നിതിൻ രാജിന്റെ മരണം; പ്രതികൾ ഒളിവിൽ തന്നെ, അധ്യാപകർക്കെതിരെ കൂടുതൽ പരാതികൾ
text_fieldsകണ്ണൂര്‍: അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ബി.ഡി.എസ് വിദ്യാർഥി നിതിൻരാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതികളായ അധ്യാപകർ ഒളിവിൽ തന്നെ. ആരോപണവിധേയനായ ഡോ. എം.കെ. റാം, ഡോ. കെ.ടി. സംഗീത നമ്പ്യാർ എന്നിവരാണ് ഒളിവില്‍ തുടരുന്നത്. കണ്ണൂരിലെ ഇരുവരുടെയും വീടുകളില്‍ ഇവരില്ല. അതിനിടെ കേസന്വേഷണം തിടുക്കത്തില്‍ വേണ്ടെന്നും പരമാവധി തെളിവുകള്‍ ശേഖരിക്കാനുമാണ് അന്വേഷണ സംഘത്തിന്റെ നീക്കം. വരുംദിവസങ്ങളില്‍ നിതിന്‍രാജിന്റെ സഹപാഠികളുടെയും മറ്റുവിദ്യാര്ഥികളുടെയും മൊഴി അന്വേഷണസംഘം ശേഖരിക്കും. കഴിഞ്ഞദിവസം നിതിന്‍രാജിന്റെ വാടകവീട്ടിലെത്തി കുടുംബാംഗങ്ങളുടെ മൊഴിയെടുത്തിരുന്നു. നിതിന്‍രാജിന്റെ ഫോണ്‍ പിടിച്ചുവെച്ചിട്ടില്ലെന്ന് പ്രിന്‍സിപ്പല്‍ വ്യക്തമാക്കി.
കേസന്വേഷിക്കുന്ന അസി. കമീഷണർ ആർ. ഹരിപ്രസാദ് കോളജിലെത്തി തെളിവെടുത്തു. ഇതിനിടെ, നിതിൻരാജിന്റെ മരണവുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ അധ്യാപകനെ കോളജിൽനിന്ന് പുറത്താക്കും. ചൊവ്വാഴ്ച ചേർന്ന കോളജ് മാനേജ്മെന്റിന്റെ യോഗത്തിലാണ് ഡോ. എം.കെ. റാമിനെ സ്ഥാപനത്തിൽനിന്ന് പുറത്താക്കാൻ തീരുമാനിച്ചത്. ഓറൽ പതോളജി വിഭാഗം മേധാവിയാണ് ഡോ. റാം. നിതിൻരാജിന്റെ ആത്മഹത്യക്ക് മുമ്പും ഇയാൾക്കെതിരേ നിരവധി പരാതികളുയർന്നിരുന്നു. ആത്മഹത്യക്ക് പിന്നാലെ കൂടുതൽ വിദ്യാർഥികൾ റാമിനെതിരേ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തി. ഈ സാഹചര്യത്തിലാണ് പുറത്താക്കാൻ തീരുമാനിച്ചത്.
ആരോപണവിധേയയായ ഡോ. കെ.ടി. സംഗീത നമ്പ്യാർക്കെതിരേ അന്വേഷണത്തിനുശേഷം കൂടുതൽ നടപടി സ്വീകരിച്ചാൽ മതിയെന്നും മാനേജ്മെന്റ് യോഗത്തിൽ ധാരണയായി. ഡോ. റാമും ഡോ. സംഗീത നമ്പ്യാരും നിലവിൽ സസ്പെൻഷനിലാണ്. നിതിൻരാജിന്റെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് രജിസ്റ്റർചെയ്ത രണ്ടുകേസുകളിലാണ് ഡോ. റാം പ്രതിചേർക്കപ്പെട്ടിട്ടുള്ളത്. ആത്മഹത്യപ്രേരണാക്കുറ്റം ചുമത്തിയും പട്ടികജാതി-വർഗ അതിക്രമനിരോധന നിയമപ്രകാരവുമാണ് ഇയാൾക്കെതിരെ കേസെടുത്തത്.
ഡോ. എം.കെ. റാമിനെതിരെയും കോളജ് മാനേജ്മെന്റിനെതിരെയും ഗുരുതര ആരോപണങ്ങളുമായി കൂടുതൽവിദ്യാർഥികൾ. ഡോ. റാമിനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്തിയ വിദ്യാര്‍ഥികള്‍ മാനേജ്മെന്റിനെ രൂക്ഷമായി വിമര്‍ശിച്ചു. ‘‘മുഖത്ത് ചെരിപ്പുകൊണ്ട് അടിക്കാൻ പെൺകുട്ടിയോട് പറഞ്ഞു. ചെരിപ്പിട്ട് വന്നതിന് കോളനിയെന്ന് വിളിച്ചു. നിറം കൂടിയവരെ വെള്ളപ്പാറ്റയെന്നും വിളിച്ചു. ചില വിദ്യാര്‍ഥികളെ കാണാന്‍ ഗോത്രവര്‍ഗക്കാരനെ പോലെയുണ്ടെന്ന് പറഞ്ഞു’’ -വിദ്യാർഥികൾ ആരോപിച്ചു. പ്രതികരിച്ചാൽ പരീക്ഷയിൽ തോൽപ്പിക്കുമെന്ന് പറഞ്ഞ് അധ്യാപകർ ഭീഷണിപ്പെടുത്തും. റാഗിങ് വിരുദ്ധ സമിതി അംഗംകൂടിയായ ഡോ. റാമാണ് ഇതൊക്കെ ചെയ്തത്.
നിതിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പ്രതികരിച്ച വിദ്യാര്‍ഥികളെ മാനേജ്മെന്റ് നിരീക്ഷിച്ചതായും ഫോട്ടോയും വിഡിയോയും എടുത്തതായും വിദ്യാര്‍ഥികള്‍ പറഞ്ഞു. നിതിന്റെ വീട്ടില്‍ പോകുന്നത് സംബന്ധിച്ച് മാനേജ്മെന്റിനോട് ചോദിച്ചപ്പോള്‍ ‘അറ്റ് യുവര്‍ ഓണ്‍ റിസക്’ എന്നാണ് മറുപടി പറഞ്ഞത്. സമരം നടത്തുന്നവരുമായി മാനേജ്മെന്റ് ചര്‍ച്ചക്ക് തയാറായില്ല. പ്രതികരിച്ചവരോട് പകപോക്കുമോയെന്ന് ഭയമുണ്ടെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു.
നിതിൻരാജിന്റെ മരണവുമായി ബന്ധപ്പെട്ട് ഡെന്റൽ കോളജിനകത്തും പുറത്തും വൻപ്രതിഷേധമാണ് അരങ്ങേറുന്നത്. കുറ്റക്കാർക്കെതിരെ നടപടിയെടുക്കുന്നതുവരെ ശക്തമായ പ്രതിഷേധവുമായി മുന്നോട്ടുപോകാനാണ് സഹപാഠികളുടെയും വിവിധ വിദ്യാർഥി സംഘനടകളുടെയും തീരുമാനം. വിവാദങ്ങൾ രൂക്ഷമാകുന്നതിനിടെ ഡോ. റാമിന്റെ ചിറക്കുനിയിലെ ക്ലിനിക്കിലേക്ക് ഡി.വൈ.എഫ്.ഐ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. ക്ലിനിക്ക് പുതിയ താഴിട്ട് പൂട്ടിയ പ്രവർത്തകർ അംബേദ്കറുടെ ചിത്രവും പതിച്ചു.
അധ്യാപികയുടെ പേരിലല്ല നിതിൻ വായ്പയെടുത്തതെന്ന് സഹോദരി
നെടുമങ്ങാട്: അധ്യാപികയായ ലതയുടെ പേരിലല്ല നിതിൻ രാജ് വായ്പയെടുത്തതെന്ന് സഹോദരി നികിത രാജ്. ആപ് ലോണിന്റെ പേരിൽ കേസ് ഒതുക്കാൻ അനുവദിക്കില്ലെന്നും സഹോദരി പറഞ്ഞു. ‘‘അവന് നീതി കിട്ടിയില്ലെങ്കിൽ ഇനി ജീവിച്ചിരിക്കില്ല. ലതയുടെ നമ്പർ ഹാക്ക് ചെയ്ത് എടുത്തതാകാം. മൂന്നുമാസം സിക്ക് റൂമിൽ കഴിഞ്ഞിട്ടും പിടിച്ചുനിന്നവനാണ്. ലോൺ ആപിൽനിന്ന് ലക്ഷങ്ങളൊന്നും എടുത്തിട്ടില്ല’’-നികിത രാജ് മാധ്യമങ്ങളോട് പറഞ്ഞു. മാനസികമായി നിതിനെ പീഡിപ്പിച്ചിരുന്നവരെ രക്ഷിക്കാനാണ് ലോൺ ആപ്പ് ആരോപണമെന്നും അവർ പറഞ്ഞു. മാതാവിന്റെ ചികിത്സക്കാണ് വായ്പയെടുത്തതെന്ന് കഴിഞ്ഞദിവസം നിതിന്റെ പിതാവ് വ്യക്തമാക്കിയിരുന്നു. 14,000 രൂപയാണ് എടുത്തത്.
സംഭവത്തിൽ ആരോപണവിധേയനായ ഡോ. റാമിനെ രക്ഷിക്കാൻ ശ്രമം നടക്കുന്നതായി നിതിന്റെ സഹോദരീഭർത്താവ് അശോക് ആരോപിച്ചു. പ്രിൻസിപ്പലിന്റെ മുറിയിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

