നിപ: 1949 പേർ നിരീക്ഷണത്തിൽ; അതീവ ജാഗ്രത
text_fieldsകോഴിക്കോട്: നിപ വൈറസ് ബാധയുടെ രണ്ടാംഘട്ടത്തിന് തുടക്കം കുറിച്ചെന്ന ആശങ്കകൾക്കിടയിൽ കോഴിക്കോട് ജില്ലയിലും സംസ്ഥാനത്തൊട്ടാകയും അതീവ ജാഗ്രത. കഴിഞ്ഞ ദിവസങ്ങളിൽ മൂന്ന് പേർ കൂടി മരിച്ചതോടെയാണ് നാട്ടിലാകെ കൂടുതൽ പരിഭ്രാന്തി പടർന്നത്.നിപ ബാധക്ക് രണ്ടാംഘട്ടം ഉണ്ടാകാനിടയുള്ളതിനാല്‍ അതീവജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ മുന്നറിയിപ്പ് നൽകി. ആദ്യഘട്ടത്തില്‍ നിയന്ത്രിക്കാനായെങ്കിലും നിപ ബാധിതരുമായി ഇടപഴകിയവര്‍ക്ക് പകരാന്‍ സാധ്യതയുണ്ട്. അത്തരത്തില്‍, സാധ്യതയുള്ളവർ ‘ഇങ്കുബേഷന്‍ പിരീഡ്’ കഴിയുന്നതുവരെ ശ്രദ്ധിക്കണമെന്നും മന്ത്രി അറിയിച്ചു.
വൈറസ് ബാധ സംശയിക്കുന്ന ആറുപേരെക്കൂടി വെള്ളിയാഴ്ച കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതോടെ ഇവിടെ ചികിത്സയിലുള്ളവരുടെ എണ്ണം 17 ആയി. നിലവിൽ 1949 പേർ നിരീക്ഷണപ്പട്ടികയിൽ ഉണ്ട്. വൈറസ് ബാധയിൽ മരിച്ച 18 പേരുമായി ഇടപഴകിയവര്‍ നിരീക്ഷണത്തിലാണ്.രോഗി മരിച്ച ബാലുശേരിയിലെ ഡിസ്പൻസറിയിൽ പ്രവർത്തിച്ച ഡോക്ടർമാർക്ക് നിർബന്ധിത അവധി നൽകി. അതേ സമയം വെള്ളിയാഴ്ച ലഭിച്ച ഏഴുപേരുടെ പരിശോധന ഫലത്തിൽ നിപയില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
ഇതുവരെ 193 പേരുടെ പരിശോധന ഫലത്തിൽ 18 പേർക്കാണ് സ്ഥിരീകരിച്ചത്. എന്നാൽ, നേരത്തേ വൈറസ് ബാധ സ്ഥിരീകരിച്ച രണ്ടുപേരിൽ പുതിയ ഫലം നെഗറ്റീവ് ആയത് നിപ ഭീതിക്ക് ചെറിയ ആശ്വാസമായതായി ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. ആർ.എൽ. സരിത അറിയിച്ചു. കോഴിക്കോട് സ്വദേശി നഴ്സിങ് വിദ്യാർഥിനി, മലപ്പുറം സ്വദേശി എന്നിവരുടെപരിശോധന ഫലമാണ് നെഗറ്റീവായത്. ഇരുവരും തുടർ നിരീക്ഷണത്തിലാണ്.
നിപ വൈറസ് ബാധയെ തുടര്‍ന്ന് കോഴിക്കോട് ജില്ലയിലെ തിരക്കുള്ള കോടതികളിൽ ജൂൺ ആറുവരെ വിചാരണ നിർത്തിെവക്കാൻ ഹൈകോടതി നിർദേശമുണ്ട്. ഇൗ മാസം 16 വരെയുള്ള പി.എസ്.സി പരീക്ഷകൾ മാറ്റി. രോഗം പടരാതിരിക്കാൻ എല്ലായിടത്തും മുൻ കരുതലുകളെടുത്തതായി മന്ത്രി പറഞ്ഞു. മരണം സംഭവിച്ചവരുമായി ഇടപഴകിയവർ പ്രത്യേക നിരീക്ഷണത്തിലാണ്.
മരിച്ചവർ ചികിത്സ തേടിയ ദിവസങ്ങളിൽ അതേ ആശുപത്രി സന്ദർശിച്ചവരുടെ പേരുകൾ ശേഖരിച്ച് വിശകലനം നടത്തും. 18 പേരിലാണ് നിപ വൈറസ് ആദ്യഘട്ടത്തില്‍ സ്ഥിരീകരിച്ചത്. 16 പേർ മരിച്ചു. നിപ ബാധിതരുമായി അടുത്തിടപഴകിയവര്‍ നിശ്ചിത കാലാവധി കഴിയുന്നതുവരെ കൂട്ടായ്മകള്‍ ഒഴിവാക്കണം. ചെറിയ ലക്ഷണം കണ്ടാല്‍പോലും ചികിത്സ തേടണമെന്നും മന്ത്രി പറഞ്ഞു.
ആരോഗ്യവകുപ്പ് പ്രതിരോധ സജ്ജീകരണം ഒരുക്കിയിട്ടുണ്ട്. എങ്കിലും ജാഗ്രത ആവശ്യമാണ്.കേന്ദ്രവുമായും ഇത്തരം അനുഭവമുള്ള രാജ്യങ്ങളുമായും നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്. ആരോഗ്യവകുപ്പ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംഘം ഇപ്പോഴും അവിടെത്തന്നെയുണ്ട്. പൂര്‍ണമായും നിയന്ത്രണവിധേയമാകുംവരെ ഈ സംഘത്തെ നിലനിർത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
