നിലമ്പൂരിന്‍റെ അമരത്ത് ആര്യാടൻ ഷൗക്കത്ത് -LIVE UPDATES
text_fieldsനിലമ്പൂർ: ഏറെ വാശിയേറിയ നിയമസഭ തെരഞ്ഞെടുപ്പിൽ നിലമ്പൂർ തിരിച്ചു പിടിച്ച യു.ഡി.എഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് തിളക്കമാർന്ന വിജയം. 11,077 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ ആര്യാടൻ ഷൗക്കത്ത് എൽ.ഡി.എഫ് സ്ഥാനാർഥി എം. സ്വരാജിനെ പരാജയപ്പെടുത്തിയത്. ആര്യാടൻ ഷൗക്കത്ത് 77,737 വോട്ടും സ്വരാജ് 66,660 വോട്ടും പിടിച്ചു. രണ്ട് തവണ കൈവിട്ട സീറ്റാണ് ഷൗക്കത്തിലൂടെ യു.ഡി.എഫ് തിരിച്ചുപിടിച്ചത്.
യു.ഡി.എഫുമായി തെറ്റിപിരിഞ്ഞ് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച പി.വി. അൻവർ 19,760 വോട്ട് പിടിച്ചു. ബി.ജെ.പി സ്ഥാനാർഥി അഡ്വ. മോഹൻ ജോർജ് 8,648 വോട്ട് നേടി നാലാം സ്ഥാനത്തെത്തി. എസ്.ഡി.പി.ഐ സ്ഥാനാർഥി അഡ്വ. സാദിഖ് നെടുത്തൊടി 2,075 വോട്ടും പിടിച്ചു. വോട്ട് നില സംബന്ധിച്ച അന്തിമ കണക്ക് പുറത്തുവരാനുണ്ട്. മണ്ഡലത്തിലെ ആകെയുള്ള 2,32,057 വോട്ടർമാരിൽ 1,76,069 പേരാണ് ഇത്തവണ വോട്ട് രേഖപ്പെടുത്തിയത്.
പോസ്റ്റൽ വോട്ട് എണ്ണി തുടങ്ങിയത് മുതൽ ആര്യാടൻ ഷൗക്കത്ത് വ്യക്തമായ ലീഡ് നിലനിർത്തി. വഴിക്കടവ്, മൂത്തേടം, എടക്കര, പോത്തുകല്‍, ചുങ്കത്തറ, കരുളായി, അമരമ്പലം പഞ്ചായത്തുകളിലും നിലമ്പൂർ നഗരസഭയും ലീഡ് നേടാൻ യു.ഡി.എഫ് സ്ഥാനാർഥിക്ക് കഴിഞ്ഞു. പ്രതീക്ഷ പുലർത്തിയ നിലമ്പൂർ നഗരസഭയിലും കരുളായി, അമരമ്പലം പഞ്ചായത്തുകളിലും എൽ.ഡി.എഫ് തിരിച്ചടി നേരിട്ടു. ഇവിടെയും ഷൗക്കത്ത് മുന്നേറ്റം നടത്തി.
