നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയിട്ടില്ല, ഡോ. പോളിന്‍റെ അവകാശവാദം തള്ളി കേന്ദ്രസർക്കാർ
text_fieldsന്യൂഡൽഹി: യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയതായുള്ള പ്രചാരണം തള്ളി കേന്ദ്രസർക്കാർ. അത്തരം ഒരു വിവരവും സർക്കാറിന് ലഭിച്ചിട്ടില്ലെന്ന് വിദേശകാര്യ വൃത്തങ്ങൾ വ്യക്തമാക്കി. നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയതായി യമനിലുള്ള സുവിശേഷകൻ കെ.എ പോൾ അവകാശപ്പെട്ടിരുന്നു.
ഇവാഞ്ചലിസ്റ്റും ഗ്ലോബൽ പീസ് ഇനിഷ്യേറ്റീവ് എന്ന സംഘടനയുടെ സ്ഥാപകനുമായ ഡോ. പോൾ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് നിമിഷ പ്രിയയുടെ മോചനം സാധ്യമാകുമെന്ന് പറഞ്ഞിരുന്നത്. ഇതിനെ തള്ളിക്കൊണ്ടാണ് കേന്ദ്രസർക്കാർ രംഗത്തെത്തിയിരിക്കുന്നത്.
കേസിൽ കൂടുതൽ നീക്കങ്ങളൊന്നും നടന്നിട്ടില്ലെന്നാണ് സർക്കാറിന്‍റെ വിശദീകരണം. ഡോ. പോളിന്‍റെ അവകാശവാദം വ്യാജമെന്ന് യമനിൽ നിമിഷപ്രിയയുടെ മോചനത്തിനായി പ്രവർത്തിക്കുന്ന സാമുവൽ ജെറോമും പറഞ്ഞിരുന്നു.
യമനിലെ സൻ ആയിൽ നിന്ന് എക്സിൽ പോസ്റ്റ് ചെയ്ത വിഡിയോയിലാണ് വധശിക്ഷ റദ്ദാക്കിയത് സംബന്ധിച്ച വിവരമുള്ളത്.നിമിഷപ്രിയയുടെ അമ്മയുൾപ്പടെ ഉള്ളവർക്ക് നന്ദി അറിയിച്ചാണ് വിഡിയോ പുറത്തുവിട്ടത്. ജൂലൈ 16ന് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാൻ തീരുമാനിച്ചിരുന്നെങ്കിലും അവസാന നിമിഷം വിവിധ ഇടപെടലുകൾ മൂലം ശിക്ഷ നീട്ടിവെക്കുകയായിരുന്നു.
നിമിഷ പ്രിയയുടെ കുടുംബത്തിന് സാധ്യമായ സഹായമെല്ലാം ചെയ്യുന്നുണ്ടെന്ന് വിദേശകാര്യ വക്താവ് രൺദീർ ജയ്സ്വൾ പ്രതികരിച്ചിരുന്നു. സൗഹൃദ സർക്കാറുകളുടെ സഹായം നിമിഷ പ്രിയ കേസിൽ തേടിയിട്ടുണ്ടെന്നും കേന്ദ്രസർക്കാർ അറിയിച്ചു. നിരന്തരമായി കോൺസുലാറുമായി ബന്ധപ്പെടുന്നുണ്ട്. പ്രാദേശിക ഭരണകൂടവുമായും തലാലിന്റെ കുടുംബവുമായും ബന്ധപ്പെടുന്നുണ്ടെന്ന് മാധ്യമപ്രവർത്തകരോട് സംസാരിക്കുമ്പോൾ ജയ്സ്വാൾ പറഞ്ഞു.
കൊല്ലപ്പെട്ട തലാലിന്റെ കുടുംബവുമായി സംസാരിക്കാൻ കൂടുതൽ സമയം തേടുന്നുണ്ട്. ഈ ചർച്ചകളിലൂടെ പ്രശ്നത്തിന് പരിഹാരം കണ്ടെത്താൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും കേന്ദ്രസർക്കാർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

