നിതിൻരാജിന്റെ മരണം: ക്രൈംബ്രാഞ്ച് അന്വേഷണം അടുത്തയാഴ്ച
text_fieldsകണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളജ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ കണ്ണൂർ ക്രൈംബ്രാഞ്ച് അടുത്തയാഴ്ച അന്വേഷണം ഏറ്റെടുക്കും. പ്രതിഷേധം കനത്തതോടെയാണ് എസ്.ഐ.ടിയിൽനിന്ന് അന്വേഷണം സർക്കാർ കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ചിന് കൈമാറിയത്. ഇതു സംബന്ധിച്ചുള്ള റിപ്പോർട്ട് ലഭിക്കുന്നതോടെ കണ്ണൂർ ക്രൈംബ്രാഞ്ച് എസ്.പി പി. ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിലാണ് അന്വേഷണം ഏറ്റെടുക്കുക.
ആത്മഹത്യ പ്രേരണക്കേസിൽ കോടതി ജാമ്യം നിഷേധിച്ചിട്ടും ഒന്നാം പ്രതിയും കോളജിലെ അധ്യാപകനുമായ ഡോ. എം.കെ. റാമിനെ ഇനിയും പിടികൂടാനാവാത്തത് വലിയ ചർച്ചയായതിനിടെയാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുള്ളത്.
രണ്ടാം പ്രതി ഡോ. സംഗീത നമ്പ്യാർക്ക് ജില്ല കോടതി ജാമ്യം അനുവദിച്ചതിനു പിന്നാലെ അന്വേഷണ സംഘം അവരെ അറസ്‌റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടിരുന്നു. റാമിനെ കണ്ടെത്താൻ അന്വേഷണസംഘം ദിവസങ്ങളോളം ആന്ധ്രയിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. ഫോൺകാളുകളും സന്ദേശങ്ങളും നിരീക്ഷിച്ചാണ് പൊലീസ് ആന്ധ്രയിലെത്തിയത്.
റാം ഫോണിൽ ബന്ധപ്പെട്ട ചിലരെ ചോദ്യംചെയ്തെങ്കിലും പ്രതി എവിടെയെന്ന സൂചന ലഭ്യമായില്ല. കണ്ണൂർ എ.സി.പി ഹരിപ്രസാദ്, ചക്കരക്കല്ല് ഇൻസ്പെക്ടർ കെ.എ. ഫക്രുദ്ദീൻ എന്നിവരുടെ നേതൃത്വത്തിലാണ് തുടക്കം മുതൽ കേസന്വേഷണം നടത്തിയിരുന്നത്. ഏപ്രിൽ 10നാണ് നിതിൻ കെട്ടിടത്തിൽനിന്ന് ചാടി ജീവനൊടുക്കിയത്.
ജാതി അധിക്ഷേപത്തിൽ മനംനൊന്താണ് മകന്റെ മരണമെന്നാണ് നിതിന്റെ മാതാപിതാക്കൾ പറയുന്നത്.
ലോൺ ആപ്പ് ചതിയിൽ കുടുക്കിയതിനാൽ അതുമായി ബന്ധപ്പെട്ട രണ്ടുപേരെ പൊലീസ് കഴിഞ്ഞയാഴ്ച അറസ്‌റ്റ് ചെയ്തിരുന്നു. നിതിന്റെ മരണം കഴിഞ്ഞ് 21 ദിവസമായിട്ടും ഒന്നാം പ്രതിയെ പിടികൂടാത്തത് വീണ്ടും വലിയ വിവാദങ്ങൾക്ക് വഴിയൊരുക്കിയിട്ടുണ്ട്.
ഇനി ക്രൈംബ്രാഞ്ച് സംഘം വീണ്ടും സംഭവവുമായി ബന്ധപ്പെട്ട ഓരോരുത്തരുടെയും മൊഴിയെടുത്താണ് അന്വേഷണം നടത്തുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
