കുമരകത്തെ റിസോർട്ട് ആക്രമണം: 200 കോടിയുടെ നിക്ഷേപ തീരുമാനം പിൻവലിച്ചെന്ന് കമ്പനി
text_fieldsകോട്ടയം: പുറമ്പോക്ക് ഭൂമി കൈയേറിയെന്ന് ആരോപിച്ച് കുമരകത്തെ സ്വകാര്യ റിസോർട്ടിൽ ഡി.വൈ.എഫ്.ഐ കഴിഞ്ഞ ദിവസം നടത്തിയ അക്രമങ്ങളുടെ പശ്ചാത്തലത്തിൽ കേരളത്തിലെ രണ്ട് പദ്ധതിയിലായി 200 കോടിയുടെ നിക്ഷേപം നടത്താനുള്ള തീരുമാനം പിൻവലിച്ചതായി നിരാമയ റിട്രീറ്റ് ചീഫ് എക്സിക്യൂട്ടിവ് ഒാഫിസർ മനു റിഷി ഗുപ്ത അറിയിച്ചു.
റിസോർട്ടിൽ അതിക്രമിച്ചുകടന്ന് കോടിക്കണക്കിന് രൂപയുടെ നഷ്ടം വരുത്തിയവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ നടപടിയുമായി മുന്നോട്ടുപോകും. നഷ്ടപരിഹാരം ഇൗടാക്കാൻ നടപടി സ്വീകരിക്കുമെന്നും കമ്പനി അധികൃതർ വ്യക്തമാക്കി. തങ്ങളുടേതല്ലാത്ത കുറ്റത്തിെൻറ പേരിൽ കുറ്റവാളികളാക്കുന്നത് അംഗീകരിക്കാനാവില്ല. ഒരുസംഘം സ്ഥാപനത്തിൽ കയറി അഴിഞ്ഞാടിയപ്പോൾ സംസ്ഥാനത്തെ ഭരണസംവിധാനവും പൊലീസും നോക്കുകുത്തികളായി നിന്നു. എങ്കിലും കേരളത്തിെൻറ ടൂറിസം വികസന രംഗത്തെ പങ്കാളികൾ എന്ന നിലയിൽ മുമ്പത്തെക്കാൾ ശക്തമായി സ്ഥാപനവുമായി മുന്നോട്ടുപോകും. ഇൗ സംഭവം പദ്ധതികളുടെ വേഗം കുറക്കുമെങ്കിലും പദ്ധതികള്‍ നിർത്തില്ലെന്നും സി.ഇ.ഒ വ്യക്തമാക്കി.
തീർത്തും അപലപനീയവും പ്രാകൃതവുമായ അക്രമങ്ങളാണ് സ്ഥാപനത്തിനും ജീവനക്കാർക്കും നേരെ ഡി.വൈ.എഫ്.ഐയിൽനിന്നുണ്ടായത്. മാരകായുധങ്ങളുമായി ഇരച്ചുകയറിയവരെ കണ്ട് ജീവനക്കാർ സ്തംഭിച്ചുനിന്നു. ജീവനക്കാരെ കൊല്ലാനുള്ള ലക്ഷ്യത്തോടെയായിരുന്നു കല്ലും വടിയും ഹോക്കി സ്റ്റിക്കും വടിവാളും ഉൾപ്പെടെ ആയുധങ്ങളുമായി അക്രമി സംഘം ഇരച്ചുകയറിയത്. 20 അംഗ സംഘം സ്ഥാപനത്തിൽ കയറി ക്രമസമാധാനം തകരുന്ന രീതിയിൽ ആക്രമണം നടത്തുമ്പോള്‍ പൊലീസ് കാഴ്ചക്കാരായെന്നും കമ്പനി ആരോപിച്ചു.
ക്രമസമാധാന പ്രശ്നമുണ്ടായാൽ പൊലീസ് നടപടിയെടുക്കണമെന്ന് കോടതി
കൊച്ചി: രാജീവ് ചന്ദ്രശേഖർ എം.പിയുടെ കുമരകത്തെ റിസോർട്ടുമായി ബന്ധപ്പെട്ട് ക്രമസമാധാന പ്രശ്നങ്ങളുണ്ടായാൽ പൊലീസ് കർശന നടപടിയെടുക്കണമെന്ന് ഹൈകോടതി. ഡി.വൈ.എഫ്.െഎ നേതൃത്വത്തിൽ എം.പിയുടെ നിരാമയ റിട്രീറ്റ് റിസോർട്ട് അടിച്ചു പൊളിച്ചെന്നാരോപിച്ച് പൊലീസ് സംരക്ഷണം തേടി നൽകിയ ഹരജിയിലാണ് ഉത്തരവ്. റിസോർട്ടുമായി ബന്ധപ്പെട്ട നിർമാണത്തൊഴിലാളികളെ തടയുകയും അക്രമം നടത്തുകയും ചെയ്യുന്നതായും ഹരജിയിൽ പറയുന്നു. കേസിൽ ഡി.വൈ.എഫ്.െഎ സംസ്ഥാന കമ്മിറ്റി, ആർട്ടിസാൻസ് യൂനിയൻ (സി.െഎ.ടി.യു), കുമരകം ജനസമ്പർക്ക സമിതി തുടങ്ങിയ എതിർകക്ഷികൾക്ക് നോട്ടീസ് അയക്കാനും കോടതി ഉത്തരവിട്ടു. കേസ് 28ന് പരിഗണിക്കാൻ മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
