സ്വര്‍ണ്ണക്കടത്ത്: ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് നടത്തിയ പ്രതികരണം പരസ്യമായ കുറ്റസമ്മതമെന്ന് എൻ.കെ. പ്രേമചന്ദ്രന്‍
text_fieldsന്യൂഡൽഹി: സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട വിഷയത്തില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് ഇന്ന് നടത്തിയ പ്രതികരണം പരസ്യമായ കുറ്റസമ്മതമാണെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി. 2019ല്‍ ശബരിമലയില്‍ നിന്നും സ്വര്‍ണ്ണക്കടത്തു നടത്തിയിട്ടുണ്ടെന്ന് സി.പി.എം നോമിനിയായ പ്രസിഡന്‍റ് തന്നെ സമ്മതിക്കുന്ന സാഹചര്യത്തില്‍ ഇതിനെ സംബന്ധിച്ച് സംസ്ഥാന മുഖ്യമന്ത്രിയാണ് പ്രതികരിക്കേണ്ടത്. 2025ല്‍ കോടതിയെ അറിയിക്കാതെ ദ്വാരപാലകശിൽപം വീണ്ടും സ്വര്‍ണ്ണം പൊതിയാന്‍ ചെന്നൈക്ക് കൊണ്ടുപോയ ഗുരുതരമായ വീഴ്ചയെ വളരെ ലാഘവത്തോടെ ന്യായീകരിക്കുന്ന ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റിന് തല്‍സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ല. നിലവിലുളള ദേവസ്വം ബോര്‍ഡിനെ പിരിച്ചുവിട്ട് കോടതിയുടെ മേല്‍നോട്ടത്തില്‍ സി.ബി.ഐ സമഗ്രമായ അന്വേഷണം നടത്തണമെന്നും പ്രേമചന്ദ്രൻ ആവശ്യപ്പെട്ടു.
ശബരിമലയിലെ ദ്വാരപാലക ശില്‍പം 2019ല്‍ സന്നിധാനത്ത് നിന്നു കൊണ്ടുപോകുമ്പോള്‍ 42.8 കിലോഗ്രാം ഭാരമുണ്ടായിരുന്നെന്നും ചെന്നൈയില്‍ നിന്നും തിരിച്ചു കൊണ്ടു വരുമ്പോള്‍ 38.258 കിലോഗ്രാം ഭാരമേ ഉണ്ടായിരുന്നുള്ളുവെന്നും 4.541 കിലോഗ്രാം ഭാരക്കുറവ് കണ്ടെത്തിയെന്നുമുള്ള ഹൈകോടതിയുടെ പരാമര്‍ശം ഉണ്ടായിട്ടും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് കേസന്വേഷണത്തിന് ഉത്തരവിടാത്ത സംസ്ഥാന സര്‍ക്കാര്‍ മോഷണത്തെ ന്യായീകരിക്കുകയാണ്. ദ്വാരപാലക ശില്‍പത്തിലെ ഭാരത്തിന്‍റെ കുറവ് സംബന്ധിച്ച് വ്യാപകമായ പരാതി ഉയര്‍ന്നിട്ടും കേസ് രജിസ്റ്റര്‍ ചെയ്യുവാനോ അന്വേഷണം നടത്തുവാനോ സംസ്ഥാന സര്‍ക്കാര്‍ തയാറാകാത്തത് കുറ്റക്കാരെ സംരക്ഷിക്കുന്നതിനുള്ള വ്യഗ്രത കൊണ്ടാണ്.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ ക്ഷേത്രങ്ങളില്‍ വിശ്വാസികള്‍ സമര്‍പ്പിക്കുന്ന സ്വര്‍ണം, വെള്ളി തുടങ്ങി വിലപിടിപ്പുള്ള സാധനങ്ങള്‍ സംബന്ധിച്ച് അവയുടെ ഭാരവും സ്വഭാവവും ഉള്‍പ്പെടെ ഉള്ളവ വ്യക്തമായി രേഖപ്പെടുത്തി സൂക്ഷിക്കുവാന്‍ വ്യവസ്ഥയുണ്ട്. ഹൈകോടതി നിയമിച്ച ജില്ലാ ജഡ്ജിയായ സ്പെഷ്യല്‍ കമ്മീഷണര്‍ ശബരിമലയില്‍ ഉണ്ടായിരുന്നിട്ടും സ്പെഷ്യല്‍ കമീഷണറുടെ പോലും അറിവോ സമ്മതമോ കൂടാതെ സ്വര്‍ണമുള്‍പ്പെടെ ദ്വാരപാലകശില്‍പം ശബരിമലയില്‍ നിന്നും കടത്തിയത് ദുരൂഹമാണ്. സ്പോണ്‍സര്‍മാരുടെ വേഷത്തില്‍ ശബരിമല കേന്ദ്രീകരിച്ച് നടത്തുന്ന അഴിമതിയും തട്ടിപ്പും വെളിപ്പെടുത്തുന്നതാണ് ഈ സംഭവം.
