നിതിൻ രാജിന്റെ മരണം: 28ന് സംസ്ഥാനത്ത് ഹർത്താൽ നടത്തും
text_fieldsകണ്ണൂർ: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജിൽ ബി.ഡി.എസ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിന് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് 28ന് രാവിലെ ആറു മുതൽ വൈകിട്ട് ആറുവരെ സംസ്ഥാനത്ത് ഹർത്താൽ നടത്തുമെന്ന് ആക്‌ഷൻ കൗൺസിൽ. ജസ്റ്റിസ് ഫോർ നിധിൻരാജ് ആക്ഷൻ കൗൺസിലും ദലിത് ആദിവാസി സംഘടനകളുമാണ് ഹർത്താൽ നടത്തുന്നത്. കേരളത്തിൽ ഇനിയൊരു ക്യാംപസ് മരണം ഉണ്ടാവരുമെന്നും അതിനുള്ള പ്രതിരോധമെന്ന നിലയിലാണ് ഹർത്താൽ നടത്തുന്നത്.
രോഹിത് വെമുല നിയമം നടപ്പാക്കുക, നിതിൻ രാജിന്റെ കുടുംബത്തിന് 10 കോടി രൂപ നഷ്ടപരിഹാരം നൽകുക, അഞ്ചരക്കണ്ടി ഡെന്റൽ കോളജിന്റെ അഫിലിയേഷൻ റദ്ദാക്കുക, ജുഡീഷ്യൽ മേൽനോട്ടത്തിൽ കേസന്വേഷണം നടത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഹർത്താൽ. പ്രിൻസിപ്പൽ അടക്കമുള്ള അധ്യാപകരെ പ്രതി ചേർക്കാനോ ചോദ്യം ചെയ്യാനോ തയാറാകാതെ പൊലീസ് കേസ് അട്ടിമറിക്കാനുള്ള നീക്കം നടത്തുകയാണെന്ന് ആക്ഷൻ കൗൺസിൽ കുറ്റപ്പെടുത്തി. കോളജ് മാനേജ്മെന്റിനേയും അധ്യാപകരേയും രക്ഷിക്കാൻ ലോൺ വായ്പയുടെ പേരിലുള്ള ആത്മഹത്യയാക്കി മാറ്റാനുള്ള പൊലീസ് ശ്രമങ്ങളെ ഒറ്റക്കെട്ടായി നേരിടുമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു. ചെയർമാൻ കെ.കെ. സുരേഷ്, ജനറൽ കൺവീനർ സണ്ണി എം. കപിക്കാട്, ട്രഷറർ ജെയ്സ് പാണ്ടനാട് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് അധ്യാപിക ഡോ. കെ.ടി. സംഗീത നമ്പ്യാര്‍ക്ക് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചതില്‍ അതൃപ്തിയുണ്ടെന്ന് നിതിന്റെ പിതാവ്. സംഗീതക്കും ഡോ. എം.കെ. റാമിനുമെതിരെ പൊലീസിന് വ്യക്തമായ മൊഴി നൽകിയതാണ്. സംഗീതയും കുറ്റവാളിയാണ്. പൊലീസ് ഒത്തുകളിക്കുകയാണ്. ലജ്ജാകരമായ വിധിക്കെതിരെ മേല്‍ക്കോടതിയെ സമീപിക്കുമെന്നും പിതാവ് പറഞ്ഞു. മകന്‍ ഒരിക്കലും ആത്മഹത്യ ചെയ്തതല്ല. ഞാന്‍ അവിടെ പോയി കണ്ടതാണ്. ആ സ്ഥലത്തേക്ക് അത്രയും ഉയരത്തുനിന്ന് ഒരാള്‍ വീണാല്‍ തല ഉള്‍പ്പെടെ ചിതറിപ്പോകും. എന്നാല്‍, നിതിന് അത്തരം പരുക്കുകളൊന്നും ഉണ്ടായിരുന്നില്ല. അടിമുടി ദുരൂഹതയാണുള്ളത്. ഒരു കാരണവശാലും സംഗീതക്ക് ജാമ്യം അനുവദിക്കാന്‍ പാടില്ലായിരുന്നുവെന്നാണ് കുടുംബത്തിന്റെ നിലപാടെന്നും പിതാവ് പറഞ്ഞു.
പിന്തുണ -കെ.പി.എസ്.എം
കോട്ടയം: കണ്ണൂർ ഡെന്റൽ കോളജ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ നീതി ആവശ്യപ്പെട്ട് ദലിത് സംഘടനകൾ 28ന് പ്രഖ്യാപിച്ച ഹർത്താലിന് കേരള പിന്നാക്ക സമുദായ മുന്നണി (കെ.പി.എസ്.എം) പിന്തുണ പ്രഖ്യാപിച്ചു. കേസ് അന്വേഷണത്തിൽ പൊലീസ് പുലർത്തുന്ന നിസ്സംഗതയിലും പ്രതികളെ സംരക്ഷിക്കാനുള്ള നീക്കങ്ങളിലും പ്രതിഷേധിച്ചാണ് ഹർത്താലിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നത്. പൊലീസ് അന്വേഷണത്തിൽ വിശ്വാസമില്ലെന്നും കേസ് സ്വതന്ത്ര ഏജൻസിക്ക് കൈമാറണമെന്നും പ്രതികളായ അധ്യാപകരെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും സംസ്ഥാന പ്രസിഡന്റ് കെ.വി. പത്മനാഭനും ജനറൽ സെക്രട്ടറി എസ്. അൻവറും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

