Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകേന്ദ്ര ബജറ്റ്...

കേന്ദ്ര ബജറ്റ് സ്വാഗതാർഹമെന്ന് ചേംബർ ഓഫ് കോമേഴ്സ്; കേരളത്തോടുള്ള അവഗണന ചൂണ്ടിക്കാട്ടി നേതാക്കൾ

text_fields
bookmark_border
കേന്ദ്ര ബജറ്റ് സ്വാഗതാർഹമെന്ന് ചേംബർ ഓഫ് കോമേഴ്സ്; കേരളത്തോടുള്ള അവഗണന ചൂണ്ടിക്കാട്ടി നേതാക്കൾ
cancel

മട്ടാഞ്ചേരി: കേന്ദ്ര ബജറ്റ് സ്വാഗതാർഹമെന്ന് ഇന്ത്യന്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി പ്രസിഡന്റ് രാജ് കുമാർ ഗുപ്ത. ബജറ്റ് വളര്‍ച്ചാധിഷ്ഠിതവും പരിഷ്‌കാരങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതും ഇന്ത്യയുടെ ദീര്‍ഘകാല വികസന ലക്ഷ്യങ്ങളുമായി പൊരുത്തപ്പെടുന്നതുമാണ്. ബയോ-ഫാര്‍മ മേഖലക്ക് 10,000 കോടിയും ഇലക്ട്രോണിക് ഘടകങ്ങളുടെ നിര്‍മാണത്തിന് 40,000 കോടി രൂപയും ചെറുകിട ഇടത്തരം വ്യവസായങ്ങള്‍ക്ക് (എസ്.എം.ഇ) 10,000 കോടി രൂപയും അനുവദിച്ചത് നിര്‍മ്മാണ മേഖലക്ക് കരുത്താകും. കൂടാതെ സെമി കണ്ടക്ടര്‍ മേഖലക്കുള്ള ഊന്നലും കേരളത്തിന് ഗുണകരമാകുന്ന രീതിയിലുള്ള അപൂർവ ധാതു ഇടനാഴിയും സ്വാഗതാര്‍ഹമാണ്. ധനകാര്യ കമീഷന്‍ ശിപാര്‍ശകള്‍ അംഗീകരിച്ചതും നികുതി വിഹിതത്തിന്റെ 41ശതമാനം സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്നതും സഹകരണ ഫെഡറലിസത്തെയും പ്രാദേശിക വികസനത്തെയും ശക്തിപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

ആരോഗ്യ മേഖലക്ക് ദീർഘവീക്ഷണമുള്ള രൂപരേഖ -ഡോ. ആസാദ് മൂപ്പന്‍

കൊച്ചി: ആരോഗ്യ മേഖലക്കായി ദീർഘവീക്ഷണമുള്ള രൂപരേഖയാണ് കേന്ദ്ര ബജറ്റ് മുന്നോട്ടുവെക്കുന്നതെന്ന് ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ സ്ഥാപകൻ ഡോ. ആസാദ് മൂപ്പൻ. അഞ്ച് വർഷത്തേക്ക് 10,000 കോടി രൂപ വകയിരുത്തിയ ‘ബയോഫാർമ ശക്തി’ പദ്ധതി, ഗവേഷണം, ഉൽപാദനം, നിയന്ത്രണ ശേഷി എന്നിവ ശക്തിപ്പെടുത്തുന്നതിലൂടെ രാജ്യത്ത് അത്യാധുനികവും കുറഞ്ഞ ചെലവിലുള്ളതുമായ ചികിത്സ സാധ്യമാകും. 17 ഗുരുതര കാൻസർ മരുന്നുകളുടെ അടിസ്ഥാന കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കിയത് രോഗികൾക്ക് ആശ്വാസമാകും. ആരോഗ്യ അടിസ്ഥാന സൗകര്യ വികസനത്തിന് ബജറ്റിൽ നൽകിയ പ്രാധാന്യം സ്വാഗതാർഹമാണ്. ആരോഗ്യ മേഖലയെ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന പ്രധാന സ്രോതസ്സായാണ് ബജറ്റ് കാണുന്നത്. ഒരു ലക്ഷം അലൈഡ് ഹെൽത്ത് പ്രഫഷനലുകളെയും ഒന്നര ലക്ഷം കെയർഗിവർമാരെയും വാർത്തെടുക്കാനുള്ള പ്രഖ്യാപനം ഈ രംഗത്തെ വിപ്ലവകരമായ മാറ്റമാണെന്നും അദ്ദേഹം പറഞ്ഞു.