ശബരിമല ഉള്‍പ്പെടെയുള്ള ക്ഷേത്രങ്ങളില്‍ കാണിക്കയായും സ്പോണ്‍സര്‍ഷിപ്പായും വിശ്വാസികള്‍ സമര്‍പ്പിക്കുന്ന സ്വര്‍ണം ഉള്‍പ്പെടെയുള്ള വിലപിടിപ്പുള്ള സാധനങ്ങളുടെ മഹസര്‍ തയാറാക്കി പ്രത്യേകം സൂക്ഷിക്കേണ്ടതുണ്ട്. കൂടാതെ തിരുവാഭരണ കമ്മീഷണര്‍ ഇവയുടെ സ്വഭാവവും തൂക്കവും ഉള്‍പ്പെടെയുള്ളവ രജിസ്റ്റര്‍ തയ്യാറാക്കി സൂക്ഷിക്കേണ്ടതുമാണ്. എന്നാല്‍ നടപടിക്രമങ്ങളില്‍ വീഴ്ച വരുത്തി കുറ്റക്കാര്‍ക്ക് രക്ഷപെടുവാന്‍ പഴുതുണ്ടാക്കുവാന്‍ ഗൂഢാലോചന നടന്നുവെന്നുള്ളത് വ്യക്തമാണ്. ക്രിമിനല്‍ ഗൂഢാലോചനയില്‍ സ്പോണ്‍സറുടെ വേഷത്തിലെത്തിയവരും ദേവസ്വം ബോര്‍ഡ് ജീവനക്കാരും കൂടാതെ ബോര്‍ഡിന്‍റെ ഭരണനേതൃത്വത്തിനും ബോര്‍ഡിനെ നിയന്ത്രിക്കുന്ന സര്‍ക്കാരിന്‍റെ ഭരണനേതൃത്വത്തിനും പങ്കുണ്ടോ എന്ന വിഷയവും അന്വേഷണ പരിധിയില്‍പ്പെടുത്തേണ്ടതാണ്.
ദേവസ്വം വിജിലന്‍സിന്‍റെ മാത്രം അന്വേഷണം കൊണ്ട് പുറത്തു കൊണ്ടുവരാവുന്നതിനേക്കാള്‍ സങ്കീര്‍ണമായ കുറ്റകൃത്യങ്ങളാണ് ശബരിമലയില്‍ നടന്നിട്ടുള്ളത്. നിലവില്‍ ശബരിമലയിലും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ കീഴിലുള്ള ക്ഷേത്രങ്ങളിലെയും വിലപിടിപ്പുള്ള സ്വര്‍ണ്ണം, വെള്ളി തുടങ്ങിയവയുടെ രജിസ്റ്റര്‍ തയാറാക്കുവാന്‍ ഹൈകോടതി വിരമിച്ച ജഡ്ജിയെ ചുമതലപ്പെടുത്തിയത് സ്വാഗതാര്‍ഹമാണ്. എന്നാല്‍ ശബരിമലയിലും ക്ഷേത്രങ്ങളിലും വിശ്വാസികള്‍ സമര്‍പ്പിച്ച സ്വര്‍ണമുള്‍പ്പെടെയുള്ള വിലപിടിപ്പുള്ള സാധനങ്ങള്‍ ക്ഷേത്രങ്ങളിലുണ്ടോ എന്നുള്ളതുകൂടി അന്വേഷണപരിധിയില്‍ പെടുത്തണം. വിശ്വാസികള്‍ സമര്‍പ്പിച്ച കാണിക്കകളും സംഭാവനകളും ക്ഷേത്രത്തില്‍ കണ്ടെത്താന്‍ കഴിഞ്ഞില്ലാ എങ്കില്‍ എങ്ങനെ നഷ്ടപ്പെട്ടു എന്നുള്ളത് കണ്ടെത്തേണ്ടതും ഉത്തരവാദികളായവരുടെ പേരില്‍ നിമനടപടികള്‍ സ്വീകരിക്കേണ്ടതു മാണെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

