Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവീഴ്ചയിൽ വ്യക്തത...

വീഴ്ചയിൽ വ്യക്തത വരുത്തണം; നിതിൻരാജ് കേസിൽ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി നേരിട്ട് ഹാജരാകാൻ ഉത്തരവ്

text_fields
bookmark_border
വീഴ്ചയിൽ വ്യക്തത വരുത്തണം; നിതിൻരാജ് കേസിൽ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി നേരിട്ട് ഹാജരാകാൻ ഉത്തരവ്
cancel

തിരുവനന്തപുരം: ബി.ഡി.എസ്. വിദ്യാർഥി നിതിൻരാജിന്റെ മരണത്തിൽ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പിയോട് നേരിട്ട് ഹാജരാകാൻ കോടതി. ഡോ. എം.കെ. റാമിന്റെ അറസ്റ്റിലെ വീഴ്ചയിൽ തലശ്ശേരി പ്രിൻസിപ്പൽ സ്പെഷ്യൽ കോടതിയിൽ നേരിട്ടെത്തി വിശദീകരണം നൽകണമെന്നാണ് നിർദേശം. ഡി.വൈ.എസ്.പി. സുധീർ കല്ലനോടാണ് നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ടത്. റാമിനെ വീണ്ടും അറസ്റ്റ് ചെയ്യാനുള്ള അപേക്ഷ കോടതി പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ പരാമർശം.

രണ്ടു ദിവസം മുമ്പാണ് കുടകിൽ നിന്ന് ക്രൈംബ്രാഞ്ച് എം.കെ. റാമിനെ അറസ്റ്റ് ചെയ്തത്. നിതിൻരാജിന്റെ മരണം നടന്ന് 100 ദിവസം കഴിഞ്ഞാണ് എം.കെ. റാമിനെ അറസ്റ്റ് ചെയ്യാൻ പൊലീസിന് സാധിച്ചത്. എന്നാൽ, പ്രതിയെ കോടതിയിൽ ഹാജരാക്കുന്ന സമയത്ത് പൊലീസിന് ഗുരുതരമായ വീഴ്ച സംഭവിച്ചിരുന്നു. പ്രതിക്ക് മനസ്സിലാകുന്ന ഭാഷയിൽ ഗ്രൗണ്ട് ഓഫ് അറസ്റ്റ് വ്യക്തമാക്കിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിക്ക് പ്രതിയെ വിട്ടയക്കേണ്ടി വന്നത്.

കേസിൽ നേരത്തേ ഹൈക്കോടതി പൊലീസിനെ വിമർശിച്ചിരുന്നു. കേസ് അലംഭാവത്തോടെയാണ് പൊലീസ് കൈകാര്യം ചെയ്തതെന്നായിരുന്നു വിമർശനം. പ്രതിയെ പിടികൂടാൻ ഒരു നടപടിയും പൊലീസ് സ്വീകരിച്ചില്ലെന്ന് ഹൈക്കോടതി രൂക്ഷമായി വിമർശിച്ചു. പ്രതിയെ അറസ്റ്റ് ചെയ്യാതെ പ്രതിക്കൊപ്പം നടക്കുകയാണുണ്ടായത്. കീഴടങ്ങിയ പ്രതിയെയാണ് അറസ്റ്റ് ചെയ്തത്. വീഴ്ച വരുത്തിയ ഡി.വൈ.എസ്.പി. സ്ഥാനത്തിരിക്കാൻ യോഗ്യനല്ല. പാവപ്പെട്ട ആളുകളെ ഉപദ്രവിക്കുന്നു; എന്നിട്ട് പണക്കാരെ രക്ഷിക്കുന്നു. പണമുള്ളവർക്ക് ഹുങ്ക് കൊണ്ട് എന്തും ചെയ്യാമെന്ന അവസ്ഥയായെന്നും ഹൈക്കോടതി വിമർശിച്ചിരുന്നു.

അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ നിതിൻരാജിന്റെ ആത്മഹത്യാ കേസിൽ ക്രൈംബ്രാഞ്ചിന്റേത് ഗുരുതരമായ വീഴ്ച. അറസ്റ്റ് എന്തിനാണെന്ന് പ്രതി ഡോക്ടർ എം.കെ. റാമിനെ ബോധ്യപ്പെടുത്താതെയായിരുന്നു അറസ്റ്റ് ചെയ്തത്. സംഭവത്തിൽ പൊലീസിന് ജാഗ്രതക്കുറവ് ഉണ്ടായിട്ടില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. അറസ്റ്റ് ചെയ്യുന്നത് എന്തിനാണെന്ന് വ്യക്തമാക്കുന്ന ഗ്രൗണ്ട് ഓഫ് അറസ്റ്റിലാണ് ക്രൈംബ്രാഞ്ച് സംഘത്തിന് വീഴ്ച പറ്റിയത്. പ്രതിക്ക് മനസ്സിലാകുന്ന ഭാഷയിൽ ഗ്രൗണ്ട് ഓഫ് അറസ്റ്റ് വ്യക്തമാക്കിയിരിക്കണം എന്നാണ് മുൻ കേസുകളിലെ സുപ്രീം കോടതിയുടെ ഉത്തരവ്.

എന്നാൽ, ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ കോടതിയിൽ ഹാജരാക്കിയ ഗ്രൗണ്ട് ഓഫ് അറസ്റ്റിൽ മലയാളത്തിലായിരുന്നു വിവരങ്ങൾ. ഈ സാങ്കേതിക ലൂപ്‌ഹോൾ ഉപയോഗിച്ചാണ് പ്രതിഭാഗം അഭിഭാഷകൻ കോടതിയിൽ അറസ്റ്റിനെതിരെ വാദിച്ചത്. സംഭവത്തിൽ വലിയ നാണക്കേടിലായ ക്രൈംബ്രാഞ്ച് ഡോക്ടർ റാമിനെ വീണ്ടും അറസ്റ്റ് ചെയ്യാനുള്ള നടപടിയിലേക്ക് കടന്നു. കോടതിയുടെ അനുമതിയോടെ മാത്രമേ റീ-അറസ്റ്റ് സാധ്യമാകൂ. ഇതിനായി അപേക്ഷ നൽകും. ക്രൈംബ്രാഞ്ചിന്റെ വീഴ്ചയിൽ ഉത്തര മേഖലാ ഐ.ജി.യോട് റിപ്പോർട്ട് ആവശ്യപ്പെട്ടെന്നും വീഴ്ച പരിശോധിക്കുമെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.

അതേസമയം, ക്രൈംബ്രാഞ്ചിനെതിരെ നിതിൻരാജിന്റെ കുടുംബം രംഗത്തുവന്നു. ക്രൈംബ്രാഞ്ച് പ്രതിയെ സഹായിക്കുന്നുവെന്നും റാമിനെ പിടിച്ചത് കോടതി വിമർശിച്ചതു കൊണ്ട് മാത്രമാണെന്നും കുടുംബം ആരോപിച്ചു. നിലവിലെ അന്വേഷണത്തിൽ തൃപ്തിയില്ലെന്ന് കുടുംബം അറിയിച്ച പശ്ചാത്തലത്തിൽ ആഭ്യന്തര വകുപ്പ് പുതിയ അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:courtdyspcrime branchOrdersappearKannur Dental College Student Death
News Summary - Clarification on the lapse must be made; Crime Branch DySP ordered to appear in person in Nitinraj case
Next Story