ഒമ്പതാം ദിനവും നിരാശ; മത്സ്യത്തൊഴിലാളികളെ കണ്ടെത്താനായില്ല
text_fieldsതിരുവനന്തപുരം: മുതലപ്പൊഴിയിലും വിഴിഞ്ഞത്തുമായി കടലിൽ കാണാതായ രണ്ട് മത്സ്യത്തൊഴിലാളികൾക്കായുള്ള തിരച്ചിൽ ഒമ്പതാം ദിവസവും വിഫലം. പ്രതികൂല കാലാവസ്ഥയെ തുടർന്ന് മുതലപ്പൊഴിയിലെ തിരച്ചിൽ അധികൃതർ അവസാനിപ്പിച്ചു. അതിനിടെ, തിരച്ചിലിനായി മുങ്ങൽ വിദഗ്ധർ എത്താൻ വൈകിയതിൽ പ്രതിഷേധിച്ച് കുടുംബവും നാട്ടുകാരും രംഗത്തെത്തിയത് നേരിയ സംഘർഷത്തിനിടയാക്കി.
മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ കാണാതായ ഷിജിനെ കണ്ടെത്താൻ മറൈൻ ആംബുലൻസിന്റെയും മറ്റ് മത്സ്യത്തൊഴിലാളികളുടെയും നേതൃത്വത്തിൽ വ്യാഴാഴ്ച രാവിലെ തന്നെ തിരച്ചിൽ ആരംഭിച്ചിരുന്നു. അപകടം നടന്ന പൊഴി ഭാഗത്ത് തന്നെ വിശദമായ പരിശോധന വേണമെന്ന് ഷിജിന്റെ കുടുംബം ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മുങ്ങൽ വിദഗ്ധർ എത്തുമെന്ന് കഴിഞ്ഞ ദിവസം മന്ത്രി നേരിട്ടെത്തി ഉറപ്പുനൽകിയതുമാണ്. ദൗത്യസംഘത്തെ സഹായിക്കാൻ പുലർച്ചെ മുതൽ മത്സ്യത്തൊഴിലാളികളും സജ്ജരായിരുന്നു. എന്നാൽ ഉച്ചയ്ക്ക് 12 മണിയായിട്ടും സ്കൂബ സംഘം എത്താത്തതാണ് കുടുംബത്തിന്റെ കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയത്.
തുടർന്ന് ഫിഷറീസ്, കോസ്റ്റൽ പൊലീസ് ഉദ്യോഗസ്ഥർ അടിയന്തരമായി ഇടപെട്ട് ഉച്ചയോടെ വിഴിഞ്ഞത്തുനിന്ന് നാലംഗ സ്കൂബ ഡൈവിങ് സംഘത്തെ എത്തിക്കുകയായിരുന്നു. എന്നാൽ, കടൽ അതിപ്രക്ഷുബ്ധമായിരുന്നതിനാൽ അരമണിക്കൂർ മാത്രമേ ഇവർക്ക് തിരച്ചിൽ നടത്താനായുള്ളൂ. അപകടസാധ്യത കണക്കിലെടുത്ത് പിന്നീട് ദൗത്യം അവസാനിപ്പിക്കാൻ അധികൃതർ തീരുമാനിച്ചു. നേരത്തെ, ഈ മാസം അഞ്ചിനും സ്കൂബ സംഘം ഇവിടെ പരിശോധനയ്ക്ക് ഇറങ്ങിയിരുന്നെങ്കിലും മോശം കാലാവസ്ഥയെ തുടർന്ന് പിന്മാറുകയായിരുന്നു.
അതേസമയം, വിഴിഞ്ഞത്ത് നിന്ന് കാണാതായ ജോണിനായുള്ള തിരച്ചിൽ ഇപ്പോഴും ഊർജ്ജിതമായി തുടരുകയാണ്. തെക്കൻ തമിഴ്‌നാട് തീരം വരെ കോസ്റ്റ് ഗാർഡിന്റെ കപ്പൽ പരിശോധന നടത്തുന്നുണ്ട്. കൊച്ചിയിൽ നിന്നുള്ള വ്യോമസേനാ ഹെലികോപ്റ്ററും രക്ഷാപ്രവർത്തനത്തിനായി എത്തിയിട്ടുണ്ട്. ഇതിന് പുറമെ 'ധീര' റെസ്ക്യൂ ബോട്ടും കടലിൽ തിരച്ചിൽ നടത്തുന്നുണ്ട്. കഴിഞ്ഞ ജൂലൈ 31-നാണ് ഷിജിനെയും ജോണിനെയും കടലിൽ വെച്ച് കാണാതായത്. ഇരുവർക്കുമായുള്ള പ്രാർത്ഥനയിലാണ് തീരദേശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