ധാതുസമ്പത്ത് കൈക്കലാക്കാനുള്ള നീക്കം അപകടകരം- മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിന്റെ ധാതുസമ്പത്ത് കൈക്കലാക്കാനുള്ള കേന്ദ്രത്തിന്റെ നീക്കം അത്യന്തം അപകടകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര ബജറ്റിലെ പ്രഖ്യാപനം സ്വകാര്യ കുത്തകകൾക്ക് ഖനനത്തിന് വഴിയൊരുക്കും. പരിസ്ഥിതി മന്ത്രാലയത്തിന്റെ കർശന വ്യവസ്ഥകൾ പോലും റദ്ദാക്കി, പാരിസ്ഥിതികാനുമതി നൽകുന്നത് വേഗത്തിലാക്കി സ്വകാര്യ മേഖലയെ സഹായിക്കാനാണ് കേന്ദ്ര നീക്കം.വിഴിഞ്ഞം, ചവറ, കൊച്ചി എന്നിവയെ ബന്ധിപ്പിച്ച് പൊതുമേഖലയിൽ ധാതു ഇടനാഴി സ്ഥാപിക്കുമെന്ന് സംസ്ഥാന സർക്കാർ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനത്തിന്റെ പ്രഖ്യാപനങ്ങൾക്ക് കടകവിരുദ്ധമായി സ്വകാര്യ കുത്തകൾക്ക് ധാതുസമ്പത്ത് വിട്ടുകൊടുക്കുന്ന കേന്ദ്രനീക്കം അപകരമാണ്. റെയിൽവേ കോച്ച് ഫാക്ടറി അടക്കം വാഗ്ദാനങ്ങൾ നൽകി കോൺഗ്രസ് സർക്കാരും ബി.ജെ.പി സർക്കാരും ഒരുപോലെ കേരളത്തെ കബളിപ്പിച്ചു.

വിലക്കയറ്റവും പണപ്പെരുപ്പവും രൂക്ഷമായി തുടരുമ്പോഴും ഭക്ഷ്യ-ആരോഗ്യ-വളം സബ്‌സിഡികളിൽ വരുത്തിയ കുറവ് ജനജീവിതത്തെ പാപ്പരീകരിക്കും. തൊഴിലുറപ്പ് പദ്ധതി വിഹിതത്തിൽ പതിനായിരക്കണക്കിന് കോടി രൂപയുടെ വെട്ടിക്കുറവാണ് വരുത്തിയത്. ഇത് ഗ്രാമീണ തൊഴിൽ മേഖലയെ തകർക്കുമെന്നും അദ്ദേഹം പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.

കേരളത്തിനും രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്കും ഗുണകരമല്ല, നിരാശാജനകം -മന്ത്രി ബാലഗോപാൽ

കൊല്ലം: മൂന്നാം മോദി സർക്കാറിന്റെ മൂന്നാം കേന്ദ്ര ബജറ്റ് കേരളത്തിനും രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥക്കും നിരാശാജനകമാണെന്ന് സംസ്ഥാന ധനമന്ത്രി കെ.എൻ. ബാലഗോപാൽ. ബജറ്റിൽ സാമ്പത്തിക മുന്നേറ്റത്തിന് സഹായിക്കുന്ന കാര്യമായ നിർദേശങ്ങളൊന്നുമില്ല. കാർഷിക, വ്യാവസായിക, ഗ്രാമീണ മേഖലകളിൽ തൊഴിൽസാധ്യതകൾ വർധിപ്പിക്കുന്ന പദ്ധതികൾ കാണാനില്ലെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പ്രതികരിച്ചു.

ആവശ്യപ്പെട്ട പ്രധാന പദ്ധതികളൊന്നും ബജറ്റിൽ ഉൾപ്പെടുത്താതെ കേരളത്തെ അവഗണിച്ചു. പ്രധാന ആവശ്യങ്ങളായ എയിംസ്, വിഴിഞ്ഞം തുറമുഖ വികസനത്തിനുള്ള വ്യവസായ ഇടനാഴി, അതിവേഗ റെയിൽപാത, ശബരി റെയിൽപാത തുടങ്ങിയവ ഉൾപ്പെടുത്തിയിട്ടില്ല. കേരളം ആവശ്യപ്പെട്ട 21,000 കോടിയുടെ പ്രത്യേക പാക്കേജും ബജറ്റിൽ പരാമർശിച്ചിട്ടില്ല.

