ചികിത്സപ്പിഴവിൽ കൈ മുറിച്ചുമാറ്റപ്പെട്ട ഒമ്പതു വയസ്സുകാരിക്ക് വീണ്ടും ശസ്ത്രക്രിയ വേണ്ടിവന്നേക്കും
text_fieldsപാലക്കാട്: ജില്ല ആശുപത്രിയിലെ ചികിത്സ പിഴവിനെ തുടർന്ന് കൈമുറിച്ചുമാറ്റപ്പെട്ട ഒമ്പതു വയസ്സുകാരിക്ക് ചൊവ്വാഴ്ച വീണ്ടും ശസ്ത്രക്രിയ നടത്തിയേക്കുമെന്ന് പിതാവ് വിനോദ്. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന കുട്ടി ഇപ്പോഴും ഐ.സി.യുവിൽ ചികിത്സയിലാണ്. കൈയിൽ പഴുപ്പ് ബാക്കിയുണ്ട്. ഇത് നീക്കം ചെയ്ത് ശുചിയാക്കുന്നതിനായാണ് ശസ്ത്രക്രിയയെന്നും മാതാവ് പ്രസീത സമ്മതപത്രം ഒപ്പിട്ടുനൽകിയെന്നും പിതാവ് ‘മാധ്യമ’ത്തോട് പറഞ്ഞു.
ഡോക്ടർമാരെ സസ്പെൻഡ് ചെയ്യുന്നതിന് പകരം ജോലിയിൽനിന്ന് പിരിച്ചുവിടുകയാണ് വേണ്ടതെന്നും പിതാവ് പ്രതികരിച്ചു. സസ്പെൻഷൻ കാലാവധി കഴിഞ്ഞാൽ അവർ സർവിസിൽ തിരിച്ചുകയറും. അതിനാൽ പിരിച്ചുവിടുകയാണ് വേണ്ടത്. കുട്ടി ഇനിയും രണ്ടാഴ്ചയോളം ആശുപത്രിയിൽ തുടരേണ്ടിവരുമെന്നാണ് ഡോക്ടർമാർ പറയുന്നതെന്നും വിനോദ് പറഞ്ഞു.
അതേസമയം, ചികിത്സപ്പിഴവ് സംബന്ധിച്ച വിഷയത്തിൽ ജില്ല ആശുപത്രിയിലെ രണ്ടു ഡോക്ടർമാരെ സസ്പെൻഡ് ചെയ്ത നടപടിക്കെതിരെ ഐ.എം.എ (ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ) ജില്ല കമ്മിറ്റി. സസ്പെൻഷൻ അന്യായമാണെന്നും ഇതിനെതിരെ ശക്തമായി പ്രതിഷേധിക്കുന്നുവെന്നും ഐ.എം.എ പ്രസ്താവനയിൽ പറഞ്ഞു. ഏത് പ്രോട്ടോകോൾ പാലിക്കപ്പെടാത്തതുകൊണ്ടാണ് സസ്പെൻഷൻ നടപടി എന്ന് വ്യക്തമാക്കിയിട്ടില്ല. പ്രാഥമിക അന്വേഷണങ്ങളിൽനിന്ന് ലഭ്യമായ വിവരങ്ങൾ പ്രകാരം എല്ലാ മെഡിക്കൽ പ്രോട്ടോകോളുകളും കൃത്യമായി പാലിക്കപ്പെട്ടതാണെന്ന് വ്യക്തമാണ്.
സർക്കാർ/സ്വകാര്യ മേഖലകളിൽ വിദഗ്ധ ചികിത്സക്ക് സൗകര്യം പരിമിതമായ പാലക്കാട് പോലെയുള്ള ജില്ലയിൽ ശുഷ്കാന്തിയോടെ സേവനം ചെയ്യുന്ന ആരോഗ്യപ്രവർത്തകരുടെ മനോവീര്യം തകർക്കുന്ന രീതിയിലുള്ള നടപടികളും പ്രചാരണങ്ങളും സമ്മർദങ്ങളും ജനങ്ങളുടെ വിശ്വാസത്തെ ഹാനികരമായി ബാധിക്കും. അതിനാൽ നീതിയുക്തമായ അന്വേഷണം നടത്തണമെന്നും ആരോഗ്യപ്രവർത്തകരെ അനാവശ്യമായി ബലിയാടാക്കുന്ന നടപടികൾ പിൻവലിക്കണമെന്നും ഐ.എം.എ സർക്കാറിനോട് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

