നിതിൻ രാജിന്റെ മരണം: പ്രതിഷേധം കടുക്കുന്നു
text_fieldsകണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ബി.ഡി.എസ് വിദ്യാർഥി നിതിൻരാജിന്റെ മരണത്തില്‍ പ്രതിഷേധം കടുക്കുന്നു. തിങ്കളാഴ്ച കോളജ് പരിസരത്ത് വിവിധ വിദ്യാർഥി സംഘടനകളുടെ നേതൃത്വത്തിൽ വൻപ്രതിഷേധം അരങ്ങേറി. കെ.എസ്.യു, എം.എസ്.എഫ്, ജനാധിപത്യ മഹിളാ അസോസിയേഷന്, ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ, ഫ്രട്ടേണിറ്റി തുടങ്ങിയ സംഘടനകളാണ് പ്രതിഷേധവുമായി രംഗത്തുവന്നത്.
തിങ്കളാഴ്ച രാവിലെയാണ് കെ.എസ്.യു പ്രവര്‍ത്തകര്‍ കാമ്പസിലേക്ക് തള്ളിക്കയറിയത്. ഇതോടെ കോളജിൽ വൻസംഘർഷം ഉടലെടുത്തു. തൊട്ടുപിന്നാലെ എം.എസ്.എഫ് പ്രവര്‍ത്തകരും പ്രതിഷേധവുമായി രംഗത്തെത്തി. പി.കെ. ശ്യാമളയുടെ നേതൃത്വത്തില്‍ ജനാധിപത്യ മഹിളാ അസോസിയേഷന് പ്രവര്‍ത്തകരും വൻപ്രതിഷേധം നടത്തി. ഇതുകൂടാതെ അഞ്ചരക്കണ്ടി മെഡിക്കൽ കോളജ് യൂനിയനും അധ്യാപകർക്കെതിരെ പരസ്യമായി രംഗത്തുവന്നു. നിതിന്‍രാജ് ഉന്നയിച്ച വിഷയങ്ങളില്‍ നീതി ലഭ്യമാകണമെന്ന് കോളജ് യൂനിയന്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു. മാനേജ്മെന്റിന്റെ ഭാഗത്തുനിന്ന് ഇത് സംബന്ധിച്ച് ഉറപ്പ് ലഭിക്കുംവരെ ക്ലാസ് ബഹിഷ്കരിക്കുമെന്ന് വിദ്യാര്‍ഥികള്‍ വ്യക്തമാക്കി. കുറ്റാരോപിതരായ അധ്യാപകർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം പ്രതിഷേധം കടുപ്പിക്കുമെന്നും വിദ്യാർഥി സംഘനടകൾ മുന്നറിയിപ്പ് നൽകി.
സർക്കാർ നിതിന്റെ കുടുംബത്തോടൊപ്പം -മന്ത്രി ശിവൻകുട്ടി
തിരുവനന്തപുരം: സംസ്ഥാന സർക്കാർ നിതിൻ രാജിന്റെ കുടുംബത്തോടൊപ്പമാണെന്ന് മന്ത്രി വി. ശിവൻകുട്ടി. അന്വേഷണത്തിന് ഏഴംഗ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. മുഖ്യമന്ത്രി നിതിന്റെ കുടുംബത്തെ കാണുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. ജാതി വെറിയുള്ള അധ്യാപകർ കേരളത്തിന് അപമാനമാണ്. കുറ്റാരോപിതരായ സംഗീതയെയും റാമിനേയും പോലുള്ളവർ അധ്യാപക സമൂഹത്തിന് തന്നെ അപമാനമാണ്. കുടുംബത്തിന് വീട് നൽകുന്നത് അടക്കം സർക്കാർ ആലോചിക്കും. മുഖ്യമന്ത്രിയുമായി നേരിട്ട് കണ്ട് ഇക്കാര്യത്തിൽ തീരുമാനമെടുക്കും. രാഷ്ട്രീയ ഭേദമന്യേ വിഷയത്തെ സമീപിക്കണം. ഇന്റേണൽ മാർക്ക് അധ്യാപകർ നൽകുന്ന ദാനം അല്ല. അതിന് കൃത്യമായ മാനദണ്ഡം ഉണ്ടാക്കണം. മാർക്ക് ഒരു വ്യക്തി കൊടുക്കുന്ന രീതി മാറ്റി സമിതിയാക്കണമെന്നും ശിവൻകുട്ടി പറഞ്ഞു.
പ്രത്യേക അന്വേഷണ സംഘം മാതാപിതാക്കളുടെ മൊഴിയെടുത്തു
* അന്വേഷണത്തിന് ഉത്തരവിട്ട് ദേശീയ പട്ടികജാതി കമീഷൻ
നെടുമങ്ങാട്: പ്രതിഷേധം ശക്തമാകുന്നതിനിടെ, പ്രത്യേക അന്വേഷണ സംഘം മാതാപിതാക്കളുടെ മൊഴിയെടുത്തു. മരണത്തെക്കുറിച്ച് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിലെ ചക്കരക്കൽ സി.ഐ ഫക്രുദ്ദീന്റെ നേതൃത്വത്തിലുള്ള സംഘമാണ് തിങ്കളാഴ്ച വീട്ടിലെത്തി മാതാപിതാക്കളിൽനിന്ന് മൊഴിയെടുത്തത്.
