നിപ: കോഴിക്കോട്ട് ഒരാൾ കൂടി മരിച്ചു; മരണം 17 ആയി
text_fieldsകോഴിക്കോട്: ഭീതിക്ക് അറുതിയില്ലാതെ നിപ മരണം തുടരുന്നു. വ്യാഴാഴ്ച ഒരാൾകൂടി മരിച്ചതോടെ മരണസംഖ്യ 17 ആയി. കോട്ടൂർ പൂനത്ത് സ്വദേശി നെല്ലിയുള്ളതിൽ ഭാസ്കരൻ നായരുടെ മകൻ റസിൻ (25) ആണ് വ്യാഴാഴ്ച മരിച്ചത്. കോഴിക്കോട്, മലപ്പുറം സ്വദേശികളായ രണ്ടുപേർക്ക് രോഗം സ്ഥിരീകരിച്ചു. വ്യാഴാഴ്ച പ്രവേശിപ്പിച്ച നാലുപേരടക്കം 11 പേർ രോഗസംശയത്തിൽ മെഡിക്കൽ കോളജിലുണ്ട്. ബാലുശ്ശേരി ഗവ. ആശുപത്രിയിൽനിന്നാണ് റസിന് വൈറസ് ബാധയുണ്ടായത് എന്നാണ് നിഗമനം.
നിപ ബാധിച്ച് മരിച്ച കോട്ടൂർ തിരുവോട് മയിപ്പിൽ ഇസ്മായിലിനെ ബാലുശ്ശേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ റസിൻ പനിബാധിച്ച് അവിടെ ചികിത്സ തേടിയിരുന്നു. മേയ് 27നാണ് റസിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച ഫലം വന്ന 15 പേരിൽ റസിന് രോഗം സ്ഥിരീകരിക്കുകയും ഉച്ചയോടെ മരിക്കുകയുമായിരുന്നു. ഇതുവരെ 186 പേരുടെ ഫലം വന്നതിൽ 18 എണ്ണമാണ് പോസിറ്റീവായത് എന്ന് ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. ആർ.എൽ. സരിത അറിയിച്ചു. 1407 പേരാണ് നിലവിൽ നിരീക്ഷണത്തിലുള്ളത്.
ഇസ്മായിൽ ബാലുശ്ശേരി ആശുപത്രിയിൽ ചികിത്സതേടിയ സമയത്തെത്തിയ മറ്റുരോഗികളും ജീവനക്കാരും ഉൾപ്പെടെയുള്ളവരെ നിരീക്ഷണ പട്ടികയിലുൾപ്പെടുത്തിയിട്ടുണ്ട്. മേയ് ഒന്നുമുതൽ സർക്കാർ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലുമായി മരിച്ചവരുടെ വിവരങ്ങളും ആരോഗ്യവകുപ്പ് ശേഖരിച്ചുവരുകയാണ്. നിരീക്ഷണത്തിലുള്ളവർക്ക് രോഗലക്ഷണങ്ങൾ കാണുേമ്പാൾ തന്നെ കനത്ത ജാഗ്രത പുലർത്തുന്നുണ്ട്. എല്ലാ സൗകര്യത്തോടും കൂടിയ ചികിത്സ സംവിധാനം മെഡിക്കൽ കോളജിൽ ഒരുക്കിയതായും അവർ കൂട്ടിച്ചേർത്തു.
ആസ്േട്രലിയയിൽനിന്നുള്ള മരുന്ന് വെള്ളിയാഴ്ച വൈകീേട്ടാടെ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. കെ.ജി. സജിത്കുമാർ അറിയിച്ചു. 50 ഡോസാണ് എത്തിക്കുന്നത്. മരുന്ന് എത്തിയാലുടൻ നടപടിക്രമങ്ങൾ പൂർത്തിയാക്കി രോഗികൾക്ക് നൽകും. നിർമാണ തൊഴിലാളിയായ റസിൻ യുവമോർച്ച കോട്ടൂർ പഞ്ചായത്ത് വൈസ് പ്രസിഡൻറാണ്. ഇന്ദിരയാണ് മാതാവ്. സഹോദരി: രസ്ന. മൃതദേഹം രാത്രി മാവൂർ റോഡ് ശ്മശാനത്തിൽ സംസ്കരിച്ചു.
നിപ മരണം: ആശങ്കയുടെ വൈറസ് മലയോരത്തും
കൊടിയത്തൂർ: നിപ വൈറസ് ബാധയേറ്റ് മുക്കത്തിനടുത്ത നെല്ലിക്കാപറമ്പ് മാട്ടുമുറിയിൽ യുവാവ് മരിച്ചതിനെ തുടർന്ന് മലയോരം ആശങ്കയിൽ. നിപ നിയന്ത്രണവിധേയമെന്ന് സർക്കാറും ആരോഗ്യവകുപ്പും ആവർത്തിക്കുമ്പോഴാണ് കൊടിയത്തൂർ, കാരശ്ശേരി, മുക്കം, ഒാമശ്ശേരി, ചാത്തമംഗലം, തിരുവമ്പാടി, കൂടരഞ്ഞി, കോടഞ്ചേരി എന്നിവിടങ്ങളിൽ ആശങ്ക വ്യാപിക്കുന്നത്.
