്റെയും മരണവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങളെക്കുറിച്ചും വിവാദങ്ങളെക്കുറിച്ചും അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ അധ്യക്ഷനായ സമിതിയെ നിയോഗിച്ചത്. ടി.എൻ. പ്രതാപൻ, സണ്ണി ജോസഫ്, കെ. ജയന്ത് തുടങ്ങിയവരാണ് സമിതിയിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

