അഞ്ചരക്കണ്ടി മെഡി. കോളജ് ജാതിക്കൊല: പ്രതികൾക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം - വെൽഫെയർ പാർട്ടി
text_fieldsതിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ഒന്നാംവർഷ ബി.ഡി.എസ് വിദ്യാർഥി തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി നിതിൻ രാജിനെ ജാതി അധിക്ഷേപം നടത്തിയും അസഭ്യം പറഞ്ഞും കൊലപാതകത്തിലേക്ക് നയിച്ച ഡോ. എം.കെ. റാം, ഡോ. സംഗീത നമ്പ്യാർ ഉൾപ്പെടെയുള്ള പ്രതികൾക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻറ് റസാഖ് പാലേരി. വിദ്യാർഥിയുടെ മരണത്തിന് പിന്നിൽ കോളജ് അധികൃതരുടെ ജാതി അധിക്ഷേപമാണെന്ന പരാതി ഗൗരവത്തോടെ പരിഗണിക്കാൻ സർക്കാർ തയ്യാറാകണം.
ജനങ്ങളുടെ മനസാക്ഷിയെ ഞെട്ടിക്കുന്ന വിധത്തിൽ കോളജിലെ ഡോക്ടർമാർ ഉൾപ്പെടെയുള്ള സ്ഥാപന അധികൃതർ മനസ്സിലും പ്രവർത്തനത്തിലും കൊണ്ടുനടക്കുന്ന വരേണ്യ മനോഭാവം ജാതിവറിയുടെ രൂപത്തിൽ വിദ്യാർഥികളെ മാനസികമായി തകർക്കുകയും മരണത്തിലേക്ക് നയിക്കുകയുമാണ് ചെയ്യുന്നത്.
ജാതിരഹിത കേരളത്തെക്കുറിച്ച് മേനി നടിക്കുന്ന ഇടതുപക്ഷ സർക്കാർ കലാലയങ്ങളിൽ ദലിത് - ആദിവാസി - ന്യൂനപക്ഷ സമൂഹങ്ങൾക്ക് നേരെ നടക്കുന്ന വിവിധതരം വിവേചനങ്ങളെ കുറിച്ച് നീതിപൂർവം അന്വേഷണം നടത്താൻ തയ്യാറാകണം. കലാലയ പഠനത്തിൽ ഉൾപ്പെടെ വിവിധ മേഖലകളിൽ ഏറെ മുന്നിലായിരുന്ന നിതിൻ രാജിനെതിരെ നിരന്തരമായി ജാതി അധിക്ഷേപം നടന്നിരുന്നുവെന്ന് തെളിവുകൾ സൂചിപ്പിക്കുന്നു. ജാതി വിവേചനത്തിനെതിരെ ശക്തമായി നിലകൊണ്ട ചരിത്രമുള്ള കേരളീയ സമൂഹം നിതിന്റെ കൊലപാതകത്തിന് നേതൃത്വം നൽകിയവർക്കെതിരെ രംഗത്തുവരണമെന്ന് അദ്ദേഹം പറഞ്ഞു.
കുടുംബത്തിന്റെ വേദനയിൽ പങ്ക് ചേരുന്നതായും നീതിക്ക് വേണ്ടിയുള്ള എല്ലാ പോരാട്ടങ്ങളിലും വെൽഫെയർ പാർട്ടി കൂടെയുണ്ടാകുമെന്നും റസാഖ് പാലേരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