മാട്ടുമുറി സ്വദേശിയായ അഖിൽ (28) ആണ് ബുധനാഴ്ച രാത്രി മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്. മൂന്നുദിവസമായി ചികിത്സയിലായിരുന്ന ഇദ്ദേഹത്തിെൻറ പരിശോധനഫലം ബുധനാഴ്ച വൈകീട്ടാണ് എത്തിയത്. രോഗം സ്ഥിരീകരിച്ച് ഏറെ വൈകാതെ മരിക്കുകയും ചെയ്തു. മെഡിക്കൽ കോളജിൽവെച്ചാണ് വൈറസ് ബാധയേറ്റതെന്നാണ് സൂചന.
നിപ പൊട്ടിപ്പുറപ്പെട്ട സമയം അഖിൽ ഒരു മരണവീട്ടിൽ ആദ്യവസാനംവരെ പങ്കെടുത്തതായി വിവരമുണ്ട്. അഖിലുമായി ബന്ധപ്പെട്ട പത്തോളം പേരും നിരീക്ഷണത്തിലാണ്. അഖിലും മറ്റൊരു കാരശ്ശേരി സ്വദേശിയും ആദ്യം ചികിത്സ തേടിയ മുക്കത്തെ സ്വകാര്യ ആശുപത്രിയിൽ ഈ സമയത്ത് ചികിത്സക്കായി എത്തിയവരും ആശുപത്രി ജീവനക്കാരും ഇപ്പോൾ ഭീതിയിലാണ്.
മാട്ടുമുറിയിലും ചിലർ വീടുമാറി പോയതായി റിപ്പോർട്ടുകളുണ്ട്. പ്രദേശത്ത് വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാരും പൊതുജനങ്ങളും മാസ്ക് ധരിച്ചുതുടങ്ങിയിട്ടുണ്ട്. അങ്ങാടികളിൽ പൊതുവെ ആളുകൾ കുറവാണ്. സ്ഥിതി വിലയിരുത്തുന്നതിന് ആരോഗ്യ വകുപ്പധികൃതരുടെ നേതൃത്വത്തിൽ പ്രത്യേക യോഗവും ചേർന്നിരുന്നു. രോഗം പടരുന്നത് തടയുന്നതിനുള്ള മുൻകരുതൽ ഊർജിതമാക്കാൻ യോഗത്തിൽ തീരുമാനിച്ചു.

നിപ മരണം: കേന്ദ്രസംഘം കാരശ്ശേരിയിൽ
കോഴിക്കോട്: നിപ ബാധയെത്തുടർന്ന് കാരശ്ശേരിയിൽ ഒരാൾ മരിച്ച സാഹചര്യത്തിൽ ജനങ്ങളുടെ ഭീതിയകറ്റാൻ വ്യാഴാഴ്ച കൊടിയത്തൂർ, കാരശ്ശേരി പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിൽ കേന്ദ്ര മെഡിക്കൽ സംഘം സന്ദർശിച്ചു. നാഷനൽ സെൻറർ ഫോർ ഡിസീസ് കൺട്രോളിലെ (എൻ.സി.ഡി.സി) ശാസ്ത്രജ്ഞരായ ഡോ. സംഗേത് കുൽക്കർണി, ഡോ. ആർ. രാജേന്ദ്രൻ, ഡോ. അമിത്ത് എന്നിവരടങ്ങിയ സംഘമാണ് ഉച്ചയോടെ പ്രദേശത്തെത്തിയത്. ജനങ്ങൾ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും സംഘം അറിയിച്ചു.
ചെറുവാടി പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫിസർ ഡോ. സുഗതകുമാരി, ഹെൽത്ത് ഇൻസ്പെക്ടർ രാധാകൃഷ്ണൻ, അസി. ഹെൽത്ത് ഇൻസ്പെക്ടർ റോയി മാത്യു, കൊടിയത്തൂർ പഞ്ചായത്ത് പ്രസിഡൻറ് സി.ടി.സി. അബ്ദുല്ല, അംഗങ്ങളായ താജുന്നീസ, കബീർ കണിയാത്ത്, കെ.ടി. ചന്ദ്രൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ മാട്ടുമുറിയിലെയും പ്രദേശത്തെയും 100ഒാളം വീടുകൾ സന്ദർശിക്കുകയും ബോധവത്കരണ സന്ദേശങ്ങൾ കൈമാറുകയും ചെയ്തു.
സ്ഥിതി വിലയിരുത്താൻ വ്യാഴാഴ്ച വൈകീട്ട് കൊടിയത്തൂർ പഞ്ചായത്ത് അടിയന്തര ഭരണസമിതി യോഗം ചേർന്നു. വെള്ളിയാഴ്ച നാല് സ്ക്വാഡുകളായിത്തിരിഞ്ഞ് രണ്ട് കി.മീറ്റർ ചുറ്റളവിലുള്ള വീടുകളിലെത്തി ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തി ജനങ്ങളുടെ ആശങ്കയകറ്റാൻ ശ്രമിക്കും. വിഷയം ചർച്ച ചെയ്യാൻ വെള്ളിയാഴ്ച 2.30ന് പഞ്ചായത്ത് ഒാഫിസിൽ സർവകക്ഷി യോഗം ചേരും. ശുചിത്വം കണിശമായി പുലർത്തണമെന്നും ജാഗ്രത പാലിക്കണമെന്നും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു.
