നിപ: 61 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്; മരിച്ച ഹാരിസുമായി ഇടപഴകിയ ആളിനും രോഗമില്ല
text_fieldsകോഴിക്കോട്: കോഴിക്കോട് ജില്ലയിൽ ഇന്ന് പുറത്തുവന്ന 61 പേരുടെ നിപ സ്രവ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്. ഹൈറിസ്കിലുള്ളവരും അവസാനം രോഗം സ്ഥിരീകരിച്ച ചെറുവണ്ണൂർ സ്വദേശിയുടെ പ്രൈമറി കോൺടാക്ടിലുള്ളയാളും ഇതിൽ ഉൾപ്പെടും. കഴിഞ്ഞ 11-ാം തീയതി മരിച്ച ഹാരിസുമായി ഇടപഴുകിയ ആളുടെ സ്രവ പരിശോധന ഫലവും നെഗറ്റീവ് ആണെന്നും മന്ത്രി പറഞ്ഞു.
മലപ്പുറം ജില്ലയിൽ 22 പേരാണ് നിരീക്ഷണത്തിൽ ഉണ്ടായിരുന്നത്. ഐ.സി.യുവിൽ പ്രവേശിപ്പിച്ച ആളുമായി ബന്ധമുള്ള കൂടുതൽ ആശുപത്രിയിൽ എത്തിയിരുന്നു. 13 പേർ ഇന്നലെ എത്തിയിട്ടുണ്ട്. ഇവരുടെ സ്രവ പരിശോധനയും നടത്തുകയാണ്.
കേന്ദ്ര സംഘവുമായി ഇന്നും വിശദമായ ചർച്ച നടത്തിയിരുന്നു. കേരളത്തിന്‍റെ നിപ പ്രതിരോധന പ്രവർത്തനങ്ങളിൽ സംതൃപ്തി രേഖപ്പെടുത്തി. നിപ്പ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് സ്ഥിതിഗതികൾ വിലയിരുത്താൻ കോഴിക്കോട്ടെത്തിയ കേന്ദ്രസംഘത്തിന്‍റെ ഒരു വിഭാഗം ഇന്ന് തിരിച്ചു പോകുമെന്നും ആരോഗ്യ മന്ത്രി അറിയിച്ചു.