നിതിൻ രാജിന്റെ മരണം: സി.ബി.ഐ അന്വേഷിക്കണമെന്ന് ദലിത് നേതാക്കൾ
text_fieldsകോട്ടയം: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജ് വിദ്യാർഥി നിതിൻ രാജിന്റെ മരണം സി.ബി.ഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ദലിത് സംഘടന നേതാക്കൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. 17ന് തിരുവനന്തപുരത്ത് ചേരുന്ന ദലിത് പൗരാവകാശ-ജനാധിപത്യ കൺവെൻഷൻ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പ്രക്ഷോഭ സമരത്തിന് രൂപം നൽകും. കൺവൻഷനിൽ എല്ലാ പട്ടികവിഭാഗ പരിവർത്തിത ക്രൈസ്തവ നേതാക്കളെയും പൗരാവകാശ- മനുഷ്യാവകാശ പ്രവർത്തകരെയും പങ്കെടുപ്പിക്കും.
കൺവെൻഷൻ നടത്തിപ്പിന് ഐ.കെ. രവീന്ദ്രരാജ് ചെയർമാനും പി.എസ്. രാജ്മോഹൻ തമ്പുരാൻ ജനറൽ കൺവീനറുമായി 51 അംഗ സംഘാടക സമിതി രൂപവത്കരിച്ചു. നിതിൻ രാജിന്റേത് ആസൂത്രണ കൊലപാതകമാണെന്ന് സാഹചര്യത്തെളിവുകൾ വ്യക്തമാക്കിയിട്ടും ആത്മഹത്യയാക്കി മാറ്റി, കുറ്റം ലോൺ ആപ്പുകാരുടെ ചുമലിൽ കെട്ടിവെക്കുകയാണ് പൊലീസെന്നും നേതാക്കൾ ആരോപിച്ചു.
കെ.പി.എം.എസ് സംസ്ഥാന ജനറൽ സെക്രട്ടറി ഐ.കെ. രവീന്ദ്രരാജ്, ഡി.സി.യു.എഫ് ചെയർമാൻ പി.എസ്. രാജ്മോഹൻ തമ്പുരാൻ, ചീഫ് സെക്രട്ടറി ഡോ. എം.ആർ. വന്ദ്യരാജ്, സാംബവ മഹാസഭ സംസ്ഥാന പ്രസിഡൻറ് സോമൻ പാമ്പായിക്കോട്, എ.കെ.സി.എച്ച്.എം.എസ് സംസ്ഥാന ജനറൽ സെക്രട്ടറി കല്ലറ പ്രശാന്ത്, കെ.ഡി.എഫ് (ഡി) സംസ്ഥാന വൈസ് പ്രസിഡൻറ് പി.എം. തങ്കപ്പൻ, കെ.സി.എസ് സംസ്ഥാന ജനറൽ സെക്രട്ടറി പാറമ്പുഴ ഗോപി, അഖിലകേരള ഹിന്ദു മലവേടർ മഹാസഭ ജനറൽ സെക്രട്ടറി സാബു മലവേടർ, എ.കെ.സി.എച്ച്.എം.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ബി. സജിമോൻ, എം.എസ് സജൻ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
തിരുവനന്തപുരം: നിതിൻ രാജിന്റെ കൊലപാതക അന്വേഷണം ലോക്കൽ പൊലീസ് അട്ടിമറിച്ചത് ശരിവയ്ക്കുന്നതാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ട സർക്കാർ നടപടിയെന്ന് കെ.പി.എം.എസ് സംസ്ഥാന പ്രസിഡന്റ് ചെറുവയ്ക്കൽ അർജുനൻ, ജനറൽ സെക്രട്ടറി ഐ.കെ. രവീന്ദ്രരാജ് എന്നിവർ പറഞ്ഞു. ലോക്കൽ പൊലീസ് കൊലപാതകം ആത്മഹത്യയാക്കി അട്ടിമറിച്ചെന്ന ആരോപണം തത്വത്തിൽ സർക്കാർ അംഗീകരിച്ചതുകൊണ്ടാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത്. ക്രൈംബ്രാഞ്ചിന്റെ അന്വേഷണം വെറും പ്രഹസനമാകും. അതിനാൽ, സി.ബി.ഐ. അന്വേഷിക്കണം. ഇക്കാര്യം നിതിൻരാജിന്റെ പിതാവ് ആവശ്യപ്പെട്ടു കഴിഞ്ഞു. ഇക്കാര്യം ആവശ്യപ്പെട്ട് ദലിത്-സാമൂഹ്യ സംഘടനകൾ പ്രക്ഷോഭം നടത്തും.
കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയതിന് പിന്നാലെ കണ്ണൂര്‍ ഡി.ഐ.ജിയെ സന്ദര്‍ശിച്ച് നിതിന്‍രാജിന്റെ കുടുംബം. കേസ് അന്വേഷണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി ഹൈകോടതിയെ സമീപിക്കുമെന്ന് നിതിന്‍ രാജിന്റെ പിതാവ് വൈ.എല്‍. രാജന് പറഞ്ഞു. കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയതായുള്ള വിവരം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്.
ക്രൈംബ്രാഞ്ചിനു കേസ് കൈമാറിയതില്‍ അട്ടിമറി സംശയമുണ്ട്. കേസില്‍ തുടക്കം മുതല്‍ ആരെയും അറസ്റ്റ് ചെയ്തില്ല. ഡോ.എം.കെ. റാമിനെ അറസ്റ്റു ചെയ്യാത്തതില്‍ വ്യക്തമായ മറുപടി ലഭിക്കുന്നില്ല. ഏതുതരം അന്വേഷണം വേണമെന്ന് ആവശ്യപ്പെടുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കുടുംബവുമായി ആലോചിച്ച് തീരുമാനമെടുക്കും. വീട് നിര്‍മാണം എല്ലാവരുടെയും സഹായത്തോടെ ചെയ്യണമെന്നാണ് ആഗ്രഹം. കേരള സ്റ്റേറ്റ് പട്ടിക ജനസമാജം സംസ്ഥാന ജനറല്‍ സെക്രട്ടറി തെക്കന്‍ സുനില്‍ കുമാര്‍, ഭാരവാഹികളായ എം.ആര്. പുഷ്പ, എം.സി. രാമന് എന്നിവര്‍ക്കൊപ്പമാണ് വൈ.എല്‍. രാജന് ഡി.ഐ.ജിയെ കാണാനെത്തിയത്. കേസില്‍ പ്രതിയായ അധ്യാപകന് ഡോ. എം.കെ. റാമിനെ കണ്ടെത്തുന്നതിന് രണ്ട് സംഘം കേരളത്തിന് പുറത്ത് അന്വേഷണം നടത്തുന്നുണ്ടെന്ന് ഡി.ഐ.ജി. യതീഷ് ചന്ദ്ര മാധ്യമങ്ങളോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

