Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightയമൻ വിധി പകർപ്പിൽ...

യമൻ വിധി പകർപ്പിൽ എങ്ങനെ 'ഗ്രാൻഡ് മുഫ്തി' വന്നു; മറുപടിയുമായി കാന്തപുരത്തിന്റെ ഓഫീസും അഭിഭാഷകൻ കെ.ആർ. സുഭാഷ് ചന്ദ്രനും

text_fields
bookmark_border
യമൻ വിധി പകർപ്പിൽ എങ്ങനെ ഗ്രാൻഡ് മുഫ്തി വന്നു; മറുപടിയുമായി കാന്തപുരത്തിന്റെ ഓഫീസും അഭിഭാഷകൻ കെ.ആർ. സുഭാഷ് ചന്ദ്രനും
cancel
camera_alt

കേസിന്റെ വിശദാംശങ്ങൾ അറിച്ച് ഈ മാസം ആറിന് വന്ന മറ്റൊരു ഉത്തരവ്, വധശിക്ഷ നീട്ടിവെച്ചത് അറിയിച്ചുള്ള ഉത്തരവ്, കെ.ആർ.സുഭാഷ് ചന്ദ്രൻ

കോഴിക്കോട്: നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെച്ചു എന്നറിയിച്ച് യമനിൽ നിന്നെത്തിയ വിധി പകർപ്പിൽ 'ഗ്രാൻഡ് മുഫ്തി ഓഫ് ഇന്ത്യ' എങ്ങനെ വന്നുവെന്ന വിവാദങ്ങൾക്ക് മറുപടി നൽകി കാന്തപുരം എ.പി അബുബക്കർ മുസ്ലിയാരുടെ ഓഫിസും നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സില്‍ ലീഗല്‍ അഡൈ്വസറും സുപ്രീം കോടതി അഭിഭാഷകനുമായ സുഭാഷ് ചന്ദ്രനും.

വിധി പകർപ്പിന്റെ ആധികാരികതയിൽ ആർക്കും സംശയം വേണ്ടെന്നും ഉത്തരവ് സനായിലെ കോടതിയുടെത് തന്നെയാണെന്നും കാന്തപുരത്തിന്റെ ഓഫീസ് അറിയിച്ചു.

കാന്തപുരത്തിന്റെ വാട്ടർ മാർക്ക് പതിപ്പിച്ചതാണ് ചിലർ വിവാദം ആക്കുന്നത്. കാന്തപുരം ഒന്നും ചെയ്തില്ലെന്ന പ്രചാരണം വന്നപ്പോഴാണ് വാട്ടർമാർക്ക് ഇടാൻ തീരുമാനിച്ചത്. വാട്ടർ മാർക്ക് ഇല്ലാതെ പുറത്തുവിട്ടാൽ മറ്റുള്ളവർ അവകാശവാദം ഉന്നയിക്കാൻ സാധ്യതയുണ്ടായിരുന്നുവെന്നും കാന്തപുരത്തിന്റെ ഓഫീസ് പ്രതികരിച്ചു.

കാന്തപുരം ഇടപെട്ടിട്ടില്ലെന്ന് അവസാന നിമിഷം വരെയും ഒരുകൂട്ടര്‍ പറയുന്ന നേരത്ത് ഉസ്താദ് മുഖേന തന്നെ സാധ്യമായതാണെന്ന് പറയാന്‍ അതില്‍ ‘ഗ്രാന്‍ഡ് മുഫ്തി ഓഫ് ഇന്ത്യയുടെ’ വാട്ടര്‍മാര്‍ക്ക് നല്‍കേണ്ടതുണ്ടായിരുന്നുവെന്ന് അഭിഭാഷകൻ സുഭാഷ് ചന്ദ്രനും പറഞ്ഞു.

ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് സുഭാഷ് ചന്ദ്രന്റെ പ്രതികരണം. മലയാള മാധ്യമങ്ങള്‍ക്ക് അറബി തീയതി വായിക്കാന്‍ അറിയില്ലെന്നും ആക്കാരണത്താലാണ് തിങ്കളാഴ്ച ഡേറ്റുള്ള ഉത്തരവ് നല്‍കി കാന്തപുരം പറ്റിച്ചതെന്ന വ്യാജ പ്രചരണങ്ങള്‍ക്കും അഭിഭാഷകന്‍ മറുപടി നല്‍കി.

