ജാതിയില്ലാ കേരളമെന്ന പൊതുബോധത്തിലേക്കാണ് നിധിൻരാജിന്റെ മരണം ചോദ്യമുയർത്തുന്നത് -നഈം ഗഫൂർ
text_fieldsതിരുവനന്തപുരം: ജാതിയില്ലാ കേരളമെന്ന വംശീയ പൊതുബോധത്തിലേക്കാണ് കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളജിൽ ജാതിവിവേചനത്താൽ ജീവത്യാഗം ചെയ്ത ബി.ഡി.എസ് വിദ്യാർത്ഥി നിതിൻ രാജ് ചോദ്യശരങ്ങൾ തൊടുത്തുവിട്ടതെന്ന് ഫ്രറ്റേണിറ്റി ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് നഈം ഗഫൂർ. പ്രതികൾക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് അഞ്ചരക്കണ്ടി ഡെന്റൽ കോളജിലേക്ക് നാളെ ഫ്രറ്റേണിറ്റി മൂവ്മെന്റ് മാർച്ച് നടത്തും.
അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ അധ്യാപകരായ ഡോ. റാം, ഡോ. സംഗീത എന്നിവരുടെ ഭാഗത്ത് നിന്നുണ്ടായ നിരന്തരമായ ജാതിവിവേചനമാണ് നിധിൻ രാജിന്റെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന കുടുംബത്തിന്റെ പരാതിയെത്തുടർന്ന് ഈ അധ്യാപകരെ നിലവിൽ അന്വേഷണവിധേയമായി സസ്പൻഡ് ചെയ്തിരിക്കുകയാണ്. തന്റെ മകനെ ഡോ. റാം പുഴുത്ത പട്ടി എന്നടക്കം വിളിച്ചധിക്ഷേപിച്ചിട്ടുണ്ടെന്നാണ് നിധിൻ രാജിൻെറ അച്ഛൻ വെളിപ്പെടുത്തുന്നത്.
ഈ വെളിപ്പെടുത്തലുകൾ എല്ലാം പുറത്ത് വരുന്ന നിമിഷങ്ങളിലെ കേവല നടപടികൾക്കപ്പുറം പൊതുബോധ നിശബ്ദതയോടൊപ്പം ഇവയെല്ലാം തേയ്ച്ച് മായ്ക്കപ്പെടുകയും കുറ്റക്കാർ സംരക്ഷിക്കപ്പെടുകയും ചെയ്യും എന്നത് തന്നെയാണ് എം.ജി സർവകലാശാലയിൽ ജാതിവിവേചനത്തിരയായ ഗവേഷക വിദ്യാർത്ഥി ദീപ പി മോഹനന്റെയും കേരള സർവ്വകലാശാല കാര്യവട്ടം കാമ്പസിൽ ജാതി വിവേചനം നേരിട്ട ഗവേഷക വിദ്യാർത്ഥി വിപിൻ വിജയന്റെയുമെല്ലാം അനുഭവങ്ങളുടെ തുടർനടപടികൾ ചൂണ്ടിക്കാട്ടുന്നത്. എസ്.സി-എസ്.ടി ആട്രോസിറ്റീസ് ആക്ട് പോലെയുള്ള നിയമസുരക്ഷയുണ്ടായിട്ടും കാമ്പസിനകത്ത് നടക്കുന്ന വിവേചനങ്ങളിൽ ആ പരിരക്ഷ റദ്ദ് ചെയ്യപ്പെടുന്നത് സൂക്ഷ്മാർത്ഥത്തിലുള്ള അധിക്ഷേപങ്ങളുടെ മേലുള്ള തെളിവുകളും സാക്ഷികളും പലപ്പോഴും പ്രിവിലേജുള്ള അധ്യാപകർക്കനുകൂലമായി മാറ്റപ്പെടുന്നു എന്നത് കൊണ്ടാണ്.
