Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നിതിൻരാജിന്‍റെ മരണം: ഡോ. കെ. റാമിനെ കോളജിൽനിന്ന് പുറത്താക്കി

text_fields
bookmark_border
നിതിൻരാജിന്‍റെ മരണം: ഡോ. കെ. റാമിനെ കോളജിൽനിന്ന് പുറത്താക്കി
cancel

കണ്ണൂര്‍: അഞ്ചരക്കണ്ടി സ്വകാര്യ ഡെന്‍റൽ കോളജ് വിദ്യാര്‍ഥി നിതിൻ രാജിന്‍റെ മരണത്തിൽ ആരോപണ വിധേയനായ ഡോ. കെ. റാമിനെ പുറത്താക്കിയതായി മാനേജ്മെന്‍റ്. രക്ഷിതാക്കളുടെ യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്.

അന്വേഷണ വിധേയമായി റാമിനെ നേരത്തെ കോളജിൽനിന്ന് സസ്‌പെൻഡ് ചെയ്തിരുന്നു. കോളജിലെ ഓറല്‍ പാത്തോളജി വിഭാഗം മേധാവിയായിരുന്നു. നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് റാമിനെതിരെ ആത്മഹത്യാപ്രേരണാക്കുറ്റം, പട്ടികജാതി-പട്ടികവർഗ അതിക്രമ നിരോധന നിയമം തുടങ്ങിയ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്. നിതിൻരാജിന്റെ ആത്മഹത്യക്ക് മുമ്പും ഇയാൾക്കെതിരെ നിരവധി പരാതികളുയർന്നിരുന്നു.

ആത്മഹത്യക്ക് പിന്നാലെ കൂടുതൽ വിദ്യാർഥികൾ റാമിനെതിരേ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തി. റാമിനെ പുറത്താക്കുന്നത് വരെ പഠനം ബഹിഷ്കരിക്കുമെന്ന് പ്രഖ്യാപിച്ച വിദ്യാർഥികൾ ഇന്ന് കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു. രക്ഷിതാക്കളും ഇതേ ആവശ്യമുന്നയിച്ച് മാനേജ്മെന്റുമായി ചർച്ച നടത്തി. വൈകീട്ടോടെയാണ് പുറത്താക്കുന്നത് സംബന്ധിച്ച് ഉത്തരവ് പുറത്തുവന്നത്. കഴിഞ്ഞദിവസം നടന്ന കോളജ് മാനേജ്‌മെന്റിന്റെ യോഗത്തിൽ റാമിനെ സ്ഥാപനത്തിൽനിന്ന് പുറത്താക്കാൻ തീരുമാനിച്ചെങ്കിലും നടപടി വൈകിയതോടെയാണ് പ്രതിഷേധവുമായി വിദ്യാർഥികൾ രംഗത്തുവന്നത്.

നിതിൻരാജിന്റെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് രജിസ്റ്റർചെയ്ത രണ്ടുകേസുകളിലാണ് ഡോ. റാം പ്രതിചേർക്കപ്പെട്ടിട്ടുള്ളത്. അതേസമയം, നിതിന്‍ രാജിന്‍റെ മരണത്തില്‍ ഗവര്‍ണര്‍ ഇടപെട്ടു. മരണത്തിന് കാരണക്കാരായ കോളജ് അധികൃതര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ ആരോഗ്യ സര്‍വകലാശാല വൈസ് ചാന്‍സലര്‍ മോഹൻ കുന്നുമ്മലിന് ഗവർണർ രാജേന്ദ്ര അർലേക്കർ നിര്‍ദേശം നല്‍കി. കുറ്റക്കാർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്ന് വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം നിതിൻ രാജിന്‍റെ വീട് സന്ദർശിച്ച മോഹൻ കുന്നുമ്മൽ തിരുവനന്തപുരത്ത് ലോക്ഭവനിലെത്തി ഗവർണറെ നേരിൽ കണ്ട് കാര്യങ്ങൾ വിശദീകരിച്ചു.

ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഗവർണർ വിഷയത്തിൽ ഇടപെട്ട് കർശന നടപടിക്ക് നിർദേശം നൽകിയത്. അതിനിടെ, നിതിന്‍ രാജിന്‍റെ പുതിയ ശബ്ദസന്ദേശങ്ങളും പുറത്തുവന്നിട്ടുണ്ട്. ഒരു അധ്യാപകന്‍ തനിക്ക് നല്ല പിന്തുണ നല്‍കിയിരുന്നെന്നും ‍ഡോക്ടറായിട്ടേ താന്‍ പുറത്തിറങ്ങൂ എന്നുമാണ് സന്ദേശത്തിലുള്ളത്. സമരം അവസാനിപ്പിച്ച് വിദ്യാർഥികൾ വെള്ളിയാഴ്ച മുതൽ ക്ലാസിൽ കയറുമെന്ന് രക്ഷിതാക്കൾ അറിയിച്ചു. ഏപ്രിൽ 10നാണ് നിതിൻരാജ് ആശുപത്രി കെട്ടിടത്തിന്റെ മുകളിലത്തെ നിലയിൽനിന്ന് ചാടി മരിച്ചത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Nithinraj's death: Dr. K. Ram expelled from college
Next Story