നീലേശ്വരം ടിപ്പര് ലോറി അപകടം: കണ്ണീർതോരാതെ, വിടയേകി നാട്
text_fieldsകൊല്ലം: പഠിക്കാൻ പോകുന്ന പത്താം ക്ലാസുകാരനും, പഠിപ്പിക്കാൻ പോകുന്ന ഗൃഹനാഥനും വേണ്ടി അതിരാവിലെ ഉറക്കം തെളിഞ്ഞ് സജീവമായിരുന്ന രണ്ട് വീടുകൾ....അവർക്കായി വിഭവങ്ങൾ ഒരുക്കുന്നതിന്റെ ബഹളം നിറഞ്ഞ അടുക്കളയും അവരുടെ ഒരുക്കത്തിൽ മുഖരിതമായിരുന്ന പ്രഭാതവും മാത്രം കണ്ടിരുന്ന ആ വീടുകൾ ബുധനാഴ്ച പുലർന്നപ്പോൾ നിശ്ശബ്ദമായിരുന്നു. 24 മണിക്കൂറുകൾക്ക് മുമ്പ് ചിരിച്ചുകൊണ്ട് യാത്രപറഞ്ഞുപോയ പ്രിയപ്പെട്ടവർ ജീവൻനിലച്ചുപോയ ശരീരങ്ങളായി തിരിച്ചെത്തുന്നു എന്ന യാഥാർഥ്യത്തെ ഉൾക്കൊള്ളാനാകാതെ കടന്നുപോയൊരു പകലും ഉറക്കമില്ലാത്ത രാത്രിയും കടന്ന് ആ വീടുകൾ ഭീകരമായ സങ്കടച്ചുഴികൾ ഒളിപ്പിച്ച് തരിച്ചുനിൽക്കുന്നതായിരുന്നു ഇന്നലത്തെ പ്രഭാത കാഴ്ച.
ചൊവ്വാഴ്ച രാവിലെ കുളിച്ചൊരുങ്ങി, പ്രഭാതഭക്ഷണവും കഴിച്ച് ചിരിയും സമ്മാനിച്ച് പടിയിറങ്ങി പോയ പ്രിയപ്പെട്ടവർ അവസാന യാത്രപറച്ചിലിനായി ആ മുറ്റങ്ങളിലേക്ക് കടന്നെത്തിയപ്പോൾ അലയടിച്ചുയർന്ന തേങ്ങലുകൾ കിലോമീറ്ററുകൾ അകലെയാണെങ്കിലും ആ വീടുകളെ ഒരേ സങ്കടക്കടലിലേക്ക് വലിച്ചെറിഞ്ഞു. കണ്ടുനിന്ന ആയിരങ്ങളിലും നെഞ്ചുനിറച്ച സങ്കടം മാത്രം ബാക്കിയാക്കി, പാഞ്ഞെത്തിയ ടിപ്പറിനടിയിലായി മരണം വലിച്ചെടുത്തുകൊണ്ടുപോയ പത്താം ക്ലാസുകാരൻ പാർഥിപിനും അധ്യാപകനും പൊതുപ്രവർത്തകനുമായ ഹരിലാലിനും ആ വീടുകൾ അങ്ങനെ വിടനൽകി. കൊട്ടാരക്കര നീലേശ്വരം മുക്കോണി മുക്കിൽ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ടിപ്പർ പാഞ്ഞുകയറി ജീവൻ നഷ്ടമായ കടലാവിള കാർമൽ സീനിയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥി പി. പാർഥിപിന്റെയും(15) സമാന്തര വിദ്യാഭ്യാസ സ്ഥാപനത്തിൽ അധ്യാപകനും സി.പി.എം മാരൂർ ബ്രാഞ്ച് അംഗവുമായ കുടവെട്ടൂർ മാരൂർ ലക്ഷ്മി കോട്ടജിൽ ആർ.വി. ഹരിലാലിന്റെയും(54) ഭൗതിക ദേഹങ്ങളുടെ പൊതുദർശനത്തിന്റെയും സംസ്കാരത്തിന്റെയും മണിക്കൂറുകളാണ് ഹൃദയഭേദകമായത്. അവിശ്വസീയമാംവിധം അപകടം പറിച്ചെടുത്ത് കൊണ്ടുപോയ ഇരുവർക്കും അവസാന യാത്രാമൊഴിയേകാൻ ആയിരങ്ങളാണ് ഒഴുകിയെത്തിയത്. കുടുംബാംഗങ്ങൾക്കൊപ്പം നാടൊന്നാകെ തേങ്ങിപ്പോയ നിമിഷങ്ങൾക്കാണ് ചെറിയ നാട്ടിൻപുറഗ്രാമങ്ങൾ സാക്ഷ്യംവഹിച്ചത്. പഠനത്തിലും പാഠ്യേതര പ്രവർത്തനങ്ങളിലും മിടുമിടുക്കനായ പി. പാർഥിപ്, ചൊവ്വാഴ്ച മുടങ്ങിപ്പോയ യാത്ര പൂർത്തിയാക്കിയാണ് ബുധനാഴ്ച രാവിലെ അവസാനയാത്രക്ക് തുടക്കം കുറിച്ചത്. വീട്ടിൽനിന്ന് സ്കൂളിലേക്ക് പോകാൻ ബസ് കാത്തുനിന്നയിടത്ത് നിന്ന് മരണം പാർഥിപിനെ കൂട്ടിയപ്പോൾ ബുധനാഴ്ച അവൻ തന്റെ പ്രിയപ്പെട്ട സ്കൂളിലേക്ക് അവസാനമായി വന്നുപോയി. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽനിന്ന് കടലാവിള കാർമൽ സീനിയർ സെക്കൻഡറി സ്കൂളിലേക്ക് ആണ് പാർഥിപിന്റെ ഭൗതിക ശരീരം ആദ്യം എത്തിച്ചത്. വിലാപയാത്രയായി പാർഥിപിനൊപ്പം ആ നാട് ഒന്നാകെ സ്കൂളിലെത്തി. അവൻ ഉൾപ്പെടെയിരുന്ന് ക്ലാസ് തുടങ്ങേണ്ട രാവിലെ ഒമ്പതരക്ക് പകരം അവനായി കണ്ണീർപ്പൂക്കൾ അർപ്പിക്കുകയായിരുന്നു കൂട്ടുകാരും സഹപാഠികളും അധ്യാപകരും. അവനെ കുറിച്ചുള്ള സ്കൂളിന്റെ പ്രതീക്ഷകൾ എല്ലാം ഓർമകളിലേക്ക് ബാക്കിവെച്ച് പാർഥിപ് വിടപറഞ്ഞിറങ്ങുമ്പോഴും അവരുടെ കണ്ണീർ തോർന്നില്ല. പിന്നീട് മുക്കോണി മുക്കിലെ പ്രീതഭവൻ പ്രിയമകനെ നിലക്കാത്ത അലമുറകളുമായി ഏറ്റുവാങ്ങുന്നതായിരുന്നു കാഴ്ച. കണ്ണുനീർ തോരാത്ത മനുഷ്യർ പരസ്പരം ആശ്വസിപ്പിക്കാൻ പോലും കഴിയാതെ നിൽക്കെ പാർഥിപിന്റെ അമ്മ ദിവ്യമോളും അച്ഛൻ പ്രദീപും സഹോദരി പാർവണയും മുത്തശ്ശി ഗീതാകുമാരിയും അടക്കാനാകാത്ത നിലവിളികളുമായാണ് അവനെ സ്വീകരിച്ചത്. അവസാനമായി പ്രിയപ്പെട്ടവർ അവനെ ഒരുനോക്ക് കണ്ടതും അന്ത്യകർമങ്ങൾ നടത്തിയതുമെല്ലാം കണ്ടുനിന്നവർക്കെല്ലാം നെഞ്ചുലക്കുന്ന നിമിഷങ്ങളായി.
കുടവെട്ടൂർ മാരൂരിൽ നാടിന്റെ പ്രിയപ്പെട്ട ഹരിലാലിനെ യാത്രയാക്കാനും ആയിരങ്ങളാണ് എത്തിയത്. സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പതിറ്റാണ്ടുകളായി അധ്യാപകനായും നാടിനായി ഓടിയെത്തുന്ന പൊതുപ്രവർത്തകൻ ആയും അദ്ദേഹം സമ്പാദിച്ചുകൂട്ടിയ മനുഷ്യർ അന്ത്യാഞ്ജലിയേകാൻ മാരൂരിലെ ലക്ഷ്മി കോട്ടജ് എന്ന വീട്ടിലേക്ക് ഒഴുകിക്കൊണ്ടിരുന്നു. ഹരിലാൽ ഇക്കാലയളവിൽ പഠിപ്പിച്ചുവളർത്തിയ ശിഷ്യർ, സി.പി.എം, കർഷക സംഘം പ്രവർത്തകനായും കടയ്ക്കോട് ലൈബ്രറിയിലൂടെയും അദ്ദേഹത്തെ അറിഞ്ഞ നാടൊന്നാകെ ആ വേർപാടിൽ കണ്ണീർഒഴുക്കിനിന്നു. ഭാര്യ ദീപ, മക്കൾ ബിലഹരി, ശ്രീഹരി എന്നിവരുടെ കണ്ണീരിന് ആശ്വാസമേകാൻ ഒരുവാക്ക് പറയാൻ പോലും ആർക്കും കഴിഞ്ഞില്ല. ഒടുവിൽ നിറഞ്ഞ ദുഃഖനിമിഷങ്ങൾ ബാക്കിയാക്കി ഹരിലാൽ മടങ്ങിയപ്പോഴും പ്രിയപ്പെട്ടവർക്കൊപ്പം ആ നാടിന്റെ അലമുറകൾ മാത്രം ബാക്കിയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