Live Updates
- 23 Jun 2025 7:40 AM IST
യു.ഡി.എഫിന് ആത്മവിശ്വാസം, എൽ.ഡി.എഫിനും പ്രതീക്ഷ: നിലമ്പൂരിൽ മുന്നണികൾ പറയുന്നത്
നിലമ്പൂരിലെ പോളിങ് ശതമാനം 75.27 ആയതോടെ ഉയർന്ന ലീഡോടെ മണ്ഡലം തിരിച്ചുപിടിക്കുമെന്ന ആത്മവിശ്വാസത്തിൽ യു.ഡി.എഫ്. ഇടതുമുന്നണിയും വിജയം ഉറപ്പ് പറയുന്നുണ്ടെങ്കിലും ചെറിയ ഭൂരിപക്ഷം മാത്രമേ അവർ കാണുന്നുള്ളു. സ്വതന്ത്രനായ പി.വി. അൻവർ, കൂടുതൽ വോട്ടുകൾ പിടിക്കാൻ സാധ്യതയുള്ളതിനാൽ ബി.ജെ.പി നാലാം സ്ഥാനത്ത് വരാനേ വഴിയുള്ളൂ. കണക്കൂകൂട്ടലുകളെല്ലാം തെറ്റിച്ചുള്ള പോളിങ്ങാണ് നിലമ്പൂരിലുണ്ടായത്. 2021ലെ നിയമസഭ തെരഞ്ഞെടുപ്പിലെ ശതമാനത്തിനോട് അടുത്ത പോളിങ്ങാണുണ്ടായത്. ഭരണവിരുദ്ധ വികാരത്തിന്റെ പ്രതിഫലനമാണ് പ്രകടമായതെന്ന് വിലയിരുത്തുന്ന യു.ഡി.എഫ്, ഫലം ആര്യാടൻ ഷൗക്കത്തിന് അനുകൂലമാകുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു.
- 23 Jun 2025 7:38 AM IST
നിലമ്പൂരിലെ പോളിങ് ശതമാനം 75.27%
1,74,667 പേരാണ് തെരഞ്ഞെടുപ്പിൽ വോട്ടു ചെയ്തത്.
- 23 Jun 2025 7:30 AM IST
സ്ട്രോങ് റൂം തുറന്നു
നിലമ്പൂരിൽ വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ് റൂം രാവിലെ 7.30ന് തുറന്നു
- 23 Jun 2025 7:27 AM IST
പരാജയത്തിന്റെ ഉത്തരവാദിത്തം പാർട്ടി സെക്രട്ടറിയുടെ തലയിൽ കെട്ടിവെക്കാനാണ് പിണറായിയുടെ ശ്രമം -പി.വി അൻവർ
മലപ്പുറം: പിണറായിസത്തിന്റെ കൈപ്പുരസം പാർട്ടി സെക്രട്ടറിക്കും ഇപ്പോൾ മനസിലായിക്കാണുമെന്ന് നിലമ്പൂർ മണ്ഡലം സ്വതന്ത്ര സ്ഥാനാർഥി പി.വി അൻവർ. മൈക്ക് കിട്ടുമ്പോൾ എന്ത് വിളിച്ച് പറയരുതെന്ന് സംസ്ഥാന സെക്രട്ടറിയായ ഗോവിന്ദൻ മാഷെ പിണറായി താക്കീത് ചെയ്തതിൽ തനിക്ക് അതിശയമില്ല. നിലമ്പൂരിലെ പരാജയത്തിന്റെ ഉത്തരാവാദിത്വം പാർട്ടി സെക്രട്ടറിയുടേയും സഖാക്കളുടെയും തലയിൽവെക്കാനുള്ള അടവ് മാത്രമാണ് ഇതെന്നും അൻവർ ഫേസ്ബുക്കിൽ കുറിച്ചു.
പി.വി അൻവറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഒരുക്കവുമായി ബന്ധപ്പെട്ട് സി.പി ഐ.എം വിളിച്ചു ചേർത്ത സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെയും ജില്ലാ സെക്രട്ടേറിയേറ്റ് അംഗങ്ങളുടെയും യോഗത്തിൽ മുഖ്യമന്ത്രി പാർട്ടി സെക്രട്ടറിയെ ശാസിച്ചു എന്ന വാർത്ത കേട്ടു.
മൈക്ക് കിട്ടുമ്പോൾ എന്തും വിളിച്ചു പറയരുതെന്ന് “സംസ്ഥാന സെക്രട്ടറിയായ” ഗോവിന്ദൻ മാഷെ മുഖ്യമന്ത്രി താക്കീത് ചെയ്തത്രേ!!!!!
