തമിഴ്നാട് അതിർത്തിയിൽ പരിശോധന ശക്തം
text_fieldsഗൂഡല്ലൂർ: കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നിപ വൈറസ് മൂലം പനി ബാധിച്ചവർ മരിക്കുന്ന സാഹചര്യത്തിൽ നീലഗിരി ജില്ലയുടെ അതിർത്തി ചെക്ക്പോസ്റ്റുകളിൽ മെഡിക്കൽ സംഘം പരിശോധന ശക്തമാക്കി. കേരളത്തിൽ പോയി മടങ്ങുന്നവരെയും സഞ്ചാരികളെയും പരിശോധിക്കുന്നുണ്ട്. ഏതെങ്കിലും വിധത്തിൽ ശാരീരിക അസ്വസ്ഥതകൾ ഉള്ളവരെ ആരോഗ്യ കേന്ദ്രങ്ങളിലേക്ക് അയക്കുന്നുണ്ട്.
ജില്ലയിലെ ആശുപത്രികളിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ഈ രോഗലക്ഷണമുള്ള ആരെങ്കിലും ചികിത്സക്കെത്തിയാൽ ഉടൻ ആരോഗ്യവകുപ്പിൽ അറിയിക്കാൻ നിർദേശമുണ്ട്. തമിഴ്നാട്ടിൽ നിപ വൈറസ്ബാധ ലക്ഷണമുള്ളവരെ കുറിച്ച് ഇതുവരെ റിപ്പോർട്ടില്ല.
കേരള അതിർത്തികളായ പാട്ടവയൽ, നാടുകാണി, താളൂർ, ചോലാടി എന്നീ ചെക്ക്പോസ്റ്റുകളിൽ വാഹന പരിശോധന ശക്തമാക്കി. വഴിയോരങ്ങളിൽ വിൽപനക്കുവെച്ച പഴങ്ങളും മെഡിക്കൽ സംഘം പരിശോധിച്ചു. തമിഴ്നാട് ആരോഗ്യവകുപ്പ് െഡപ്യൂട്ടി ഡയറക്ടർ എസ്. പൊർക്കൊടിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തുന്നത്. ജില്ല കലക്ടർ ഇന്നസെൻറ് ദിവ്യ അടിയന്തര യോഗം വിളിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.
മംഗളൂരുവിൽ രണ്ടുപേർക്ക് നിപ ബാധ
മംഗളൂരു: നിപ വൈറസ് ബാധിതരെന്ന് സംശയിക്കുന്ന രണ്ടുപേരെ മംഗളൂരുവിൽ രണ്ട് ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഒരാൾ കോഴിക്കോട്ടുനിന്ന് വന്നയാളും മറ്റൊരാൾ മംഗളൂരുകാരനുമാണെന്ന് ജില്ല ഹെൽത്ത് ഓഫിസർ ഡോ. രാമകൃഷ്ണ റാവു വാർത്തസമ്മേളനത്തിൽ പറഞ്ഞു. രണ്ടുപേരുടേയും നില ഗുരുതരമല്ലെങ്കിലും പ്രത്യേക പരിചരണത്തിലാണ്.
കർണാടകയിലും ജാഗ്രത നിർദേശം
ബംഗളൂരു: കേരളത്തിൽ നിപ വൈറസ് ബാധയെ തുടർന്ന് മരണങ്ങൾ റിപ്പോർട്ട് ചെയ്തതോടെ കർണാടകയിലും ജാഗ്രത നിർദേശം. നിപ വൈറസ് ബാധമൂലം പനിബാധിച്ച് മരിച്ചവരുടെ എണ്ണം വർധിച്ചതോടെ കേരളവുമായി അതിർത്തി പങ്കിടുന്ന ദക്ഷിണ കന്നഡ ജില്ലയിലെ എല്ലാ ആശുപത്രികളിൽനിന്നും പനി ബാധിച്ചവരുടെ റിപ്പോർട്ട് ലഭ്യമാക്കാൻ ആവശ്യപ്പെട്ടു. ചൊവ്വാഴ്ച മംഗളൂരുവിൽ രണ്ടു പേർക്ക് നിപ വൈറസ് ബാധയെന്ന സംശയത്തെ തുടർന്ന് ഇവരുടെ രക്തസാമ്പിൾ മണിപ്പാലിലെ വൈറോളജി ലാബിലേക്ക് പരിശോധനക്കായി അയച്ചിട്ടുണ്ട്. മംഗളൂരു സ്വദേശിയായ ഒരാൾക്കും മലയാളിയായ മറ്റൊരാൾക്കുമാണ് നിപ വൈറസ് ബാധയേറ്റതായി സംശയിക്കുന്നത്. ഇതുവരെ കർണാടകയിൽ നിപ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്യാത്തതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. എന്നാൽ, ആശുപത്രികളിൽ പനിയുമായി എത്തുവരെ കൃത്യമായി നിരീക്ഷിക്കാനുള്ള നിർദേശം ദക്ഷിണ കന്നഡയിലെ സ്വകാര്യ, സർക്കാർ ആശുപത്രികൾക്ക് നൽകിയിട്ടുണ്ടെന്ന് ദക്ഷിണ കന്നഡ ഡെപ്യൂട്ടി കമീഷണർ എസ്. ശശികാന്ത് സെന്തിൽ അറിയിച്ചു. തിങ്കളാഴ്ച ദക്ഷിണ കന്നഡയിലെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ യോഗം ചേർന്നിരുന്നു.
ബംഗളൂരുവിൽ താമസിക്കുന്ന കോഴിക്കോട് സ്വദേശികളും ആശങ്കയിലാണ്. നിപ വൈറസ് ബാധ വരാതെ പ്രതിരോധിക്കുക മാത്രമാണ് ഏക മാർഗമെന്നതിനാൽ തൽക്കാലത്തേക്ക് കോഴിക്കോേട്ടക്ക് പോകരുതെന്നാണ് ബംഗളൂരുവിലെ േഡാക്ടർമാർ നിർദേശിച്ചിരിക്കുന്നത്. കോഴിക്കോട്ടേക്ക് പോകാനിരുന്ന പലരും ഇതിനകം യാത്ര റദ്ദാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
