Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനിതിന്‍ രാജിന്‍റെ...

നിതിന്‍ രാജിന്‍റെ മരണം; മുന്‍കൂര്‍ ജാമ്യ ഹരജി നൽകി ഡോ. റാം

text_fields
bookmark_border
നിതിന്‍ രാജിന്‍റെ മരണം; മുന്‍കൂര്‍ ജാമ്യ ഹരജി നൽകി ഡോ. റാം
cancel

കൊച്ചി: അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാര്‍ഥി നിതിന്‍ രാജിന്‍റെ മരണവുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ അധ്യാപകൻ ഡോ. എം.കെ. റാം ഹൈകോടതിയിൽ മുൻകൂർ ജാമ്യ ഹരജി നൽകി. സെഷൻസ് കോടതി മുൻകൂർ ജാമ്യ ഹരജി തള്ളിയ സാഹചര്യത്തിലാണ് ഹൈകോടതിയെ സമീപിച്ചത്. ആന്ധ്രയില്‍ ജനിച്ച് കര്‍ണാടകയിൽ വളർന്ന തന്നെ മറ്റു ചിലരുടെ പ്രേരണയിൽ കേസിൽപ്പെടുത്തിയതാണെന്ന് ഹരജിയിൽ പറയുന്നു.

അധ്യാപകര്‍ ബുദ്ധിമുട്ടിക്കാറുണ്ടായിരുന്നുവെന്ന കാര്യം നിതിൻ രാജ് ആരോടും പറഞ്ഞിട്ടില്ലെന്ന് ഹരജിയിൽ പറയുന്നു. ലോൺ ആപ്പ് വഴി വായ്പയെടുത്തിരുന്ന നിതിന്‍ രാജ് അധ്യാപികയുടെ നമ്പരാണ് ബന്ധപ്പെടാനായി നല്‍കിയത്. വായ്പ മുടങ്ങിയതോടെ ലോണ്‍ ആപ്പുകാര്‍ അധ്യാപികയെ വിളിച്ച് ബുദ്ധിമുട്ടിക്കാന്‍ തുടങ്ങി. തുടര്‍ന്ന് അധ്യാപിക ലോണ്‍ ആപ്പുകാര്‍ക്കെതിരെ പൊലീസിനും നിതിനെതിരെ പ്രിന്‍സിപ്പലിനും പരാതി നല്‍കി. തുടർന്ന് നിതിനെ പ്രിന്‍സിപ്പലിന്‍റെ മുറിയിലേക്ക് വിളിപ്പിച്ചു. ഇതിന് പിന്നാലെയായിരുന്നു മരണം.

എന്നാൽ, നിതിന്‍റെ പിതാവ് ജാതി ആക്ഷേപം നടത്തിയെന്നാരോപിച്ച് താനടക്കമുള്ള അധ്യാപകര്‍ക്കെതിരെ പരാതി നല്‍കുകയായിരുന്നു. അധ്യാപകരില്‍ ഭൂരിപക്ഷം പേരും മലയാളികളാണ്. മാധ്യമ വിചാരണ കേസിനെയും സെഷൻസ് കോടതിയിലെ ജാമ്യ ഹരജിയെയും സ്വാധീനിച്ചതായും ഹരജിയിൽ പറയുന്നു.

ഫോൺ പരിശോധന കാത്ത് അന്വേഷണ സംഘം

കണ്ണൂർ: അഞ്ചരക്കണ്ടി കണ്ണൂർ ഡെന്റൽ കോളജ് ഒന്നാംവർഷ ബി.ഡി.എസ് വിദ്യാർഥി തിരുവനന്തപുരം ഉഴമലക്കൽ സ്വദേശി ആർ.എൽ. നിതിൻരാജിന്റെ മരണത്തിൽ ഫോൺ പരിശോധനാഫലം കാത്ത് പ്രത്യേക അന്വേഷണ സംഘം. സൈബർ സെല്ലിന്റെ ഫോൺ പരിശോധന പൂർത്തിയാകുന്നതോടെ അന്വേഷണം നിർണായക ഘട്ടത്തിലേക്ക് കടക്കുമെന്നാണ് പൊലീസ് നിഗമനം. നിതിൻരാജ് നേരിട്ട ജാതിവിവേചനം മുഖ്യവിഷയമാക്കി ദലിത് സംഘടനകൾ സംസ്ഥാന ഹർത്താൽ നടത്തിയെങ്കിലും ആ നിലക്കല്ല അന്വേഷണമെന്നാണ് സൂചനകൾ.

