ചികിത്സാപിഴവ്: കൈ മുറിച്ചുമാറ്റിയ ഒമ്പതുകാരിക്ക് സർക്കാർ പ്രഖ്യാപിച്ച ധനസഹായം ലഭിച്ചില്ല
text_fieldsപാലക്കാട്: ജില്ല ആശുപത്രിയിലെ ചികിത്സപ്പിഴവിനെ തുടർന്ന് കൈ മുറിച്ചുമാറ്റേണ്ടിവന്ന പല്ലശ്ശനയിലെ ഒമ്പതു വയസ്സുകാരി വിനോദിനിക്ക് വിദഗ്ധ ചികിത്സയും വിദ്യാഭ്യാസവും ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ട് കുടുംബം പട്ടികജാതി വികസന വകുപ്പ് ജില്ല ഓഫിസർക്ക് പരാതി നൽകി. സർക്കാർ പ്രഖ്യാപിച്ച രണ്ടു ലക്ഷം രൂപ ഇതുവരെ ലഭിച്ചില്ലെന്നും മാതാവ് പ്രസീദ നൽകിയ പരാതിയിൽ പറയുന്നു.
കോഴിക്കോട് മെഡിക്കൽ കോളജിലെ ചികിത്സക്കുശേഷം 20 ദിവസം മുമ്പാണ് പെൺകുട്ടി വീട്ടിലെത്തിയത്. അണുബാധ മാറ്റാൻ നാലു ശസ്ത്രക്രിയ നടത്തി. കൃത്രിമക്കൈ വെക്കുന്നത് സംബന്ധിച്ചും നടപടിയൊന്നുമുണ്ടായിട്ടില്ലെന്നും കുടുംബം പറഞ്ഞു. പെൺകുട്ടി സ്കൂളിൽ പോകാൻ തുടങ്ങിയിട്ടില്ല. കൂലിപ്പണി ചെയ്താണ് കുടുംബം കഴിയുന്നതെന്നും ചികിത്സാകാര്യങ്ങളും വിദ്യാഭ്യാസ കാര്യങ്ങളും പ്രയാസത്തിലാണെന്നും പിതാവ് വിനോദ് പറഞ്ഞു.
സെപ്റ്റംബർ 24ന് വീട്ടിൽ കളിക്കുന്നതിനിടെ വീണ് കൈക്ക് പരിക്കേറ്റ കുട്ടിയെ ആദ്യം ചിറ്റൂർ ആശുപത്രിയിലും തുടർന്ന് പാലക്കാട് ജില്ല ആശുപത്രിയിലും എത്തിച്ചു. വലതു കൈയിലെ രണ്ട് എല്ലുകൾ പൊട്ടിയെന്ന് മനസ്സിലാക്കി പ്ലാസ്റ്റർ സ്ലാബിട്ടു. മരുന്ന് നൽകി ഡിസ്ചാർജ് ചെയ്തു. അടുത്ത ദിവസം ഒ.പിയിൽ വന്നപ്പോൾ കുട്ടിക്ക് വേദന ഉണ്ടായിരുന്നെങ്കിലും കൈവിരലുകൾ അനക്കാൻ പറ്റുന്നുണ്ടായിരുന്നു. വേദനക്ക് മരുന്ന് നൽകി പറഞ്ഞയച്ചു. പിന്നീട് സെപ്റ്റംബർ 30ന് ഒ.പിയിൽ എത്തുമ്പോൾ രക്തയോട്ടം നിലച്ച നിലയിലായിരുന്നു. പഴുപ്പ് ബാധിക്കുകയും നില ഗുരുതരമാകുകയും ചെയ്തതോടെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്യുകയായിരുന്നു. ഇവിടെനിന്നാണ് കൈ ഭാഗികമായി മുറിച്ചുമാറ്റിയത്.
സംഭവം വാർത്തയാകുകയും വിവാദമാകുകയും ചെയ്തതോടെ ആരോഗ്യവകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു. പ്രാഥമികാന്വേഷണത്തില്‍ ചികിത്സയില്‍ വീഴ്ച വന്നിട്ടില്ലെന്ന റിപ്പോര്‍ട്ടാണ് നല്‍കിയത്. ജില്ല ആശുപത്രിയിൽ ആവശ്യമായ ശാസ്ത്രീയ ചികിത്സ നൽകിയിരുന്നു എന്നായിരുന്നു ഡി.എം.ഒയുടെ അന്വേഷണ റിപ്പോർട്ട്. ഇതിനെതിരെ വിമർശനമുയർന്നതോടെ പാലക്കാട് ജില്ല ആശുപത്രിയിലെ ജൂനിയര്‍ റസിഡന്റ് ഡോക്ടര്‍ മുസ്തഫ, കണ്‍സൽട്ടന്റ് ഡോ. സര്‍ഫറാസ് എന്നിവരെ പിന്നീട് സസ്‌പെൻഡ് ചെയ്തു. തൃശൂര്‍ സ്വദേശി പി.ഡി. ജോസഫ് ആശുപത്രി സൂപ്രണ്ട് അടക്കമുള്ളവര്‍ക്കെതിരെ നൽകിയ പരാതിയിൽ ഡോക്ടര്‍മാര്‍ക്കെതിരെ കേസെടുക്കാന്‍ പാലക്കാട് മൂന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു. പൂർണമായി ചികിത്സ നൽകുന്നതിനുമുമ്പ് കുട്ടിയുടെ കൈ മുറിച്ചുമാറ്റിയ കോഴിക്കോട് മെഡിക്കൽ കോളജിലെ ഡോക്ടർമാർക്കെതിരെയും അന്വേഷണം വേണമെന്ന് ആവശ്യമുയർന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