"ഇന്നലെ എന്നല്ല, കഴിഞ്ഞ വെള്ളിയാഴ്ച മുതൽ ഉസ്താദ് ഇടപെട്ടിട്ടുണ്ട് എന്ന് പലഘട്ടത്തിൽ പുറത്തുവന്ന കാര്യമാണല്ലോ. ശുഭ വാർത്തകൾ കഴിഞ്ഞ ദിവസം മുതൽ വാക്കാൽ ഉസ്താദിന് ലഭിച്ചുകൊണ്ടിരിക്കുന്നെങ്കിലും അപ്പോഴൊന്നും ഇക്കാര്യത്തിൽ ഒഫീഷ്യൽ ആയി ഉസ്താദിന്റെ ഓഫീസ് പ്രതികരിച്ചിട്ടില്ല. രേഖാമൂലമുള്ള വിവരം കിട്ടിയിട്ടുമതി എന്നായിരുന്നു ഉസ്താദിന്റെ ഓഫീസിന്റെ നിലപാട്. അത് ഓരോ സമയത്തും ഇക്കാര്യം അന്വേഷിക്കുന്ന മാധ്യമ പ്രവർത്തകരെ അറിയിച്ചതുമാണ്."- സുഭാഷ് ചന്ദ്രൻ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

സുഭാഷ് ചന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണം

"നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെച്ചതുമായി ബന്ധപ്പെട്ട് കാന്തപുരം ഉസ്താദിന്റെ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ട യമൻ പബ്ലിക് പ്രോസിക്യൂഷൻ പ്രത്യേക ക്രിമിനൽ കോടതി എക്സിക്യൂട്ടീവ് ഓഫീസർ റിസ്‌വാൻ അഹമ്മദ് അൽ-വജ്റ, ക്രിമിനൽ കോർട് പ്രോസിക്യൂട്ടർ സ്വാരിമുദീൻ മുഫദ്ദൽ എന്നിവർ ഒപ്പിട്ട വിധിപ്പകർപ്പിന്റെ ആധികാരികതയിലാണ് ഇപ്പോൾ ചിലർക്ക് സംശയം. അതിൽ ഗ്രാൻഡ് മുഫ്തി ഓഫ് ഇന്ത്യ എന്നൊക്കെയുണ്ടല്ലോ എന്നാണ് അതിൽ ഒന്ന്.

ശിക്ഷ നീട്ടിവെച്ചു, എന്നാൽ കാന്തപുരം ഇടപെട്ടിട്ടില്ല എന്ന് അവസാന നിമിഷം വരെയും ഒരുകൂട്ടർ പറയുന്ന നേരത്ത് ആ നീട്ടിവെച്ചതിന്റെ വിധിപ്പകർപ്പിതാ കയ്യിൽ കിട്ടിയിരിക്കുന്നു, അത് ഉസ്താദ് മുഖേന തന്നെ സാധ്യമായതാണ് എന്ന് പറയാൻ അതിൽ 'ഗ്രാൻഡ് മുഫ്തി ഓഫ് ഇന്ത്യയുടെ' വാട്ടർമാർക്ക് നൽകേണ്ടതുണ്ടായിരുന്നു. അല്ലെങ്കിൽ ഉസ്താദിന്റെ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടാലും മറ്റുള്ളവർ അതെടുത്ത് തങ്ങൾക്കും കിട്ടിയല്ലോ എന്നുപറഞ്ഞു രംഗത്തുവരുമായിരുന്നു. ഒരു വാർത്ത/ദൃശ്യം തങ്ങൾ മുഖേനയാണ് ആദ്യം പുറത്തുവന്നത് എന്നുപറയാൻ ചാനലുകൾ അങ്ങനെ വാട്ടർമാർക്ക് നൽകുന്ന പതിവുള്ളത് എല്ലാവർക്കും അറിയാമല്ലോ.

(ഈ കോടതി തന്നെ ഇതേ കേസിന്റെ വിശദാംശങ്ങൾ ഈ മാസം ആറാം തിയ്യതി ഇതേ ലെറ്റർഹെഡിൽ പുറത്തുവിട്ടത് ഇതൊടൊപ്പം നൽകുന്നു. അതുകാണുമ്പോൾ ഈ കോടതി ഉത്തരവിന്റെ ആധികാരികത ബോധ്യപ്പെടും. വാട്ടർമാർക്ക് നേരത്തെ പറഞ്ഞ ഉദ്ദേശ്യത്തിൽ നൽകിയതാണെന്ന് ഓളമുള്ളവർക്ക് ബോധ്യപ്പെടും.)

