എൻ.എം. വിജയന്റെ മരണം; എം.എൽ.എയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ഇന്ന് വിശദവാദം
text_fieldsസുൽത്താൻ ബത്തേരി: ഡി.സി.സി ട്രഷറർ എൻ.എം. വിജയന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പൊലീസ് ആത്മഹത്യാപ്രേരണ കുറ്റം ചുമത്തിയ ഐ.സി. ബാലകൃഷ്ണൻ എം.എൽ.എക്ക് ഇന്ന് മുൻകൂർ ജാമ്യം കിട്ടുമോയെന്ന ആശങ്കയിൽ കോൺഗ്രസ്.
മുൻകൂർജാമ്യാപേക്ഷയിൽ കൽപറ്റ കോടതി ഇന്നാണ് വിശദവാദം കേൾക്കുന്നത്. പ്രതിചേർക്കപ്പെട്ട ഡി.സി.സി പ്രസിഡന്റ് എൻ.ഡി. അപ്പച്ചന്റെയും ജാമ്യാപേക്ഷ ഇന്നാണ് പരിഗണിക്കുക. കഴിഞ്ഞ വെള്ളിയാഴ്ച മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ചെങ്കിലും15ലേക്ക് മാറ്റിവക്കുകയായിരുന്നു. കേസ് ഡയറി പരിശോധിച്ചതിനുശേഷം മുൻകൂർ ജാമ്യം അനുവദിക്കുന്നതിൽ വിധി പറയാം എന്നാണ് കോടതി പറഞ്ഞത്. അതുവരെ ഇരുവരുടെയും അറസ്റ്റും തടഞ്ഞിരുന്നു.
കോടതി നിർദേശപ്രകാരം പൊലീസ് കേസ് ഡയറി സമർപ്പിച്ചു. അമ്പതിലേറെ ആളുകളുടെ മൊഴിയെടുത്തു. ജാമ്യം ലഭിച്ചില്ലെങ്കിൽ ഹൈക്കോടതിയെ സമീപിക്കാനാണ് സാധ്യത. കുറ്റം ചുമത്തപ്പെട്ടതോടെ ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ കർണാടകയിലേക്ക് പോയിരിക്കുകയാണ്.
അതിനുശേഷം എം.എൽ.എ ഇതുവരെ ജനത്തെ നേരിട്ട് അഭിമുഖീകരിച്ചിട്ടില്ല. എൻ.ഡി. അപ്പച്ചന്റെയും സ്ഥിതി ഇതാണ്. മുൻ കോൺഗ്രസ് നേതാവ് കെ.കെ. ഗോപിനാഥനും ജാമ്യം നേടാനുള്ള ശ്രമത്തിലാണ്. മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയാൽ അറസ്റ്റിനടക്കം സാധ്യതയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