വിവേചനങ്ങൾ നേരിടുന്നു എന്നത് മാത്രമല്ല, അവ പരിഹരിക്കപ്പെടാനോ, മിനിമം അംഗീകരിക്കാനോ പോലുമുള്ള ഒരു വ്യവസ്ഥിതി ഇല്ലാതാകുമ്പോഴാണ് സ്വന്തം ജീവൻ കൊണ്ട് തന്നെ തന്റെ ആത്മാഭിമാനത്തിന് പ്രതിരോധം തീർക്കാൻ ഈ വിദ്യാർത്ഥികൾ നിർബന്ധിതരാകുന്നത്. രോഹിത് വെമുലയുടെ വ്യവസ്ഥാപിത കൊലപാതകം മുന്നോട്ട് വെച്ച ഈ രാഷ്ട്രീയ പ്രതിരോധം മാത്രമേ ഇന്നും കേരളത്തിലടക്കമുള്ള ദലിത്-ആദിവാസി-പിന്നാക്ക-ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് അവശേഷിക്കുന്നുള്ളൂ എന്ന് തന്നെയാണ് അഞ്ചരക്കണ്ടിയിൽ ജീവനൊടുക്കിയ നിധിൻ രാജും മുന്നോട്ട് വെക്കുന്ന യാഥാർത്ഥ്യം.
ഉന്നത വിദ്യാഭ്യാസ രംഗത്തെ സൂക്ഷ്മമായ വംശീയ-ജാതി വിവേചനങ്ങളെ കൃത്യമായി വിശദീകമാക്കുന്ന നിയമനിർമാണത്തിലൂടെ മാത്രമേ വിവേചനം അനുഭവിക്കുന്നു എന്ന സാമൂഹിക അംഗീകാരത്തിലേക്കെങ്കിലും ആയിരക്കണക്കിന് വിദ്യാർത്ഥികളുടെ സാമൂഹിക അനീതിയെ മുഖവിലക്കെടുക്കുന്ന ഒരു രാഷ്ട്രീയ പ്രതലത്തിലേക്ക് നമുക്ക് എത്തിച്ചേരാൻ കഴിയുകയുള്ളൂ. രോഹിതിനെ പോലെ തന്നെ ഒരു വ്യക്തിയുടെ ഐഡന്റിന്റിറ്റിയിലേക്ക് മാത്രം തന്റെ ആത്മാഭിമാനം ചുരുക്കപ്പെട്ടത് കൊണ്ടാണ് നിധിനും നമുക്ക് മുന്നിൽ ജീവത്യാഗം ചെയ്യപ്പെട്ടത്. അതിന് വഴിയൊരുക്കുന്നത് ജാതി രഹിത കേരളമെന്ന സവർണ്ണ തോലിട്ട ഇടത് പുരോഗമന മേനി കൂടിയാണ്.
വംശീയ ശുദ്ധീകരണത്തിന്റെ ഈ തിരുമേനികളുടെ ജാതി ബോധത്തെ തുടച്ച് കളയണമെങ്കിൽ കേരളത്തിൽ രോഹിത് ആക്ട് എന്ന രാഷ്ട്രീയ ഡിമാന്റ് ഇനിയും ശക്തിപ്പെടേണ്ടതുണ്ട്. രോഹിത് മുന്നോട്ട് വെച്ച സാമൂഹിക നീതിയുടെ രാഷ്ട്രീയത്തെ കൂടുതൽ ഉച്ചത്തിൽ വിളിച്ച് പറയാനാണ് നിധിൻ രാജും തന്റെ രക്തസാക്ഷിത്വത്തിലൂടെ വിളിച്ചു പറഞ്ഞത്. നിധിൻ രാജിന്റെ നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തെ ഫ്രറ്റേണിറ്റി മൂവ്മെന്റ് മുന്നിൽ നിന്ന് നയിക്കുമെന്നും അദ്ദേഹം കൂട്ടിചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