പ്രതിരോധ ഇടനാഴി, ധാതു സമ്പത്ത് അധിഷ്ഠിത വ്യവസായ വികസനം, ആശാ വർക്കർമാരുടെ വേതനവർധന തുടങ്ങിയ ആവശ്യങ്ങളും അവഗണിച്ചു. ധനകാര്യ കമീഷൻ റിപ്പോർട്ടിൽ കേരളത്തിന് ലഭിക്കുന്ന മൊത്തംവിഹിതം കുറഞ്ഞെങ്കിലും നികുതിവിഹിതം 1.92 ശതമാനത്തിൽനിന്ന് 2.38 ശതമാനമായി ഉയർന്നു.

എന്നാൽ, സംസ്ഥാനം ആവശ്യപ്പെട്ടത് 2.79 ശതമാനമാണ്. രാജ്യത്തിന്റെ റവന്യൂ വരുമാനം കഴിഞ്ഞവർഷം 34.2 ലക്ഷം കോടിയായിരുന്നത് ഈ വർഷം 35 ലക്ഷം കോടിയാണ്. കാര്യമായ വർധനവുണ്ടാക്കാനായില്ല. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ദുരന്തമേഖലകൾക്കുള്ള നീക്കിയിരിപ്പ് കുറഞ്ഞു. നികുതിഘടന വിദേശ മൂലധനശക്തികളെ സഹായിക്കുന്ന രീതിയിലാണ്. ഇത് ആഭ്യന്തര സമ്പദ്‌വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പൊതുവിദ്യാഭ്യാസത്തെ അവഗണിച്ചു -മന്ത്രി ശിവൻകുട്ടി

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ മേഖലയെ കേന്ദ്ര ബജറ്റിൽ പൂർണമായി അവഗണിച്ചത് ദൗർഭാഗ്യകരമാണെന്ന് മന്ത്രി വി. ശിവൻകുട്ടി. സ്കൂളുകളുടെ അടിസ്ഥാനസൗകര്യ വികസനത്തിനോ ഗുണനിലവാര വർധനവിനോ ഊന്നൽ നൽകാത്ത ബജറ്റാണ് കേന്ദ്രം അവതരിപ്പിച്ചത്. മിക്ക നിർദേശങ്ങളും ഉന്നത വിദ്യാഭ്യാസത്തെ മാത്രം ലക്ഷ്യംവെച്ചുള്ളതാണ്. സർക്കാർ സ്കൂളുകളുടെ വികസനത്തിനോ ഡിജിറ്റൽ വിഭജനം ഇല്ലാതാക്കാനോ പദ്ധതികളില്ല. ഉച്ചഭക്ഷണ പദ്ധതിയുടെ വിഹിതം വർധിപ്പിക്കാത്തത് സാധാരണക്കാരായ വിദ്യാർഥികളോടുള്ള വെല്ലുവിളിയാണ്. സമഗ്രശിക്ഷ പദ്ധതിയുടെ ചെറിയ വിഹിതം പോലും കേരളത്തിന് നൽകുന്നില്ലെന്നും മന്ത്രി പറഞ്ഞു.

കേരളത്തോട് രാഷ്ട്രീയ വൈരാഗ്യം -ജോസ് കെ. മാണി

കോട്ടയം: കേരളത്തോട് രാഷ്ട്രീയ വൈരാഗ്യം പ്രകടമാക്കുന്ന ബജറ്റാണ് കേന്ദ്ര ധനമന്ത്രി പാർലമെന്റിൽ അവതരിപ്പിച്ചതെന്ന് കേരള കോൺഗ്രസ് എം. ചെയർമാൻ ജോസ് കെ. മാണി. കേരളം ഇന്ത്യയിലല്ല എന്ന കാഴ്ചപ്പാടോടെ പൂർണമായി അവഗണിച്ചു. ഇത് ഒരു ജനതയെ അവഹേളിക്കുന്നതിന് തുല്യമാണ്. വേഗ റെയിൽ ഇടനാഴിയിൽ സംസ്ഥാനത്തെ ഉൾപ്പെടുത്തുമെന്നത് ഏറെ പ്രതീക്ഷയോടെ കാത്തിരുന്നതാണ്. രാജ്യത്ത് 12 പുതിയ ജലപാതകൾ പ്രഖ്യാപിച്ചതിലും കേരളമില്ല. എയിംസ് ഇത്തവണയും നിഷേധിച്ചു. വിദ്യാഭ്യാസ മേഖലയിലും കേരളത്തെ അവഗണിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

