പഠിച്ചുയരാൻ മോഹിച്ച നിതിൻ മടങ്ങിയത് അപമാന ഭാരത്താൽ; 'മുഖം നോക്കാതെ നടപടി വേണം'; സർക്കാരിനെതിരെ വി.ഡി സതീശൻ
text_fieldsകണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളജ് വിദ്യാർഥി നിതിൻ രാജിന്റെ ആത്മഹത്യ കേരള മനസാക്ഷിയെ നടുക്കുന്നതാണെന്നും കുറ്റക്കാരായ അധ്യാപകർക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ജാതീയ അധിക്ഷേപത്തെത്തുടർന്ന് ഒരു വിദ്യാർഥിക്ക് ജീവനൊടുക്കേണ്ടി വന്നത് കേരളത്തിലാണെന്ന് വിശ്വസിക്കാനാകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. നിതിൻ രാജിന്റെ കുടുംബത്തെ ആശ്വസിപ്പിക്കാൻ എത്തിയതായിരുന്നു അദ്ദേഹം.
ഹൈദരാബാദ് സർവകലാശാലയിലെ രോഹിത് വെമുല രാജ്യത്തിന്റെ നോവായിരുന്നു. ഇന്നിപ്പോൾ നിതിൻ രാജും ആ പട്ടികയിലേക്ക് ചേർക്കപ്പെട്ടിരിക്കുന്നു. സ്വന്തമായി ഒരു വീട് പോലുമില്ലാതെ, കഷ്ടപ്പെട്ട് പഠിപ്പിച്ചു വലുതാക്കിയ മകന്റെ മൃതദേഹം ഏറ്റുവാങ്ങേണ്ടി വന്ന ആ കുടുംബത്തിന്റെ വേദനക്ക് എന്ത് മറുപടിയാണ് നൽകാനുള്ളത്? ഈ കാലഘട്ടത്തിലും അധ്യാപകർക്ക് എങ്ങനെയാണ് ജാതി വെറിയന്മാരാകാൻ സാധിക്കുന്നത്?"- വി.ഡി. സതീശൻ ചോദിച്ചു.
നിതിൻ രാജിനെ അധ്യാപകർ നിരന്തരം ജാതീയമായി അധിക്ഷേപിക്കുകയും അപമാനിക്കുകയും ചെയ്തിരുന്നു. ഈ അപമാനഭാരത്താലാണ് ആ കുട്ടി ആത്മഹത്യ ചെയ്തതെന്നും ഇത്തരം അധ്യാപകർക്ക് സർവിസിൽ തുടരാൻ യോഗ്യതയില്ലെന്നും ഇവരെ പിരിച്ചുവിടുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിതിൻ രാജിന്റെ തിരുവനന്തപുരം ഉഴമലയ്ക്കലിലെ വീട്ടിൽ സതീശൻ എത്തിയപ്പോൾ, പൂക്കോട് വെറ്ററിനറി കോളജിൽ കൊല്ലപ്പെട്ട സിദ്ധാർത്ഥിന്റെ അമ്മയും അവിടെ ഉണ്ടായിരുന്നു. സിദ്ധാർത്ഥിന്റെ മരണത്തിൽ അന്ന് കടുത്ത നടപടിയെടുത്തിരുന്നെങ്കിൽ ഇത്തരം ക്രൂരതകൾ ആവർത്തിക്കില്ലായിരുന്നുവെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജാതീയ അധിക്ഷേപം തടയാൻ യു.ഡി.എഫ് പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്ത രോഹിത് വെമുല നിയമത്തിന്റെ അനിവാര്യതയാണ് ഈ സംഭവം ചൂണ്ടിക്കാണിക്കുന്നത്. കുറ്റവാളികൾക്ക് എതിരെ കർശന നടപടി വേണമെന്നും ഇനിയൊരു കുടുംബത്തിനും ഈ ഗതി വരാതിരിക്കാൻ സർക്കാർ ഉണർന്നു പ്രവർത്തിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