സ്കൂൾ തുറക്കുന്നത് വീണ്ടും നീട്ടിയേക്കും
കോഴിക്കോട്: നിപ രോഗത്തിെൻറ പശ്ചാത്തലത്തിൽ ജില്ലയിലെ സ്കൂളുകൾ തുറക്കുന്നത് വീണ്ടും നീട്ടാൻ സാധ്യത. നിലവിൽ ഇൗ മാസം അഞ്ചിന് സ്കൂൾ തുറക്കാനാണ് ജില്ല ഭരണകൂടം തീരുമാനിച്ചത്. എന്നാൽ, ജില്ല പഞ്ചായത്ത് അംഗങ്ങൾ അടക്കമുള്ള ജനപ്രതിനിധികൾ അഞ്ചിന് സ്കൂൾ തുറക്കുന്നത് നീട്ടിവെക്കണമെന്നാവശ്യപ്പെട്ടിട്ടുണ്ട്. നിപയുടെ ഭീതി പൂർണമായും ഒഴിഞ്ഞിട്ടില്ലെന്നതിനാലാണ് ഇൗ ആവശ്യമുന്നയിക്കുന്നത്. നിപ കാരണം കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് സ്കൂൾ തുറക്കുന്നത് നീട്ടിവെച്ചത്. മറ്റ് ജില്ലകളിൽ വെള്ളിയാഴ്ചതന്നെ സ്കൂളുകൾ തുറക്കും. കാലിക്കറ്റ് സർവകലാശാലക്ക് കീഴിൽ മലപ്പുറം, കോഴിക്കോട് ജില്ലകളിലെ കോളജുകൾ ഇൗ മാസം ആറിനാണ് മധ്യവേനലവധിക്ക് ശേഷം തുറക്കുന്നത്.
പേരാമ്പ്രയിൽ പരിഭ്രാന്തിക്ക് അയവ്
പേരാമ്പ്ര: നിപയുടെ ഉറവിടമായി കരുതുന്ന പേരാമ്പ്ര താലൂക്കാശുപത്രിയിൽ ചികിത്സ തേടിയെത്തുന്നവരുടെ എണ്ണത്തിൽ വർധന. ചൊവ്വാഴ്ച 45 പേരാണ് ഒ.പിയിലെത്തിയതെങ്കിൽ ബുധനാഴ്ച അത് 75 ആയി. വ്യാഴാഴ്ച ഇതിലും ഉയർന്നിട്ടുണ്ട്. ഈ ആശുപത്രിയിലെ ഒരു ഡോക്ടർക്ക് നിപ ബാധിച്ചതായുള്ള വ്യാജ പ്രചാരണമുണ്ടായിരുന്നു. അദ്ദേഹം ബുധനാഴ്ച മുതൽ ഡ്യൂട്ടിക്ക് എത്തി. ടൗണിലും ബസുകളിലുൾപ്പെടെ ആളുകൾ എത്തിത്തുടങ്ങി.
ഷോക്കേറ്റ് ചത്ത വവ്വാൽ പരിഭ്രാന്തി പരത്തി
പന്തീരാങ്കാവ്: പാലാഴിയിൽ വൈദ്യുതിലൈനിൽ തട്ടി ഷോക്കേറ്റ് ചത്തതെന്ന് സംശയിക്കുന്ന വവ്വാൽ പരിഭ്രാന്തി പടർത്തി. വ്യാഴാഴ്ച രാവിലെയാണ് വിഷ്ണു ക്ഷേത്രത്തിന് സമീപം ചത്ത വവ്വാലിനെ കണ്ടെത്തിയത്. 11 കെ.വി വൈദ്യുതി ലൈൻ പോവുന്നതിന് താഴെയാണ് വവ്വാൽ ചത്തുകിടന്നത്.നിപ ബാധിച്ച് വവ്വാലുകൾ കൂട്ടമായി ചത്തെന്നാണ് പ്രചരിച്ചത്. പഞ്ചായത്ത് അംഗം സ്ഥലത്തെത്തി വവ്വാലിനെ കുഴിച്ചിടാൻ ശ്രമിച്ചെങ്കിലും നിപ പേടിയിൽ ചിലർ സമ്മതിച്ചില്ല. തുടർന്ന് പഞ്ചായത്ത് പ്രസിഡൻറ് കെ. തങ്കമണി, വെറ്ററിനറി സർജൻ എ. മഞ്ജുഷ, പഞ്ചായത്ത് അംഗം മഠത്തിൽ അബ്ദുൾ അസീസ് എന്നിവർ സ്ഥലത്തെത്തി വവ്വാലിനെ പാക്ക് ചെയ്ത് ജില്ല വെറ്ററിനറി ആശുപത്രിയിലെത്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