ധാതു ഇടനാഴി പദ്ധതി സമ്പത്ത് കൊള്ളയടിക്കാൻ -വി.ഡി. സതീശൻ

കോട്ടയം: കേന്ദ്ര ബജറ്റ് പ്രഖ്യാപനങ്ങൾ കേട്ടപ്പോൾ കേരളം ഇന്ത്യയുടെ ഭാഗമാണോ എന്നുപോലും ആലോചിച്ചുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കേന്ദ്രം എത്രമാത്രം അവഗണനയോടെയാണ് കേരളത്തെ കാണുന്നതെന്ന് ഈ ബജറ്റിൽനിന്ന് വ്യക്തമാണ്. ധാതു ഇടനാഴി പദ്ധതിയിൽ പ്രഥമ ദൃഷ്ടിയിൽതന്നെ അപകടം കാണുന്നുണ്ട്. കേരളത്തിന്‍റെ ധാതുസമ്പത്ത് കോർപറേറ്റുകൾക്ക് കൊള്ളയടിക്കാനുള്ള വഴിയായി മാറാൻ സാധ്യതയുണ്ട്.

സംസ്ഥാനവുമായി കൂടിയാലോചിച്ചു മാത്രമേ പദ്ധതിയുടെ നയങ്ങൾ തീരുമാനിക്കാൻ പാടുള്ളൂവെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

രാഷ്ട്രീയ പകപോക്കൽ -സണ്ണി ജോസഫ്

തിരുവനന്തപുരം: മോദി സർക്കാരിന്റെ ബജറ്റ് കേരളത്തോടുള്ള രാഷ്ട്രീയ പകപോക്കലാണെന്ന് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് എം.എൽ.എ. വികസന പദ്ധതികളോ സാമ്പത്തിക സഹായമോ ഇല്ലാത്ത ബജറ്റിൽ തിരുവനന്തപുരത്തിന് പ്രത്യേക പരിഗണന ലഭിച്ചില്ല. പ്രഖ്യാപിച്ച ഏഴ് അതിവേഗ റെയിൽ കോറിഡോറുകളിൽനിന്ന് കേരളത്തെ ഒഴിവാക്കിയത് ചതിയാണെന്നും അദ്ദേഹം പറഞ്ഞു. കർഷകരുടെ കടം എഴുതിത്തള്ളാനോ താങ്ങുവില ഉറപ്പാക്കാനോ നടപടിയില്ല. ധാതു ഖനന ഇടനാഴി തീരദേശത്തെ ബാധിക്കുമെന്ന ആശങ്കയുണ്ടെന്നും ഓഹരി വിപണിയുടെ തകർച്ച ബജറ്റിന്റെ അസ്വീകാര്യതയാണ് വ്യക്തമാക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കേരളത്തെ അപമാനിക്കുന്നത് -പി.കെ. കുഞ്ഞാലിക്കുട്ടി

കോഴിക്കോട്: കേന്ദ്രബജറ്റ് കേരളത്തെ അപമാനിക്കുന്നതാണെന്ന് മുസ്‍ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. ആമ പരിചരണ കേന്ദ്രം അനുവദിച്ചത് കേരളത്തെ അപമാനിക്കുന്ന പോലെയാണ്. എയിംസ് എന്ന് കേട്ട് ജനം മടുത്തു. കേരളത്തിന് ജലപാത അനുവദിക്കാത്തത് വിവേചനപരമാണ്. ജലപാത ഇല്ലാത്ത സംസ്ഥാനത്തിനുവരെ പദ്ധതി അനുവദിച്ചിട്ടുണ്ട്.

മോദി സർക്കാറിന്റെ സ്വഭാവം വ്യക്തമാക്കുന്നത് -ബിനോയ് വിശ്വം

കോഴിക്കോട്: മോദി സർക്കാറിന്റെ യഥാർഥ സ്വഭാവം വ്യക്തമാക്കുന്നതാണ് കേന്ദ്ര ബജറ്റെന്നും കേരളത്തോട് കടുത്ത വിവേചനമാണ് കാണിച്ചിരിക്കുന്നതെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ബി.ജെ.പിക്ക് രാഷ്ട്രീയ താൽപര്യമുള്ള സംസ്ഥാനങ്ങൾക്ക് വേണ്ടതെല്ലാം നൽകുമ്പോൾ കേരളംപോലുള്ള സംസ്ഥാനങ്ങളെ പാടെ അവഗണിക്കുകയാണെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു.

