നിതിന്റെ മരണം; ഇടക്കാല ജാമ്യഹർജിയുമായി പ്രതികളായ ഡോ.റാമും സംഗീതയും
text_fieldsകണ്ണൂർ: നിതിൻ രാജിന്റെ മരണത്തിൽ പ്രതികളായ അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ഡോ.റാമും ഡോ.സംഗീതയും ഇടക്കാല ജാമ്യഹർജി നൽകി. മുൻകൂർ ജാമ്യഹർജി തലശ്ശേരി കോടതിയിൽ നേരത്തെ നൽകിയിരുന്നു. നിതിന്‍റെ മരണത്തിൽ പങ്കില്ലെന്നാണ് ഹർജിയിൽ പറയുന്നത്. ഇതിനിടെ, അധ്യാപകരായ എം കെ റാം, ഡോ സംഗീത എന്നിവരെ പ്രതികളാക്കി പൊലീസ് കേസെടുത്ത് കഴിഞ്ഞു. ഇവർക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് കേസ്. പട്ടികജാതി പട്ടികവർഗ്ഗ അതിക്രമ നിരോധന വകുപ്പും ഉൾപ്പെടുത്തിയിട്ടുണ്ട്. നിതിൻ രാജിന്റെ ആത്മഹത്യയാണ് എന്നതിൽ സംശയം ഇല്ലെന്നാണ് പൊലീസ് പറയുന്നത്. സ്വന്തം അധ്യാപകരിൽ നിന്ന് നേരിട്ട ദുരനുഭവം നിതിൻ സുഹൃത്തിനോട് പറഞ്ഞിരുന്നു. ഇതിനുപുറമെ, കണ്ണൂർ ഡെന്റൽ കോളേജിലെ വകുപ്പ് മേധാവി എം കെ റാം ക്ലാസ്സിനകത്തും പുറത്തും നിരന്തരം വേട്ടയാടിയിരുന്നതായി നിതിന്റെ സഹപാഠികൾ ആരോപിച്ചിരുന്നു.
നിതിൻ രാജിന്റെ മരണം: ലോൺ ആപ്പിനെതിരെ കേസെടുത്ത് പൊലീസ്
കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ബി.ഡി.എസ് വിദ്യാർഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ലോൺ ആപ്പിനെതിരെ പൊലീസ് കേസെടുത്തു. ഇൻസ്റ്റാ പേ എന്ന ലോൺ ആപ്പിനെതിരെയാണ് കേസ് എടുത്തത്. നിതിൻ രാജിനെ ഭീഷണിപ്പെടുത്തി ലോൺ തിരിച്ചടക്കാൻ പ്രേരിപ്പിച്ചുവെന്നും മാനസികമായി പീഡിപ്പിച്ചു എന്നുമാണ് എഫ്.ഐ.ആർ.
എന്നാൽ, നിതിന്‍റെ മരണത്തിന്റെ ഉത്തരവാദിത്തം ഈ ആപ്പിന്‍റെ പേരിൽ മാത്രം ഒതുക്കാൻ അനുവദിക്കില്ലെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. അധ്യാപികയായ ലതയുടെ പേരിലല്ല നിതിൻ ലോൺ എടുത്തതെന്നും സഹോദരി നികിത രാജ് പറഞ്ഞിരുന്നു. അവന് നീതി കിട്ടിയില്ലെങ്കിൽ ഇനി ജീവിച്ചിരിക്കില്ല. അധ്യാപികയുടെ നമ്പർ ലോൺ ആപ്പുകാർ ഹാക്ക് ചെയ്ത് എടുത്തതാകാം. മൂന്ന് മാസം സിക്ക് റൂമിൽ കഴിഞ്ഞിട്ടും പിടിച്ചു നിന്നവനാണ്. ലോൺ ആപിൽ നിന്ന് ലക്ഷങ്ങൾ ഒന്നും എടുത്തിട്ടില്ലെന്നും നികിത മാധ്യമങ്ങളോട് പറഞ്ഞു.
നിതിന്റെ മരണത്തിന് പിന്നിൽ ജാതി അധിക്ഷേപത്തിന് പുറമെ ലോൺ ആപ്പ് ഭീഷണിയുമുണ്ടെന്ന് പൊലീസ് നേരത്തെ പറഞ്ഞിരുന്നു. അധ്യാപികയായ ലതയെ ലോൺ ആപ്പ് സംഘം നിരന്തരം വിളിച്ചത് നിതിന് മാനസിക വിഷമം ഉണ്ടാക്കിയെന്നും പൊലീസിൽ പരാതി നൽകാൻ കോളജ് അധികൃതർ തീരുമാനിച്ചത് സമ്മർദം കൂട്ടിയെന്നുമാണ് പൊലീസ് പറഞ്ഞത്. 14,000 രൂപയാണ് നിതിൻ വായ്പയെടുത്തത്. അതിനിടെ, നിതിൻ രാജിന്റെ മരണത്തിൽ ആരോപണ വിധേയനായ അധ്യാപകനെ മാനേജ്മെന്റ് കഴിഞ്ഞ ദിവസം പുറത്താക്കി. ഓറൽ പതോളജി ആൻഡ് മൈക്രോ ബയോളജി വിഭാഗം മേധാവി ഡോ. എം.കെ. റാമിനെയാണ് പുറത്താക്കിയത്. റാമിനെതിരെ ഗുരുതര ആരോപണവുമായി വിദ്യാർഥികൾ രംഗത്തെത്തിയിരുന്നു. ജാതീയമായി അധിക്ഷേപിച്ചെന്നും വസ്ത്രധാരണത്തിന്റെ പേരിൽ പരിഹസിച്ചെന്നും ഇപ്പോൾ തങ്ങളെ നിരീക്ഷിക്കാൻ ആളെ നിർത്തിയിരിക്കുകയാണെന്നും വിദ്യാർഥികൾ പറഞ്ഞു.
സഹപാഠികളെക്കൊണ്ട് തല്ലിക്കാൻ ശ്രമിച്ചുവെന്നും ക്രൂരമായ മാനസിക-ശാരീരിക പീഡനങ്ങളാണ് ഇയാൾ നടത്തിയിരുന്നതെന്ന് അവർ ആരോപിക്കുന്നു. പ്രതിഷേധിക്കുന്ന കുട്ടികളെ നിരീക്ഷിക്കാനും അവരുടെ ദൃശ്യങ്ങൾ പകർത്തി കരിയർ നശിപ്പിക്കാനും ആണ് കോളജ് മാനേജ്‌മെന്റ് ശ്രമിക്കുന്നത്. നീതി ലഭിച്ചില്ലെങ്കിൽ വരും ദിവസങ്ങളിൽ വലിയ രീതിയിലുള്ള സമരപരിപാടികളിലേക്ക് കടക്കാനും വിദ്യാർഥികൾ ആലോചിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

