പൂങ്കുന്നത്തെ ഫ്ലാറ്റിൽ ഉടമയറിയാതെ ഒമ്പത് കള്ളവോട്ടുകൾ; തൃശൂരിലും വോട്ടുകൊള്ള, ഞെട്ടിക്കും വിവരങ്ങൾ പുറത്ത്
text_fieldsപ്രതീകാത്മക ചിത്രം
തൃശൂർ: പൂങ്കുന്നത്തെ ഫ്ലാറ്റിൽ ഉടമയറിയാതെ ഒമ്പത് കള്ളവോട്ടുകൾ. പൂങ്കുന്നത്തെ ക്യാപിറ്റൽ വില്ലേജ് അപ്പാർട്ട്മെന്റിലെ നാല് സി എന്ന ഫ്ലാറ്റിലാണ് ക്രമക്കേട് നടന്നത്. വീട്ടിൽ തനിക്ക് മാത്രമാണ് വോട്ട് ഉണ്ടായിരുന്നതെന്നും ബാക്കിയുള്ളവ ആര് ചേർത്തു എന്ന് അറിയില്ലെന്നും ഫ്ലാറ്റുടമ പ്രസന്ന പറഞ്ഞു.
കള്ളവോട്ടുകളെക്കുറിച്ച് പരാതി നല്കിയിരുന്നെന്നും പ്രസന്ന പറഞ്ഞു. ഇല്ലാത്ത ആളുകളുടെ വോട്ടുകൾ തിരുകി കയറ്റിയെന്ന ആരോപണത്തിൽ വീട്ടമ്മയായ പ്രസന്ന അശോകനെ പിന്തുണച്ച് അയൽവാസികളും രംഗത്തെത്തി. വോട്ടർ പട്ടികയിലെ ആളുകളെ കണ്ടിട്ടേ ഇല്ലെന്ന് വർഷങ്ങളായി ഫ്ലാറ്റിൽ താമസിക്കുന്നവർ വ്യക്തമാക്കി.
അതേസമയം, കോൺഗ്രസ് കേരളത്തിൽ കണ്ടെത്തിയ വ്യാജവോട്ടുകൾ ഏറ്റവും കൂടുതൽ നേമത്തും കഴക്കൂട്ടത്തും തിരുവനന്തപുരം സെൻട്രലിലും വട്ടിയൂർക്കാവിലുമാണെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. ബി.ജെ.പിക്ക് സ്വാധീനമുള്ള തിരുവനന്തപുരം ലോക്സഭ മണ്ഡലത്തിൽപ്പെടുന്ന ഈ നിയമസഭ മണ്ഡലങ്ങളിൽ 2021ൽ ഹൈകോടതി ഇടപെടലിനെ തുടർന്ന് ചെയ്യാൻ കഴിയാതെ പോയ വ്യാജ വോട്ടുകൾ 2024 ലോക്സഭ തെരഞ്ഞെടുപ്പിൽ ചെയ്തതാകാം ശശി തരൂരിന്റെ ഭൂരിപക്ഷം കുറയാൻ കാരണമെന്ന സംശയവും കോൺഗ്രസ് ഉയർത്തിയിരുന്നു.
കേരളത്തിലെ വോട്ടർപട്ടികയിൽ 10 ലക്ഷത്തിലേറെ വ്യാജ വോട്ടുകൾ ഉണ്ടായിരുന്നുവെന്ന് പറയുന്ന കോൺഗ്രസ്, അതിൽ 4.34 ലക്ഷം വ്യാജ വോട്ടുകളുടെ തെളിവുകളാണ് ഹൈകോടതിയിൽ സമർപ്പിച്ചത്. കർണാടകയിലെ ഒരു നിയമസഭ മണ്ഡലത്തിലെ വോട്ടർപട്ടിക പരിശോധിച്ച് ആറ് മാസമെടുത്ത് സമാഹരിച്ച വ്യാജ വോട്ടുകളുടെ നാലിരട്ടിയാണ് കേരളത്തിൽനിന്ന് കോൺഗ്രസ് തെളിവുകളോടെ ഹൈകോടതി മുമ്പാകെ വെച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

