വൈത്തിരി: കോവിഡ് പ്രതിസന്ധിയിൽ സ്‌കൂളിലെത്തി പാഠപുസ്തകങ്ങൾ വാങ്ങാനുള്ള കുട്ടികളുടെ ബുദ്ധിമുട്ടിനു പരിഹാരവുമായി തരിയോട് നിർമ്മല ഹൈസ്‌കൂൾ അധ്യാപകർ. സ്‌കൂളിലെ ഓരോ കുട്ടിയുടെയും വീടുകളിലേക്ക് പുസ്തകങ്ങളുമായി അവരെത്തി. പുസ്തകവണ്ടിയെന്നു പേരിട്ട സ്‌കൂൾ ബസ്സുകളിൽ സ്‌കൂളിലെ ആയിരത്തോളം കുട്ടികളെ തേടിയാണ് അധ്യാപകർ പുസ്തകങ്ങളുമായി ഇറങ്ങിയത്.
എല്ലാ രക്ഷിതാക്കളെയും നേരത്തെ തന്നെ വിവിരമറിയിച്ചായിരുന്നു യാത്ര.. ലക്കിടി മുതൽ പുതുശ്ശേരിക്കടവ് വരെയുള്ള വിദ്യാർത്ഥികൾക്കാണ് മൂന്നു ദിവസങ്ങളിലായി എട്ടു അദ്ധ്യാപകർ വീതം പുസ്തക വിതരണം നടത്തുന്നത്. ഇന്നലെ വൈത്തിരി പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ വിതരണം നടന്നു. കുട്ടികൾക്കും രക്ഷിതാക്കൾക്കും സ്‌കൂളിലെത്തുന്ന ബുദ്ധിമുട്ട് എന്നതിനപ്പുറം കുട്ടികൾ കൂട്ടം ചേർന്ന് നിൽക്കുന്നത് ഒഴിവാക്കാൻ കൂടിയാണ് ഇങ്ങനെയൊരു വേറിട്ട സേവനവുമായി സ്‌കൂൾ അധ്യാപകർ രംഗത്തിറങ്ങിയത്.
സ്‌കൂൾ പരിസരത്തു നടന്ന ചടങ്ങിൽ പി ടി എ പ്രസിഡന്റ് പി സി പൈലി പുസ്തകവണ്ടി ഫ്ളാഗ് ഓഫ് ചെയ്തു. ഹെഡ്മിസ്ട്രസ് ബീനയും മറ്റദ്ധ്യാപകരും സന്നിഹിതരായി. സ്‌കൂളിനടുത്തു താമസിക്കുന്ന കുട്ടികൾക്ക് സ്‌കൂളിൽ വെച്ചുതന്നെ പുസ്തകം വിതരണം ചെയ്തു.