മാധ്യമം സബ് എഡിറ്റർ നിസാർ പുതുവനക്ക് ലാഡ്ലി മീഡിയ അവാർഡ്
text_fieldsന്യൂഡൽഹി: പത്താമത് ലാഡ്ലി മീഡിയ ആൻഡ് അഡ്വർടെയ്സിങ് പുരസ്കാരം മാധ്യമം കോഴിക്കോട് മദർ യൂനിറ്റ് സബ് എഡിറ്റർ നിസാർ പുതുവനക്ക്. 2019 ജൂലൈ 21ന് മാധ്യമം പ്രസിദ്ധീകരിച്ച 'അയിത്തക്കുടിലുകൾ' എന്ന അന്വേഷണാത്മക വാർത്താ ഫീച്ചറിനാണ് അവാർഡ്. ഐക്യരാഷ്ട്ര സഭയുടെ പങ്കാളിത്തത്തോടെ യുനൈറ്റഡ് നേഷന്‍സ് പോപ്പുലേഷന്‍ ഫണ്ടും (യു.എന്‍.എഫ്.പി.എ) മുംബൈ ആസ്ഥാനമായ പോപ്പുലേഷന്‍ ഫസ്റ്റ് എന്ന സന്നദ്ധ സംഘടനയും സംയുക്തമായി നൽകുന്നതാണ് പുരസ്കാരം. മികച്ച അന്വേഷണാത്മക മാധ്യമപ്രവർത്തനത്തിനുള്ള പുരസ്കാരത്തിനാണ് നിസാർ പുതുവന അർഹനായത്. ഫീച്ചർവിഭാഗത്തിലെ പുരസ്കാരത്തിന് മാതൃഭൂമി ഓൺലൈൻ സബ് എഡിറ്റർ നിലീന അത്തോളി അർഹയായി. ഇത് രണ്ടാം തവണയാണ് നിസാർ പുതുവനക്ക് ലാഡ്ലി മീഡിയ അവാർഡ് ലഭിക്കുന്നത്.
കേരളത്തിലെ ആദിവാസി ഊരുകളിൽ ആർത്തവകാലത്ത് പെൺകുട്ടികളെ വീടിന് പുറത്ത് താൽക്കാലികമായി ഉണ്ടാക്കിയ യാതൊരു സുരക്ഷയുമില്ലാത്ത ആർത്തവക്കുടിലുകളിൽ താമസിപ്പിക്കുന്നതിനെ സംബന്ധിച്ചായിരുന്നു വാർത്ത.
ദേശീയ മാധ്യമ അവാർഡ്, കേരള മീഡിയ അക്കാദമി ഫെല്ലോഷിപ്പ്, ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ മികച്ച അന്വേഷണാത്മക മാധ്യമപ്രവർത്തകനുള്ള പുരസ്കാരം, ഗ്രീൻ റിബ്ബൺ മീഡിയ അവാർഡ്, അംബേദ്കർ പുരസ്കാരം, യുനിസെഫ് സ്പെഷ്യൽ അച്ചീവ്മെൻറ് മീഡിയ അവാർഡ്, കയർ കേരള മാധ്യമ പുരസ്കാരം, ഉജ്ജ്വല ജ്വാല-ഭൂമിക്കാരൻ പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്. ആലപ്പുഴ തൃക്കുന്നപ്പുഴ പാനൂർ പുതുവനയിൽ മൈതീൻ കുഞ്ഞിെൻറയും ജമീലയുടെയും മകനാണ്. ഭാര്യ ഷഹന സൈനുല്ലാബ്ദീൻ (കായംകുളം എം.എസ്.എം കോളജ് അധ്യാപിക). മകൻ അഹ്മദ് നഥാൻ. യുനൈറ്റഡ് നേഷൻ പോപുലേഷൻ ഫണ്ട് ഇന്ത്യൻ മേധാവി അർജൻറീന മാത്വെൽ പിക്വിൻ അവാർഡ് സമ്മാനിച്ചു.