ജാതി അധിക്ഷേപവും മാനസിക പീഡനവുമാണ് മകന്റെ ആത്മഹത്യക്ക് കാരണമെന്ന് അവർ അന്വേഷണ സംഘത്തോട് പറഞ്ഞു. എന്നാൽ, ലോൺ ആപ്പ് പരാതിയുടെ മറവിൽ നിതിൻ നേരിട്ട ജാതിഅധിക്ഷേപങ്ങളും മാനസിക സംഘർഷവും മറച്ചുവെക്കുകയാണെന്ന ഗുരുതര ആരോപണവും കുടുംബം ഉന്നയിച്ചു. ഇതൊരു ആത്മഹത്യയല്ലന്നും കൊലപാതകമാണെന്നും അവർ പറഞ്ഞു. ലോൺ ആപ്പിൽനിന്ന് ഭീഷണി കോളുകൾ വന്നതായി പറയുന്ന അധ്യാപിക ഒരിക്കൽപോലും അക്കാര്യം തങ്ങളെ അറിയിച്ചില്ലെന്നും നിതിന്റെ അച്ഛൻ രാജൻ അന്വേഷണ സംഘത്തോട് പറഞ്ഞു. പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ വീട്ടുകാർ പൊട്ടിക്കരഞ്ഞാണ് മൊഴി നൽകിയത്. മാതാപിതാക്കളായ ലത, രാജൻ എന്നിവർക്ക് പുറമെ സഹോദരി രാഖി, നിഖിത എന്നിവരുടെ മൊഴിയാണ് സംഘം രേഖപ്പെടുത്തിയത്.
അതേസമയം, സംഭവത്തിൽ ദേശീയ പട്ടികജാതി കമീഷന് അന്വേഷണത്തിന് ഉത്തരവിട്ടു. അഞ്ച് ദിവസത്തിനകം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ഡി.ജി.പിക്ക് നല്കിയ നിർദേശം. ബി.ജെ.പി സംസ്ഥാന സെക്രട്ടറി പി. ശ്യാംരാജ് നല്കിയ പരാതിയിലാണ് നടപടി.
ജാതി അധിക്ഷേം ആവർത്തിച്ച് പിതാവ്’
തിരുവനന്തപുരം: നിതിൻ കടുത്ത ജാതി അധിക്ഷേപം നേരിട്ടിരുന്നുവെന്ന് പിതാവ് രാജൻ ആവർത്തിക്കുന്നു. കോളജിൽ മനഃസാക്ഷിയുള്ള ഏതെങ്കിലും വിദ്യാർഥിയുണ്ടെങ്കിൽ എന്താണ് സംഭവിച്ചതെന്ന കാര്യം തുറന്ന് പറയണം. ആരും അതിന് തയാറാകുമെന്ന് തോന്നുന്നില്ല. മരിച്ചവൻ പോയി അതിന്റെ പിറകെ പോകാൻ ആരും തയാറാകില്ലെന്ന ചിന്തയായിരിക്കും എല്ലാവർക്കും. എന്നാൽ പാവപ്പെട്ട അച്ചന്റെയും അമ്മയുടെയും കണ്ണീർ കാണാതെ പോകരുതെന്ന് രാജൻ പറഞ്ഞു.
15,000 രൂപയുടെ ബാധ്യതക്ക് ആരെങ്കിലും ജീവനൊടുക്കുമോ? -യുവജന കമീഷൻ ചെയർമാൻ
കണ്ണൂർ: ഡെന്റൽ കോളജിൽ അധ്യാപകരുടെ ഭാഗത്ത് ഗുരുതര വീഴ്ചയാണുണ്ടായതെന്ന് യുവജന കമീഷൻ ചെയർമാൻ എം. ഷാജർ. കോളജിൽ വിദ്യാർഥികളിൽനിന്നും അധ്യാപകരിൽനിന്നും ജീവനക്കാരിൽനിന്നും മൊഴിയെടുക്കാൻ എത്തിയതായിരുന്നു അദ്ദേഹം. ‘‘നിറത്തിന്റെ പേരിൽ ജീവനൊടുക്കിയ നിതിൻരാജിനെ അധ്യാപകൻ റാം അധിക്ഷേപിച്ചതായി മറ്റു വിദ്യാർഥികൾ മൊഴി നൽകിയിട്ടുണ്ട്. നേരത്തെയും ഇത്തരം ആരോപണങ്ങൾ നേരിട്ടയാളാണ് അദ്ദേഹം. സ്റ്റാഫ് മുറിയിൽ താൻ പീഡിപ്പിക്കപ്പെട്ടുവെന്ന് നിതിൻരാജ് സഹോദരിക്ക് അയച്ച ശബ്ദ സന്ദേശത്തിൽനിന്ന് വ്യക്തമാണ്. വിദ്യാർഥികളുടെ പ്രശ്നങ്ങൾ അറിയാൻ സംസ്ഥാനത്തെ മുഴുവൻ സ്വാശ്രയ കോളജുകളിലും യുവജന കമീഷൻ സിറ്റിങ് നടത്തും. നിതിൻരാജ് ലോൺആപ്പിൽനിന്ന് വായ്പയെടുത്ത സാമ്പത്തിക ബാധ്യതയാലാണ് ജീവനൊടുക്കിയതെന്ന് വിശ്വസിക്കുന്നില്ല. വെറും 15,000 രൂപയുടെ ബാധ്യതക്ക് ആരെങ്കിലും ആത്മഹത്യചെയ്യുമോ..?’’ -ഷാജർ ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

