നിപ:വിമർശനങ്ങൾക്ക് മറുപടിയുമായി ആരോഗ്യ മന്ത്രി
text_fieldsകോഴിക്കോട്: നിപ സ്ഥിരീകരിച്ച കോഴിക്കോട്ട് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏകോപനമുണ്ടായില്ലെന്നും ആരോഗ്യ മന്ത്രി സ്ഥലത്ത് ക്യാമ്പ് ചെയ്തില്ലെന്നുമുള്ള വിമർശനങ്ങൾക്ക് മറുപടിയുമായി കെ. മുരളീധരൻ. നിപ രോഗ സ്ഥിരീകരണത്തിൽ ആശയക്കുഴപ്പമുണ്ടാക്കിയത് മുൻ ഡി.എച്ച്.എസ് ആണെന്നും തുരപ്പൻ പണി കാണിക്കുന്നവരെ പിടിക്കുമെന്നും ആരോഗ്യമന്ത്രി വാർത്തസമ്മേളനത്തിൽ പറഞ്ഞു.
2018ൽ നിപ പടർന്ന് പിടിച്ചതിനാലാണ് അന്നത്തെ ആരോഗ്യ മന്ത്രി ഇവിടെ ക്യാമ്പ് ചെയ്തത്. നിപ രോഗിയെ അഡ്മിറ്റ് ചെയ്യുന്നത് വരെയുള്ള കാര്യങ്ങൾ ചർച്ചചെയ്ത ശേഷമാണ് താൻ പോയത്. നിപ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നെങ്കിൽ മടങ്ങി എത്തുമായിരുന്നു. നിലവിൽ ഇവിടെ ക്യാമ്പ് ചെയ്യേണ്ട സാഹചര്യമില്ല. കേന്ദ്രീകൃത പ്രവർത്തനങ്ങൾക്ക് സൗകര്യം തിരുവനന്തപുരമാണ്.
പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയായിരിക്കെ അമേരിക്കയിൽ ഇരുന്ന് ഇവിടുത്തെ കാബിനറ്റിൽ അധ്യക്ഷത വഹിച്ചിട്ടുണ്ട്. അപ്പോൾ തിരുവനന്തപുരത്തുനിന്ന് നിപ അവലോകനം ചെയ്യുന്നതിൽ തെറ്റുണ്ടോ? രാഷ്ട്രീയ ആക്രമണം കുറേ കണ്ടതാണ്. വെടിക്കെട്ടുകാരനെ ഉടുക്ക് കൊട്ടി പേടിപ്പിക്കാമെന്ന് വിചാരിച്ചാൽ നടപ്പില്ല. ശക്തമായ നടപടികൾ സ്വീകരിച്ചിട്ടും നിപ മരുന്ന് കിട്ടുന്നില്ല എന്നൊക്കെ പറയുന്നത് ദൗർഭാഗ്യകരമാണ്.
ഒരു മണിക്ക് നിപ പരിശോധന ഫലം വന്നിട്ടും ആരോഗ്യ വകുപ്പ് ഡയറക്ടർ വിവരം അറിയിച്ചില്ല. വിവരങ്ങൾ മറച്ചുവെച്ചു. സംഭവത്തിൽ കലക്ടർക്ക് വീഴ്ച സംഭവിച്ചിട്ടില്ല. ഒന്നോ രണ്ടോ ഒറ്റപ്പെട്ട സംഭവങ്ങൾ ചൂണ്ടിക്കാട്ടി, മന്ത്രി വകുപ്പുമായി സുഖത്തിലല്ലെന്ന് പറയുന്നത് ശരിയല്ല. എന്നാൽ, കോലുവെക്കുന്നവർക്കെതിരെ നടപടിയെടുക്കും. ഡി.എച്ച്.എസിനെ മാറ്റണോ എന്ന് തീരുമാനിക്കേണ്ടത് സർക്കാറും മന്ത്രിയുമാണ്. അവർ സർക്കാറുമായി സഹകരിക്കുന്നില്ല. അങ്ങനെയൊരു ഡി.എച്ച്.എസിനെ ഞങ്ങൾക്ക് ആവശ്യമില്ല. പരാതിയുള്ളവർക്ക് കോടതിയിൽ പോകാം. ചിലർ തുരപ്പൻ പണി കാണിച്ചു, അവരെ പിടിക്കുകയും ചെയ്യും. അതിന്റെ ഭാഗമായാണ് ഡി.എച്ച്.എസിനെ മാറ്റിയത് -മന്ത്രി വ്യക്തമാക്കി. പി.എ. മുഹമ്മദ് റിയാസ് എം.എൽ.എയെ ഒരിക്കലും മാറ്റിനിർത്തില്ലെന്നും മന്ത്രി പറഞ്ഞു. നിപ റിപ്പോർട്ട് ചെയ്തത് അദ്ദേഹത്തിന്റെ മണ്ഡലത്തിലാണെന്നും എല്ലാ കാര്യങ്ങളും അറിയിക്കണമെന്ന് നിർദേശിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

