സൂപ്പിക്കടയിൽ വീടുവിട്ടുപോയവർ തിരിച്ചുവരുന്നു
text_fieldsപേരാമ്പ്ര: നിപ വൈറസ് മൂലം മൂന്നുപേർ മരിക്കാനിടയായ പന്തിരിക്കര സൂപ്പിക്കടയിൽ ഒഴിഞ്ഞുപോയ വീട്ടുകാർ തിരിച്ചുവരുന്നു. മരിച്ച മറിയയുടെ കുടുംബം ചൊവ്വാഴ്ച ബന്ധുവീട്ടിൽനിന്ന് സ്വന്തം വീട്ടിലേക്ക് മടങ്ങി. മരണം നടന്ന രണ്ട് വീടുകളുടേയും ഏകദേശം 50 മീറ്റർ ചുറ്റളവിൽനിന്ന് 15ഓളം കുടുംബങ്ങളാണ് ബന്ധുവീടുകളിലും മറ്റും മാറിത്താമസിച്ചത്. എന്നാൽ, പലരും പകൽ സമയങ്ങളിൽ വീടുകളിൽ എത്തുന്നുണ്ട്. ചില വീടുകളിൽനിന്ന് സ്ത്രീകളും കുട്ടികളും മാത്രമാണ് മാറി താമസിക്കുന്നത്.
അതിനിടെ സൂപ്പിക്കട ഗ്രാമത്തിൽനിന്ന് വ്യാപകമായി ആളുകൾ വീടൊഴിഞ്ഞ് പോയെന്ന വാർത്ത പ്രദേശത്തുകാർക്ക് വലിയ പ്രയാസം സൃഷ്ടിച്ചിട്ടുണ്ട്. മൂന്ന് മരണം സംഭവിച്ചതല്ലാതെ പിന്നീടാർക്കും നിപ ബാധിച്ചത് ശ്രദ്ധയിൽപ്പെടാത്തത് ഇവർക്ക് ആശ്വാസമാണ്. മരിച്ച സ്വാലിഹിെൻറ ഭാര്യ ആത്തിഫക്ക് രോഗമില്ലെന്ന വാർത്ത സന്തോഷത്തോടെയാണ് നാട്ടുകാർ ശ്രവിച്ചത്. എന്നാൽ, മന്ത്രിമാരും എം.പിയുമെല്ലാം കടിയങ്ങാെട്ട പഞ്ചായത്ത് ഒാഫിസിലെത്തി മടങ്ങിയതല്ലാതെ പ്രദേശം സന്ദർശിക്കാത്തതിൽ നാട്ടുകാർക്ക് പരിഭവമുണ്ട്.
ആശങ്കപ്പെടരുതെന്ന് മാധ്യമങ്ങളിലൂടെ പറയുന്നവർ മുൻകരുതലെടുത്ത് പ്രദേശം സന്ദർശിച്ച് വേണ്ട നിർദേശം നൽകേണ്ടതായിരുന്നുവെന്നാണ് ഇവരുടെ പക്ഷം. ആരോഗ്യ പ്രവർത്തകരും വിദഗ്ധ ഡോക്ടർമാരുമെല്ലാം സന്ദർശിച്ച് വേണ്ട നടപടികൾ സ്വീകരിച്ചതും ഇവർ വിലകുറച്ച് കാണുന്നില്ല. മരണം നടന്നതോടെ പ്രദേശത്തെ പല വീടുകളിലേയും സാമ്പത്തിക സ്ഥിതിയും മോശമാണ്. കൂലിപ്പണിക്കും കച്ചവടത്തിനും പോകുന്നവരൊന്നും ഇതുവരെ ജോലിക്ക് പോയിത്തുടങ്ങിയിട്ടില്ല. മറ്റിടങ്ങളിൽ ജോലിക്കു പോകുമ്പോൾ തങ്ങളെ ഒറ്റപ്പെടുത്തുമോ എന്ന ആശങ്കയും നാട്ടുകാർക്കുണ്ട്.
തൃശൂരിൽ പനി ബാധിച്ച യുവതിക്ക് നിപ ബാധയെന്ന് സംശയം
മുളങ്കുന്നത്തുകാവ്: നിപ വൈറസ് പനിയുടെ രോഗലക്ഷണങ്ങളുമായി യുവതിയെ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മലപ്പുറം ചങ്ങരംകുളം സ്വദേശിനിയെയാണ് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്.
ചൊവ്വാഴ്ച ആശുപത്രിയിൽ ചികിത്സ തേടിയ യുവതിക്ക് പ്രാഥമിക പരിശോധനയിൽ വൈറസ് ബാധ കണ്ടെത്തിയിട്ടുണ്ട്. വിശദ പരിശോധനക്കായി രക്തസാമ്പിൾ ഹൈദരാബാദിലേക്ക് അയച്ചു. മെഡിക്കൽ കോളജ് മെഡിസിൻ വിഭാഗത്തിൽ വിദഗ്ധ സംഘത്തിെൻറ നിരീക്ഷണത്തിലാണ് യുവതി. പ്രത്യേകം സജ്ജീകരിച്ച മുറിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.
ഔദ്യോഗികമായി സ്ഥിരീകരണമില്ലെങ്കിലും യുവതിക്ക് നിപ വൈറസ് പനി പ്രതിരോധ ചികിത്സ ആരംഭിച്ചിട്ടുണ്ട്. നാലു ദിവസമായി വിട്ടുമാറാത്ത പനി അനുഭവപ്പെട്ടപ്പോൾ മാറഞ്ചേരിയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി തുടർന്നാണ് മെഡിക്കൽ കോളജിലെത്തിയത്.
മെഡിസിൻ ചികിത്സ വിഭാഗത്തിലെ അത്യാഹിത വിഭാഗത്തിലും ഒ.പിയിലും വാർഡുകളിലും ഡോക്ടർമാരും നഴ്സുമാരും ജീവനക്കാരും മാസ്ക്, കൈയുറ, പ്രത്യേക ഉടുപ്പ് എന്നിവയാണ് ധരിക്കുന്നത്. അത്യാഹിത വിഭാഗത്തിൽ നിപ വൈറസ് പ്രതിരോധ ചികിത്സ സെൽ രൂപവത്കരിച്ചിട്ടുണ്ട്. ആശുപത്രിയിലെ മുകളിലത്തെ നിലയിൽ മൂന്ന് വെൻറിലേറ്റർ, ആറ് ബെഡ് എന്നിവ സജ്ജീകരിച്ച് പ്രത്യേക തീവ്രപരിചരണ വാർഡ് പ്രവർത്തനം തുടങ്ങിയതായി ആശുപത്രി സൂപ്രണ്ട് ഡോ. ആർ.ബിജു കൃഷ്ണൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
