നിപ വൈറസ്: പനി ബാധിച്ചവരെ പരിചരിച്ച നഴ്സും മരിച്ചു
text_fieldsകോഴിക്കോട്/പേരാമ്പ്ര: നിപ വൈറസ് ബാധിതനെ ചികിത്സിച്ച നഴ്സും മരണത്തിന് കീഴടങ്ങി. പേരാമ്പ്ര ഗവ. താലൂക്കാശുപത്രി നഴ്സ് ചെമ്പനോട കുറത്തിപ്പാറ പരേതനായ പുതുശ്ശേരി നാണുവിെൻറ മകൾ പി.എൻ. ലിനി (31) ആണ് മെഡിക്കൽ കോളജ് നെഞ്ചുരോഗാശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. തിങ്കളാഴ്ച പുലർെച്ച മരിച്ച ഇവരുടെ ശരീരദ്രവങ്ങളുടെ സാംപ്ൾ പുണെ നാഷനൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു. മരണകാരണം നിപ വൈറസാണോ എന്ന് പരിശോധന ഫലം പുറത്തുവന്നാലേ സ്ഥിരീകരിക്കാനാവൂ എന്ന് ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കി.
പന്തിരിക്കര സൂപ്പിക്കട വളച്ചുകെട്ടിയിൽ സാബിത്തിനെ താലൂക്കാശുപത്രിയിൽ പരിചരിച്ച നഴ്സാണ് ലിനി. മേയ് അഞ്ചിന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ യുവാവ് മരിച്ചു. പിന്നീട് പനിബാധിച്ച ലിനിക്ക് 17ന് പേരാമ്പ്ര ഗവ. ആശുപത്രിയിൽ ചികിത്സ നൽകിയിരുന്നു. ഭേദമാവാത്തതിനാൽ 19ന് കോഴിക്കോെട്ട സ്വകാര്യ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. തിങ്കളാഴ്ച രാവിലെ ബന്ധുക്കളുടെ അനുവാദത്തോടെ മാവൂർ റോഡ് വൈദ്യുതി ശ്മശാനത്തിൽ സംസ്കരിച്ചു. ബഹ്റൈനിൽ ജോലിചെയ്യുന്ന വടകര പുത്തൂർ സ്വദേശി സജീഷിെൻറ ഭാര്യയാണ്. മാതാവ്: രാധ. മക്കൾ: സിദ്ധാർഥ് (അഞ്ച്), റിതുൽ (രണ്ട്).
സാബിത്ത് പേരാമ്പ്ര താലൂക്കാശുപത്രിയിൽ ചികിത്സയിലുള്ളപ്പോൾ അവിടെ പ്രവേശിപ്പിക്കപ്പെട്ട നടുവണ്ണൂർ തിരുവോട് സ്വദേശി ഇസ്മാഇൗലും ഭർതൃപിതാവിെൻറ കൂടെനിന്ന ചെറുവണ്ണൂർ സ്വദേശിനി ജാനകിയും മെഡിക്കൽ കോളജ് ആശുപത്രിയിൽ ഇതേ രോഗലക്ഷണങ്ങളോടെ മരിച്ചിരുന്നു. ഇവരുടെയും പരിശോധന ഫലം വന്നിട്ടില്ല. നിലവിൽ നാലുപേരിലാണ് നിപ വൈറസ് സ്ഥിരീകരിച്ചത്. മേയ് അഞ്ചിന് മരിച്ച സാബിത്ത്, 18ന് മരിച്ച സഹോദരൻ സ്വാലിഹ്, 19ന് മരിച്ച ഇവരുടെ പിതൃസഹോദര ഭാര്യ മറിയം, ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വളച്ചുകെട്ടിയിൽ മൂസ എന്നിവരിലാണ് രോഗം സ്ഥിരീകരിച്ചത്.
ആശുപത്രി അധികൃതർ മുൻകരുതൽ സ്വീകരിച്ചിരുന്നെങ്കിൽ ലിനി മരിക്കില്ലായിരുന്നുവെന്ന് അമ്മ
പേരാമ്പ്ര സൂപ്പിക്കടയിൽ നിപ വൈറസ് ബാധിച്ച മുഹമ്മദ് സാദിഖ്, മുഹമ്മദ് സാലിഹ്, മറിയുമ്മ എന്നിവരെ അക്ഷരാർഥത്തിൽ തെൻറ ജീവൻപോലും വെടിഞ്ഞാണ് ലിനി പരിചരിച്ചത്. അവർ മരിച്ചപ്പോഴും ലിനിക്ക് അറിവില്ലായിരുന്നു ഈ അജ്ഞാതരോഗം തെൻറ ജീവനും കവരുമെന്ന്. ഭർത്താവിെൻറയും പിഞ്ചുമക്കളുടെയും അമ്മയുടെയും പ്രാർഥനകൾ വിഫലമാക്കി തിങ്കളാഴ്ച പുലർച്ചെ ലിനിയും പോയി.
കോഴിക്കോട് മെഡിക്കൽ കോളജിലെ ഒരു കോണിലിരുന്ന് കരയുകയാണ് ലിനിയുടെ അമ്മ രാധാമണി. മകളുടെ മൃതദേഹം ഒന്ന് ശരിക്ക് കാണാൻപോലും തനിക്ക് അനുവാദം ലഭിച്ചില്ലല്ലോ എന്നോർക്കുമ്പോൾ അവരുെട തേങ്ങലിെൻറ ആഴം കൂടുന്നു. വീട്ടുകാരുടെ അനുമതിയോടെ കോഴിക്കോട്ടെ വൈദ്യുതി ശ്മശാനത്തിൽ സംസ്കരിക്കുകയായിരുന്നു ലിനിയുടെ മൃതദേഹം.
‘ഒരാഴ്ചയായി തലവേദനയും പനിയും ഉണ്ടായിരുന്നു ലിനിക്ക്. എന്നാൽ, കാര്യങ്ങൾ ഇത്രത്തോളം ഗൗരവമാണെന്ന് ഞങ്ങൾക്ക് അറിയില്ലായിരുന്നു. ആശുപത്രി അധികൃതർ വേണ്ട മുൻകരുതലുകൾ സ്വീകരിച്ചിരുന്നുവെങ്കിൽ അവൾക്ക് ജീവൻ നഷ്ടപ്പെടില്ലായിരുന്നു’ ^ലിനിയുടെ മാതാവ് രാധാമണിയുടെ വാക്കുകൾ കണ്ണീരിൽ മുറിഞ്ഞു.
ഗൾഫിൽ ജോലിചെയ്യുന്ന ലിനിയുടെ ഭർത്താവ് സജീഷ് ഞായറാഴ്ച നാട്ടിലെത്തിയെങ്കിലും അദ്ദേഹത്തിനും ലിനിയെ കാണാനായില്ല. ഇവരുടെ മക്കളായ റിതുൽ (5), സിദ്ധാർഥ് (2) എന്നിവരും ഇപ്പോൾ നിരീക്ഷണത്തിലാണ്. മരുന്നോ വാക്സിനോ ലഭ്യമല്ലാത്ത നിപ വൈറസ് ബാധക്ക് ശരിയായ സമയത്ത് ചികിത്സ ലഭ്യമാക്കുക എന്നത് മാത്രമാണ് പോംവഴി. ലിനിയോടൊപ്പം ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന മറ്റ് രണ്ട് നഴ്സുമാർക്കും രോഗം പിടിപെട്ടിട്ടുണ്ടെന്ന സംശയം ആരോഗ്യ വകുപ്പ് അധികൃതരെയും അങ്കലാപ്പിലാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
