കേരളത്തിൽ വീണ്ടും നിപ; വളാഞ്ചേരി സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചു
text_fieldsമലപ്പുറം: കേരളത്തിൽ ഭീതി പരത്തി വീണ്ടും നിപ. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്ന വളാഞ്ചേരി സ്വദേശിനിക്ക് നിപ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണ ജോർജ് മലപ്പുറത്ത് പറഞ്ഞു. സംശയം തോന്നിയത് മുതൽ ആരോഗ്യവകുപ്പ് പ്രതിരോധപ്രവർത്തനങ്ങൾ തുടങ്ങിയിരുന്നതായും മന്ത്രി പറഞ്ഞു.
ഗുരുതര ആരോഗ്യപ്രശ്നങ്ങളുമായി ചികിൽസ തേടിയ 42 കാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരുടെ രണ്ട് മക്കളെ പനിയെ തുടർന്ന് മെഡി. കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ വീട്ടിലെ പൂച്ച കഴിഞ്ഞ ദിവസം ചത്തിരുന്നു. പൂച്ചയുടെ ജഡം പരിശോധനക്ക് അയച്ചിട്ടുണ്ട്.
പെരിന്തൽമണ്ണ ആശുപത്രിയിൽ നിന്ന് കഴിഞ്ഞ ദിവസമാണ് അസുഖബാധിതയായ സ്ത്രീയുടെ സ്രവം പരിശോധനക്കായി പൂണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചത്. വ്യാഴാഴ്ച ഉച്ചയോടെയാണ് നിപ സ്ഥിരീകരിച്ച് ഫലം വന്നത്. ആരോഗ്യവകുപ്പ് പ്രതിരോധപ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. പാലക്കാട്ടുള്ള ആരോഗ്യമന്ത്രി മലപ്പുറത്തേക്ക് തിരിച്ചു.
വളാഞ്ചേരി നഗരസഭയിലെ രണ്ടാം വാർഡിലാണ് സ്ത്രീയും കുടുംബവും താമസിക്കുന്നത്. ഒരു മാസത്തോളമായി ഇവർക്ക് പലവിധ അസുഖമായി ചികിൽസയിലായിരുന്നു. പലതരം പരിശോധനകൾക്ക് ശേഷമാണ് നിപ പരിശോധന നടത്തിയത്. ഒരാഴ്ചയായി ഇവർ പെരിന്തൽമണ്ണ ആശുപത്രിയിൽ ചികിൽസയിലാണ്. കഴിഞ്ഞ വർഷം രണ്ട് പേർ മലപ്പുറത്ത് നിപ ബാധിച്ച് മരിച്ചിരുന്നു. വണ്ടൂരിലും പാണ്ടിക്കാടുമായിരുന്നു രോഗം സ്ഥിരീകരിച്ചത്. നിപ നിയന്ത്രണവിധേയമാക്കാമെന്നതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആരോഗ്യവകുപ്പ് വൃത്തങ്ങൾ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

