തകർന്നടിഞ്ഞത് ഒരു കുടുംബത്തിന്റെ സ്വപ്നങ്ങൾ
text_fieldsപകർച്ചപ്പനിയുടെ രൂപത്തിൽ വിധി തകർത്തെറിഞ്ഞത് ഒരു കുടുംബത്തിെൻറ സ്വപ്നങ്ങളെ. പന്തിരിക്കര സൂപ്പിക്കടയിൽ വളച്ചുകെട്ടിയിൽ മൂസയുടെ കുടുംബത്തെ കുറിച്ചോർക്കുമ്പോൾ എത്ര കഠിനഹൃദയെൻറയും കണ്ണു നിറയും. ഇല്ലായ്മയിൽ വളർന്ന ഇദ്ദേഹം നാലു മക്കളെ വളർത്തിവലുതാക്കിയപ്പോൾ അതിൽ മൂന്നു പേരെയും വിധി കവർന്നിരിക്കുകയാണ്. മൂന്നാമത്തെ മകൻ മുഹമ്മദ് സാലിം 2013ൽ ബൈക്ക് അപകടത്തിൽ മരിച്ചതോടെയാണ് ദുരന്തങ്ങളുടെ തുടക്കം.
സാലിമിെൻറ നഷ്ടം മറന്നുകൊണ്ടിരിക്കുമ്പോഴാണ് രണ്ടാമത്തെ മകൻ സാബിത്ത് (23) ഈ മാസം അഞ്ചിന് പനി ബാധിച്ച് മരിക്കുന്നത്. അൾസറിനെ തുടർന്ന് വിദേശത്തുനിന്ന് ചികിത്സക്കായി നാട്ടിലെത്തിയതായിരുന്നു സാബിത്ത്. മരണകാരണം ഉദരസംബന്ധമായ രോഗമാണെന്ന നിഗമനത്തിലായിരുന്നു ബന്ധുക്കൾ. എന്നാൽ, സാബിത്ത് മരിച്ച് അഞ്ചാം നാൾ ജ്യേഷ്ഠൻ സ്വാലിഹിനും പനി വന്നു. കുറ്റ്യാടി താലൂക്കാശുപത്രിയിലും പേരാമ്പ്ര സഹകരണ ആശുപത്രിയിലും കാണിച്ചെങ്കിലും ഭേദമായില്ല. തുടർന്ന് കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലെത്തി. പിതാവ് മൂസക്കും സ്വാലിഹ് നിക്കാഹ് കഴിച്ച ആത്തിഫക്കും പനി വന്നതോടെ അവരെയും ബേബിയിൽ തന്നെ പ്രവേശിപ്പിച്ചു. ഈ വീട്ടിൽ എന്ത് നടന്നാലും ഓടിയെത്തുന്ന സ്വാലിഹിെൻറ മൂത്തുമ്മ മറിയത്തെയും പനി വിട്ടില്ല.
സ്വാലിഹ് വെള്ളിയാഴ്ചയും മറിയം ശനിയാഴ്ചയും മരണത്തിന് കീഴടങ്ങി. മൂസ അതിഗുരുതരാവസ്ഥയിൽ തുടരുന്നു. ആത്തിഫയെ വിദഗ്ധ ചികിത്സക്ക് ശനിയാഴ്ച പുലർച്ച എറണാകുളം അമൃത ആശുപത്രിയിലേക്ക് മാറ്റി. വിദേശത്തായിരുന്ന സ്വാലിഹും സാബിത്തിനൊപ്പം രണ്ടുമാസം മുമ്പ് നാട്ടിലേക്ക് തിരിച്ചതാണ്. സിവിൽ എൻജിനീയറിങ് കഴിഞ്ഞ സ്വാലിഹ് കോഴിക്കോട് ജോലി നോക്കുകയായിരുന്നു. സാബിത്ത് നാട്ടിൽ വയറിങ് ജോലിയിലുമായിരുന്നു. സഹോദരങ്ങളെന്നതിലുപരി ഇവർ അടുത്ത സുഹൃത്തുക്കളുമായിരുന്നു. ഈ കുടുംബം ഇപ്പോൾ താമസിക്കുന്ന വീട് വിറ്റ് സമീപത്തുതന്നെ വീടും സ്ഥലവും വാങ്ങിയിട്ടുണ്ട്.
അതിെൻറ പ്രവൃത്തി പൂർത്തീകരിച്ച് നോമ്പിനുശേഷം അങ്ങോട്ടു താമസം മാറാനിരിക്കുകയായിരുന്നു. സ്വാലിഹിെൻറ കല്യാണവും അവിടെനിന്ന് നടത്താനായിരുന്നു പദ്ധതി. എന്നാൽ, പുതിയ വീടെന്ന സ്വപ്നവും കല്യാണവുമെല്ലാം ബാക്കിയാക്കിയാണ് ഇരുവരും യാത്രയായത്. മൂന്നു മക്കൾ നഷ്ടപ്പെട്ട മറിയം ഇളയമകൻ മുത്തലിബിനൊപ്പം സൂപ്പിക്കടയിലെ ബന്ധുവീട്ടിലാണ് കഴിയുന്നത്. മുത്തലിബ് പേരാമ്പ്ര ജബലുന്നൂർ കോളജ് വിദ്യാർഥിയാണ്. മൂസയുടെ ജ്യേഷ്ഠൻ മൊയ്തീൻ ഹാജിയുടെ ഭാര്യയാണ് മരിച്ച മറിയം. ഇവരുടെ വീടിെൻറ ഏകദേശം 50 മീറ്റർ അകലെയാണ് മറിയം താമസിക്കുന്നത്. ഇവരുടെ വീട്ടുകാരും ഇപ്പോൾ ബന്ധുവീട്ടിലാണ് താമസം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