മറ്റൊന്ന് തിയ്യതിയുമായി ബന്ധപ്പെട്ടാണ്. മലയാള മാധ്യമങ്ങൾക്ക് അറബി തിയ്യതി വായിക്കാൻ അറിയില്ലല്ലോ എന്നുകരുതി ഇന്നലത്തെ ഡേറ്റ് ഉള്ള ഉത്തരവ് നൽകി കാന്തപുരം പറ്റിച്ചു എന്നൊക്കെയാണ് ആ സംസാരം. ഇക്കാര്യത്തിൽ ഇന്നലെ എന്നല്ല, കഴിഞ്ഞ വെള്ളിയാഴ്ച മുതൽ ഉസ്താദ് ഇടപെട്ടിട്ടുണ്ട് എന്ന് പലഘട്ടത്തിൽ പുറത്തുവന്ന കാര്യമാണല്ലോ. ശുഭ വാർത്തകൾ കഴിഞ്ഞ ദിവസം മുതൽ വാക്കാൽ ഉസ്താദിന് ലഭിച്ചുകൊണ്ടിരിക്കുന്നെങ്കിലും അപ്പോഴൊന്നും ഇക്കാര്യത്തിൽ ഒഫീഷ്യൽ ആയി ഉസ്താദിന്റെ ഓഫീസ് പ്രതികതിരിച്ചിട്ടില്ല. രേഖാമൂലമുള്ള വിവരം കിട്ടിയിട്ടുമതി എന്നായിരുന്നു ഉസ്താദിന്റെ ഓഫീസിന്റെ നിലപാട്. അത് ഓരോ സമയത്തും ഇക്കാര്യം അന്വേഷിക്കുന്ന മാധ്യമ പ്രവർത്തകരെ അറിയിച്ചതുമാണ്.

ഇന്നലെ രാത്രി വൈകിയും ചർച്ചകൾ നടക്കുന്ന കാര്യവും, ശൈഖ് ഹബീബ് ഉമറിന്റെ നിർദേശ പ്രകാരം ഹുദൈദ സ്റ്റേറ്റ് കോടതി ചീഫ് ജസ്റ്റിസും യമൻ ശൂറാ കൗൺസിലിന്റെ അംഗവുമായ ജസ്റ്റിസ് മുഹമ്മദ് ബിൻ അമീൻ ചർച്ചയിൽ ഇടപെടുകയും ശിക്ഷാ നടപടികൾ നീട്ടിവെക്കാനുള്ള ധാരണ കുടുംബാംഗങ്ങൾക്കിടയിൽ ഉണ്ടാക്കുകയും ഉടനെ തന്നെ കോടതിയെ സമീപിച്ച കാര്യവും അറിഞ്ഞിരുന്നു. രാത്രി വൈകിയുണ്ടായ വിധിയുടെ ഉത്തരവ് രേഖയാവാൻ എടുത്ത താമസമോ കയ്യിൽ ലഭിക്കാൻ വൈകിയതോ ഒക്കെ ഈ വിഷയത്തിൽ സംഭവിച്ചിരിക്കാം(ഇന്റർനെറ്റ് സേവനങ്ങൾ വളരെ പരിമിതമായ രാജ്യത്തെ പ്രദേശങ്ങളിൽ നിന്ന് അയക്കുന്ന ഒരു മെസേജിന് റിപ്ലൈ നൽകിയാൽ വളരെ വൈകിയാണ് അവരത് കാണുന്നതും പ്രതികരിക്കുന്നതുമെന്നത് മറ്റൊരു കാര്യം). ഇന്ന് രാവിലെ മുതൽ മാധ്യമങ്ങൾ ബന്ധപ്പെടുന്ന സമയത്തും ശുഭവാർത്തയുണ്ട്, രേഖ കയ്യിൽ ലഭിച്ചാൽ പ്രതികരിക്കും എന്ന് തന്നെയായിരുന്നു ഉത്തരം. അങ്ങനെ ലഭിച്ച അവസരത്തിലാണ് ഉസ്താദ് പ്രതികരിക്കുന്നതും. അപ്പോഴും ഡേറ്റ് ശ്രദ്ധയിലില്ലാത്തതോ, അല്ലെങ്കിൽ മലയാളികളെ പറ്റിക്കാം എന്നുകരുതിയോ അല്ല, കോടതിയിൽ കഴിഞ്ഞ ദിവസം തന്നെ ഇടപെടലുകൾ ഉണ്ടായെന്ന് പറഞ്ഞല്ലോ. അപ്പോൾ അത് ആ അർഥത്തിൽ തന്നെ സംഭവിച്ചതായേ മനസ്സിലാക്കുന്നുള്ളൂ.

ഇത്രയും കാലം നയതന്ത്രപരമായോ നിയമപരമായോ വലിയ ഇടപെടലുകൾക്ക് നടത്താൻ പരിമിതികളുള്ള ഒരു കാര്യത്തിൽ കുടുംബവുമായി ബന്ധപ്പെട്ടത് ഉൾപ്പെടെയുള്ള നിർണായക ഇടപെടൽ ഉസ്താദ് നടത്തുമ്പോൾ അതിൽ സംശയം ഉന്നയിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ 'ഇത് മനുഷ്യർക്ക് വേണ്ടിയുള്ള ഇടപെടലാണ്'."


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kanthapuramyemangrand muftiNimisha Priya
News Summary - Nimisha Priya: Kanthapuram's office in response to controversies
Next Story