കാത് കുത്തിയവൻ പോയപ്പോൾ കടുക്കനിട്ടവൻ വന്നു
text_fields‘കാത് കുത്തിയവനെ എതിർത്തപ്പോൾ കടുക്കനിട്ടവൻ വന്നു’, പഴയ ഗവർണറെ എതിർത്തിരുന്ന ഭരണപക്ഷത്തിന് പുതിയ ഗവർണറോടുള്ള സമീപനം മുൻനിർത്തി തിരുവഞ്ചൂർ രാധാകൃഷ്ണൻ നിയമസഭയിൽ തൊടുത്ത ഒളിയമ്പാണിത്. ഭരണപക്ഷത്തിന് അത് ദഹിച്ചില്ല. കടകംപള്ളി സുരേന്ദ്രൻ ചാടിയെഴുന്നേറ്റു. ഗവർണർക്കെതിരായ പ്രയോഗം ശരിയല്ലെന്ന് പി.വി. ശ്രീനിജനും. ബിഹാർ ഗവർണറായിരുന്നപ്പോൾ ഇതേയാൾ ഗാന്ധിജിക്കെതിരെ നടത്തിയ പരാമർശമുയർത്തിയ എൻ.എ. നെല്ലിക്കുന്ന്, അട്ടയെ പിടിച്ച് മെത്തയിൽ കിടത്തിയാൽ കിടക്കില്ലെന്ന പഴമൊഴി പങ്കുവെച്ചു. പാലിന് വന്ന പൂച്ച മോര് കുടിച്ച് പോകില്ലെന്നും നെല്ലിക്കുന്ന് തുടർന്നു. പഴയ എ.ഐ.സി.സി സെക്രട്ടറിയും കേന്ദ്രമന്ത്രിയുമൊക്കെയായിരുന്ന മുൻ ഗവർണർ സഭയിൽ പ്രസംഗം വായിക്കാതെ പോയപ്പോൾ പുതിയ ഗവർണർ സർക്കാറിനെക്കുറിച്ച് മനസ്സിലാക്കി രണ്ടു മണിക്കൂർ നയപ്രഖ്യാപനം വായിച്ചെന്ന് ജോബ് മൈക്കിൾ വാചാലനായി. കേന്ദ്രത്തെ എതിർക്കുന്നതിൽ സർക്കാറിന് പഴയ ശൗര്യമില്ലെന്ന് മോൻസ് ജോസഫും ടി. സിദ്ദീഖും നിരീക്ഷിച്ചു. നയപ്രഖ്യാപന നന്ദിപ്രമേയം ചർച്ചക്കെടുത്തതിന്റെ ആദ്യദിനത്തിൽ രാഷ്ട്രീയ വിവാദങ്ങൾക്കായിരുന്നു മേൽക്കൈ.
കൂത്താട്ടുകുളത്തെ തട്ടിക്കൊണ്ടുപോകലിന്റെ പേരിൽ ശൂന്യവേളയിൽതന്നെ ഭരണ-പ്രതിപക്ഷാംഗങ്ങൾ കൊമ്പുകോർത്തു. സ്പീക്കറും പ്രതിപക്ഷ നേതാവും തമ്മിൽ പലവതണ ഉരസി. വിഷയം പ്രതിപക്ഷ ഇറങ്ങിപ്പോക്കിൽ കലാശിച്ചെങ്കിലും അവിടെയും തീർന്നില്ല കാര്യങ്ങൾ. നന്ദിപ്രമേയ ചർച്ചക്കിടെ, പ്രതിപക്ഷ നേതാവിനെതിരെ കാനത്തിൽ ജമീല രംഗത്തുവന്നു. പ്രതിപക്ഷ നേതാവിന്റെ ശൈലി ആ പാർട്ടിയിലുള്ളവർ പോലും തള്ളിപ്പറയുമ്പോൾ തങ്ങൾക്ക് അംഗീകരിക്കാൻ കഴിയുമോയെന്നായി അവർ.
പിണറായിയുടെ കൈയൂക്കും നെഞ്ചൂക്കുമില്ലായിരുന്നെങ്കിൽ ദേശീയപാത യാഥാർഥ്യമാകുമായിരുന്നോയെന്ന് ഡോ. കെ.ടി. ജലീൽ ചോദിച്ചു. സൗമ്യനായ മുൻ ഭരണാധികാരി 2013ൽ ഭൂമി ഏറ്റെടുക്കൽ നിയമം പാസാക്കിയതുകൊണ്ടാണതെന്ന് പി.സി. വിഷ്ണുനാഥ്. എന്ത് അവകാശപ്പെട്ടാലും പുള്ളിമാന്റെ പുള്ളി തേച്ചാൽ മാറില്ലെന്നായി മന്ത്രി മുഹമ്മദ് റിയാസ്. ഉമ്മൻ ചാണ്ടി വിഴിഞ്ഞം ഒപ്പിട്ടില്ലായിരുന്നെങ്കിൽ ആ പദ്ധതി കാണില്ലായിരുന്നെന്ന് വിഷ്ണുവും. വിഷ്ണുനാഥ് കണ്ണിറുക്കിയാൽ കേരളം ഇരുട്ടിലാകുമോ എന്നായി ഡി.കെ. മുരളി.
വർഗീയശക്തികളെ പിന്തുണക്കുന്നതാണ് കോൺഗ്രസിന്റെയും ലീഗിന്റെയും സമീപനമെന്ന് വരുത്താനാണ് ടി.പി. രാമകൃഷ്ണനും എ.സി. മൊയ്തീനും ശ്രമിച്ചത്. ജമാഅത്തെ ഇസ്ലാമിയുമായി 30 കൊല്ലത്തെ ധാരണ ഇടതുപക്ഷത്തിനാണെന്ന് എൻ. ഷംസുദ്ദീൻ തിരിച്ചടിച്ചു. മദ്യനയവും പുതിയ ഡിസ്റ്റിലറി വിവാദവും സഭയിൽ കത്തിനിന്നു. കേരളം കുടിച്ച് നശിക്കാൻ വഴിവെട്ടുകയാണ് സർക്കാറെന്ന് തിരുവഞ്ചൂർ. കർണാടകയിലെ കോൺഗ്രസുകാരുടെ ഡിസ്റ്റിലറികളിൽനിന്ന് ഇനി പണം വരാത്തതുകൊണ്ടാണ് എതിർപ്പെന്നായി ചിത്തരഞ്ജൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