എനിക്ക് അതിശയം തോന്നിയില്ല.പരാജയത്തിന്റെ ഉത്തരവാദിത്വം പാവം പാർട്ടി സെക്രട്ടറിയുടെയും സഖാക്കളുടെയും തലയിൽ വെക്കാനുള്ള അടവല്ലാതെ മറ്റൊന്നുമല്ല ഇത്.
പിണറായിസത്തിന്റെ കൈപ്പുരസം പാർട്ടി സെക്രട്ടറിക്കും ഇപ്പോൾ മനസിലായിക്കാണും!!!!സംസ്ഥാനത്തെ ജനങ്ങൾക്കും പാവപ്പെട്ട സഖാക്കൾക്കും വേണ്ടി പിണറായിസം നിർവ്വചിക്കാൻ സാധിച്ചതിൽ അഭിമാനം മാത്രം.
- 23 Jun 2025 7:26 AM IST
നിലമ്പൂരിൽ ആദ്യം എണ്ണുക വഴിക്കടവ് പഞ്ചായത്ത്; കരുളായി, അമരമ്പലം പഞ്ചായത്തുകളിലെ വോട്ട് നിർണായകം
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളിൽ രേഖപ്പെടുത്തിയ വോട്ടുകളിൽ ആദ്യമെണ്ണുക വഴിക്കടവ് പഞ്ചായത്തിലേത്. പോസ്റ്റൽ വോട്ടുകൾ എണ്ണിക്കഴിഞ്ഞ ശേഷം വഴിക്കടവിലെ ഒന്നാം ബൂത്തായ തണ്ണിക്കടവിലെ വോട്ടെണ്ണിത്തുടങ്ങും. ശേഷം മൂത്തേടം, എടക്കര, പോത്തുകല്ല്, ചുങ്കത്തറ പഞ്ചായത്തുകൾ, നിലമ്പൂർ നഗരസഭ, കരുളായി, അമരമ്പലം പഞ്ചായത്തുകൾ എന്നീ ക്രമത്തിൽ വോട്ടെണ്ണൽ പുരോഗമിക്കും.
- 23 Jun 2025 7:24 AM IST
യു.ഡി.എഫിന് ജയം ഉറപ്പ്; അൻവറിന് മറുപടി പറയാനില്ല -ആര്യാടൻ ഷൗക്കത്ത്
മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ജയം ഉറപ്പാണെന്ന് ഐക്യജനാധിപത്യമുന്നണി സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത്. നേതാക്കളുടെ പ്രസ്താവനകളിൽ നിന്നും അത് വ്യക്തമാണ്. എല്ലാ പഞ്ചായത്തുകളിലും തനിക്ക് ലീഡ് ലഭിക്കുമെന്നും ഷൗക്കത്ത് പറഞ്ഞു. നിലമ്പൂരിൽ വോട്ടെണ്ണൽ നടക്കാനിരിക്കെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ആര്യാടൻ ഷൗക്കത്ത്.
ക്രോസ്വോട്ടിങ് നടന്നുവെന്ന പി.വി അൻവറിന്റെ ആരോപണത്തിന് മറുപടി പറയാനില്ലെന്ന് ആര്യാടൻ ഷൗക്കത്ത് പറഞ്ഞു. അൻവറിന്റെ ഒരു ആരോപണത്തിനും താൻ ഇതുവരെ മറുപടി പറഞ്ഞിട്ടില്ല. ഇതിനും അതുപോലെ തന്നെയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിൽ വിജയം ഉറപ്പാണെന്ന് വി.എസ് ജോയിയും പറഞ്ഞു.
ഭരണവിരുദ്ധതരംഗം നിലമ്പൂരിൽ പ്രതിഫലിക്കും. കുറഞ്ഞത് 10,000 വോട്ടിനെങ്കിലും യു.ഡി.എഫ് ജയിക്കുമെന്നും വി.എസ് ജോയ് പറഞ്ഞു. വോട്ടെണ്ണലിന് തൊട്ട് മുമ്പായിരുന്നു വി.എസ് ജോയിയുടേയും പ്രതികരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

