മന്ത്രി ശശീന്ദ്രന്‍റെ ഗൂഢാലോചന വാദത്തെ പിന്തുണച്ച് എം.വി. ഗോവിന്ദൻ; 'അപകടത്തിനു മുൻപും ശേഷവും പ്രതി ആരെയൊക്കെ വിളിച്ചെന്ന് പരിശോധിക്കണം'
text_fieldsനിലമ്പൂർ: വഴിക്കടവ് വെള്ളക്കട്ടയിൽ പന്നിക്കെണിയായി വെച്ച വൈദ്യുതി കമ്പിയിൽ തട്ടി പത്താം ക്ലാസ് വിദ്യാർഥി മരിച്ച സംഭവത്തിൽ ഗൂഢാലോചന ആരോപണമുന്നയിച്ച വനംമന്ത്രി എ.കെ. ശശീന്ദ്രന്‍റെ വാദത്തെ പിന്തുണച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഷോക്കേറ്റ് വിദ്യാർഥി മരിച്ചതിന് പിന്നാലെയുണ്ടായ സംഭവ വികാസങ്ങളിലെ രാഷ്ട്രീയ ഗൂഢാലോചന പരിശോധിക്കണമെന്ന് എം.വി. ഗോവിന്ദൻ പറഞ്ഞു. അപകടത്തിനു മുൻപും ശേഷവും പ്രതി ആരെയൊക്കെ വിളിച്ചെന്ന് പരിശോധിക്കണമെന്നും ആവശ്യപ്പെട്ടു.
ഇടതുമുന്നണിയെ കടന്നാക്രമിക്കുന്നതിന് ഇതുപോലെയുള്ള ദാരുണ സംഭവങ്ങൾ രാഷ്ട്രീയ ആയുധമായി ഉപയോഗിക്കുകയാണ്. വിമർശനങ്ങൾ നേരിട്ടതിന് പിന്നാലെ മറുപടി പറയാൻ നിലമ്പൂരിലെ യു.ഡി.എഫ് സ്ഥാനാർഥി തയാറായില്ല. മറുപടി പറയേണ്ടത് കെ.പി.സി.സി പ്രസിഡന്റാണെന്നാണ് സ്ഥാനാർഥി പറയുന്നത്. കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് വിമർശനങ്ങൾ നിഷേധിക്കുന്നതല്ലാതെ മറ്റൊന്നും പറയുന്നില്ല. സ്ഥലത്ത് നടന്ന സംഭവങ്ങളൊന്നും കൃത്യമായി മനസിലാക്കാതെ സർക്കാറിനെതിരെ പ്രശ്നം തിരിച്ചുവിട്ട് രാഷ്ട്രീയ ആയുധമാക്കി മാറ്റാനുള്ള ബോധപൂർവമായ ശ്രമമാണ്. അതിന്റെ പിന്നിൽ പ്രവർത്തിച്ചത് ആരൊക്കെയാണെന്ന് കൃത്യമായി അന്വേഷണത്തിലൂടെ മനസിലാകുമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
സംഭവത്തിൽ പിടിയിലായ പ്രതിയുടെ ഫോൺ കോളടക്കം പരിശോധിക്കണം. അപകടത്തിനും മുൻപും ശേഷവും പ്രതി ആരെയൊക്കെ വിളിച്ചെന്നതിൽ വ്യക്തത വരണമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