പട്ടികജാതി-വർഗ അതിക്രമം തടയൽ നിയമം ഉൾപ്പെടെ ചുമത്തി കോളജിലെ അധ്യാപകരായ ഡോ. എം.കെ. റാം, ഡോ. കെ.ടി. സംഗീത നമ്പ്യാർ എന്നിവർക്കെതിരെ കേസെടുത്തിട്ടുണ്ട്. വിദ്യാർഥി മരിച്ചിട്ട് മൂന്നാഴ്ചയാകുമ്പോഴും ഒന്നാം പ്രതി ഡോ. റാമിനെ കണ്ടെത്താൻ പൊലീസിന് സാധിച്ചിട്ടില്ല. ഇദ്ദേഹത്തിനായി ആന്ധ്രപ്രദേശ് ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിൽ പൊലീസ് തിരച്ചിൽ നടത്തുന്നുണ്ട്. മുൻകൂർ ജാമ്യം നേടിയ ഡോ. സംഗീത നമ്പ്യാർ അന്വേഷണ സംഘത്തിനു മുമ്പാകെ എത്തിയതിനാൽ ഇവരെ മാത്രമാണ് ചോദ്യം ചെയ്യാൻ കഴിഞ്ഞത്. ഇത്രയുംദിവസം കഴിഞ്ഞിട്ടും മുഖ്യപ്രതിയെ കണ്ടെത്താൻ കഴിയാത്തതിൽ പ്രതിഷേധിച്ചുമാണ് ദലിത് സംഘടനകൾ ഹർത്താലാചരിച്ചത്.

നിതിനെ മാനസികമായി തളർത്തിയത് ലോൺ ആപ്പിൽനിന്നുള്ള വായ്പയാണെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രധാന കണ്ടെത്തൽ.

ഇതുസംബന്ധിച്ച് കോളജിലെ അധ്യാപിക നൽകിയ പരാതിയിൽ ചോദ്യം ചെയ്യാൻ പ്രിൻസിപ്പലിന്റെ മുറിയിലേക്ക് വിളിപ്പിച്ചതും തുടർന്നുള്ള ചർച്ചയും നിതിനെ തളർത്തിയെന്നും അന്വേഷണ സംഘം കരുതുന്നു. ഏപ്രിൽ 10ന് ഉച്ചക്ക് 1.38നാണ് കോളജ് കെട്ടിടത്തിന് മുകളിൽനിന്ന് നിതിൻ ചാടി മരിച്ചത്. പ്രിൻസിപ്പലിന്റെ മുറിയിൽനിന്ന് ഉച്ചക്ക് 1.20നാണ് നിതിൻ പുറത്തിറങ്ങിയത്. ആ നിലക്ക് പ്രിൻസിപ്പൽ ഉൾപ്പെടെയുള്ളവരെയും പ്രതി ചേർക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. കോളജിൽ നിതിനുമായി ബന്ധപ്പെട്ട മുഴുവൻ ഇടപാടുകളും പരിശോധിക്കുകയാണ് പൊലീസ് ചെയ്യുന്നത്. ഇത് ജാതിവിവേചന പരാതി മറികടക്കാനാണെന്നാണ് കുടുംബവും ദലിത് സംഘടനകളും ആരോപിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kannur Dental College Student Death
News Summary - Nitin Raj's death; Dr. Ram files anticipatory bail plea
Next Story