നിതിൻ രാജിന്റെ മരണം: ഡോക്ടർമാരുടെ മുൻകൂർ ജാമ്യ ഹരജിയിൽ വിധി നാളെ
text_fieldsതലശ്ശേരി: അഞ്ചരക്കണ്ടിയിലെ കണ്ണൂർ ഡെന്റൽ കോളജ് ഒന്നാം വർഷ ബി.ഡി.എസ് വിദ്യാർഥി നിതിൻ രാജ് മരിച്ച സംഭവത്തിൽ പാതോളജി വിഭാഗം മുൻ തലവൻ ഡോ. എം.കെ. റാം, ഓറൽ പാതോളജി വിഭാഗം അസോസിയേറ്റ് പ്രഫസർ ഡോ. കെ.ടി. സംഗീത നമ്പ്യാർ എന്നിവർ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ അഡീഷനൽ ജില്ല കോടതി (നാല്) ജഡ്ജി ജെ. വിമൽ 25 ന് വിധി പറയും. ഹരജിയിൽ കുറ്റാരോപിതരായ ഡോക്ടമാർക്കും നിതിൻ രാജിന്റെ കുടുംബത്തിനും വേണ്ടി ഹാജരായ അഭിഭാഷകരുടെയും പ്രോസിക്യൂഷന്റെയും വാദം കേട്ട കോടതി വിധി പറയാനായി 25 ലേക്ക് മാറ്റുകയായിരുന്നു.
പട്ടിക ജാതി-പട്ടിക വർഗ അതിക്രമ നിരോധന നിയമപ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ കുറ്റാരോപിതരായ ഡോക്ടർമാർ മുൻകൂർ ജാമ്യത്തിന് അർഹരല്ലെന്ന് പ്രോസിക്യൂഷൻ വാദിച്ചു. താൻ കർണാടകയിലെ ബജേന്ദ്രി വിഭാഗത്തിൽ പെട്ടയാളാണെന്നും അതിനാൽ പ്രസ്തുത വിഭാഗത്തിൽ പെട്ട നിതിൻ രാജിനെ ജാതിയധിക്ഷേപം നടത്തിയെന്ന കുറ്റം നിലനിൽക്കില്ലെന്നുമായിരുന്നു മുൻകൂർ ജാമ്യാപേക്ഷയിൽ കേസിലെ ഒന്നാം പ്രതിസ്ഥാനത്തുള്ള എം.കെ. റാം ഹരജിയിൽ ബോധിപ്പിച്ചിരുന്നത്. എന്നാൽ, ബജേന്ദ്രി സമുദായം പട്ടികജാതി വിഭാഗത്തിൽ ഉൾപെട്ടതല്ലെന്നും ഒ.ബി.സി വിഭാഗത്തിലുള്ളതാണെന്നുമുള്ള തെളിവുകൾ സംസ്ഥാന അധികാരികളിൽ നിന്നും ലഭിച്ച സർട്ടിഫിക്കറ്റുകളിലൂടെ പ്രോസിക്യൂഷൻ കോടതിയെ ബോധിപ്പിച്ചു.
നിതിൻ രാജ് മരിച്ച ദിവസം സ്റ്റാഫ് റൂമിലും പ്രിൻസിപ്പലിന്റെ മുറിയിലും നടന്ന സംഭവങ്ങൾ കോടതിയുടെ ശ്രദ്ധയിൽ എത്തിച്ചായിരുന്നു മുൻകൂർ ജാമ്യാപേക്ഷയെ പ്രോസിക്യൂഷൻ ശക്തമായി എതിർത്തത്. ഇത് സമർത്ഥിക്കാനായി രണ്ട് ഓഫിസുകളിലെയും തത്സമയ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് കസ്റ്റഡിയിലെടുത്ത് കോടതിയിൽ ഹാജരാക്കിയിരുന്നു.
കഴിഞ്ഞ10ന് ഉച്ച 1.38ന് കോളജ് കെട്ടിടത്തിന് താഴെ വീണു കിടക്കുന്ന നിലയിൽ കാണപ്പെട്ട നിതിൻ രാജിനെ ആശുപത്രി അത്യാഹിത വിഭാഗത്തിൽ എത്തിച്ചപ്പോൾ അവിടെ എത്തിയ ഒന്നാം പ്രതി റാം നിതിൻ രാജ് ഇത് ചെയ്തത് സിംപതി കിട്ടാൻ വേണ്ടിയാണെന്ന് പറഞ്ഞതും സാക്ഷിമൊഴിയിലൂടെ പ്രോസിക്യൂഷൻ സമർത്ഥിച്ചു. പ്രോസിക്യൂഷന് വേണ്ടി ഗവ. പ്ലീഡർ അഡ്വ.കെ. അജിത്ത് കുമാർ ഹാജരായി. നിതിൻ രാജിൻ്റെ കുടുംബത്തിന് വേണ്ടി അഡ്വ. വിനോദ് രാഘവനും പ്രതിഭാഗത്തിന് വേണ്ടി അഡ്വ. എം. കിഷോർ കുമാർ, വി. ജയകൃഷ്ണൻ എന്നിവരും ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