ഏഴ് അതിവേഗ റെയിൽവേ ഇടനാഴി പ്രഖ്യാപിച്ചപ്പോൾ കേരളത്തെ ഉൾപ്പെടുത്തിയിട്ടില്ല. തിരുവനന്തപുരം-കാസർകോട് അതിവേഗ ഇടനാഴി പ്രതീക്ഷിച്ചിരുന്നതാണ്. കാലങ്ങളായി കേരളത്തിന്റെ ആവശ്യമായ എയിംസും അനുവദിച്ചില്ല. കേരളത്തെ ഉൾപ്പെടുത്തി കടലാമ സംരക്ഷണ പദ്ധതി പ്രഖ്യാപിച്ചത് തമാശയാണെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിന്റെ ധാതുക്കൾ കടത്താൻ കേന്ദ്ര നീക്കം -മന്ത്രി പി. രാജീവ്

നെടുമ്പാശ്ശേരി: സംസ്ഥാനത്തിന്റെ കൈവശമുള്ള ധാതുക്കൾ കടത്താനാണോ ബജറ്റിൽ പ്രഖ്യാപിച്ച പുതിയ ഇടനാഴിയെന്ന് സംശയിക്കുന്നതായി മന്ത്രി പി. രാജീവ്. സംസ്ഥാനത്തിന്റെ അധികാരം ദുർബലപ്പെടുത്തി ധാതുക്കളുടെ ലേലം ഉൾപ്പെടെ കേന്ദ്രത്തിന് നേരിട്ട് ചെയ്യാൻ അവകാശം നൽകുന്ന ചില ഭേദഗതികൾ മുന്നോട്ടുവന്നിട്ടുണ്ട്.

സംസ്ഥാനത്തിന്റെ നിയന്ത്രണത്തിലുള്ള ധാതുക്കൾ എടുക്കുകയാണ് ഇതിന് പിന്നിലെ ലക്ഷ്യമെന്ന് സംശയിക്കുന്നതായും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. എയിംസ്, അതിവേഗ റെയിൽ പദ്ധതികളിൽ ഉൾപ്പെടുത്താത്തത് കേരളത്തോട് തുടരുന്ന അവഗണനയാണ് വെളിപ്പെടുത്തുന്നത്. അതിവേഗ റെയിൽ പദ്ധതിക്കുള്ള നിർദേശം സംസ്ഥാന സർക്കാർ കേന്ദ്രത്തിന് നൽകിയിരുന്നു. അതിന് അംഗീകാരം നൽകാതിരിക്കുകയും കേന്ദ്രം പുതിയ പദ്ധതി പ്രഖ്യാപിക്കുമ്പോൾ അതിൽ കേരളത്തെ ഉൾപ്പെടുത്താതിരിക്കുകയും ചെയ്യുന്നത് കടുത്ത വിവേചനമാണ്.

എയിംസിനു വേണ്ടി സ്ഥലത്തിന്റെ പട്ടിക നൽകാൻ കേന്ദ്രം നിർദേശിച്ചിരുന്നു. അതനുസരിച്ച് മൂന്ന് സ്ഥലങ്ങൾ കേരളം മുന്നോട്ടുവെച്ചു. തുടർന്ന് ഒരു സ്ഥലം നിശ്ചയിച്ച് അറിയിക്കണമെന്ന് കേന്ദ്രം നിർദേശിച്ചു. അത് നൽകിയപ്പോൾ സ്ഥലത്തിന്റെ ഉടമസ്ഥാവകാശം ഉറപ്പുവരുത്താനാവശ്യപ്പെട്ടു. വ്യവസായ വകുപ്പിന്റെ കീഴിലുള്ള കിനാലൂരിലെ ഭൂമി ആരോഗ്യ വകുപ്പിന് കൈമാറുകയും ചെയ്തു.

മറ്റ് സംസ്ഥാനങ്ങൾക്ക് എയിംസ് അനുവദിക്കുമ്പോൾ കേരളത്തിന്റെ ആവശ്യം അംഗീകരിക്കുന്നില്ല. നികുതി വിഹിതത്തിൽ അർഹമായ പങ്കാളിത്തം നൽകണമെന്ന ആവശ്യം അംഗീകരിക്കപ്പെട്ടില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:budgetNirmala SitharamanUnion Budget 2026
News Summary - Nirmala sitharaman budget today
Next Story